ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ജനസംഖ്യ കുറയുന്നത്! 14 കുട്ടികള്‍ക്ക് ജന്മം നല്‍കിയ മസ്‌ക്ക് പറയുന്നത് എല്ലാവരും കിണഞ്ഞ് പരിശ്രമിക്കണം എന്ന്; പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ധന നിരക്ക് കൂട്ടിയില്ലെങ്കില്‍ മനുഷ്യകുലം ഇല്ലാതാവും: ജനസംഖ്യാ വര്‍ദ്ധനവിനെതിരെ നിലപാട് എടുത്ത ഇന്ത്യ ഞെട്ടലില്‍
വാഷിങ്ടണ്‍: ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ജനസംഖ്യ കുറയുന്നതാണ് എന്നാണ് ഇപ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നത്. പതിനാല് കുട്ടികളുടെ പിതാവായ ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കും പറയുന്നത് ജനസംഖ്യ കുറയുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അത് കൊണ്ട് എല്ലാവരും ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി കിണഞ്ഞ്് പരിശ്രമിക്കണം എന്നുമാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വര്‍ദ്ധന നിരക്ക് കൂട്ടിയില്ലെങ്കില്‍ മനുഷ്യകുലം ത്ന്നെ ഇല്ലാതാകും എന്നാണ്.
നാല് സ്ത്രീകളിലായി 14 കുട്ടികളുള്ള മസ്‌ക്, അമേരിക്കയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ശിശു ജനനം മൂലമുണ്ടാകുന്ന ജനസംഖ്യാ തകര്‍ച്ചയെക്കുറിച്ച് വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കുകയാണ്. ഇതിനായി ഓരോ സ്ത്രീയും രണ്ട് കുട്ടികളെ എങ്കിലും പ്രസവിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതും വളരെ കുറവാണെന്ന് വാദിക്കുന്നവരും ഉണ്ട്. ഇലോണ്‍ മസ്‌ക്കും വര്‍ഷങ്ങളായി ജനസംഖ്യ കുറയുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ്.
അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും ജനസംഖ്യയില്‍ ഉണ്ടാകുന്ന ഇടിവ് എന്നാണ് മസ്‌ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജനനനിരക്ക് കുറയുന്നത് ഭാവിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്നും ഇതിന്റെ ഫലമായി കടബാധ്യതകളും സാമൂഹ്യമായ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ആക്കം കൂട്ടുമെന്നും മസ്‌ക്ക് ചൂണ്ടിക്കാട്ടിയിരുന്നു. ജനസംഖ്യ കുറയുന്നത് വികസിത രാജ്യങ്ങളുടെ സുസ്ഥിരതക്ക് വലിയ തോതിലുള്ള ഭീഷണി ഉയര്‍ത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടും ഉള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് 1960 കളില്‍ 5.3 ആയിരുന്നു എങ്കില്‍ 2023 ല്‍ അത് 2.3 ആയി കുറഞ്ഞു.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം റിപ്പബ്ലിക് ഓഫ് കൊറിയയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് ഉള്ളത്. വെറും 0.87 മാത്രം. നൈജറും ചാഡും ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോഴും ഫെര്‍ട്ടിലിറ്റി നിരക്ക് 5 ന് മുകളിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫെര്‍ട്ടിലിറ്റി നിരക്ക് വലിയ തോതില്‍ കുറഞ്ഞിരുന്നു. 2024 അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.408 ബില്യണായി കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 1.39 ദശലക്ഷത്തിന്റെ കുറവാണ്. ജനനനിരക്ക് കുറഞ്ഞുവരുന്ന ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവയുള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും സമാനമായ അവസ്ഥയിലാണ്. എന്നാല്‍ പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത് മസ്‌ക്കിന്റെ ആശങ്കകള്‍ അസ്ഥാനത്താണ് എന്നാണ്.