മുമ്പെല്ലാം പണം വാങ്ങിയത് വിശ്വസ്ത ഏജന്റുമാര്‍; തൃശ്ശൂരിലേക്ക് പോകുമ്പോള്‍ പണം നേരിട്ട് വാങ്ങാനുള്ള തീരുമാനം കുരുക്കായി; പല തവണ പണം വാങ്ങുന്നതിനുള്ള സ്ഥലം മാറ്റി കരുതല്‍; പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി തൃപ്പുണ്ണിത്തുറിയിലെ പ്രവാസി എത്തിയെങ്കിലും സ്വപ്ന വന്നില്ല; കൈക്കൂലിക്കാരി ജയിലില്‍ നിരാശയുടെ പടുകുഴിയില്‍; ആരോടും മിണ്ടാട്ടമില്ല; ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന് എടുത്തത് നാലുമാസം!
കൊച്ചി : കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയുടെ സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ കാറില്‍നിന്ന് പിടിച്ചെടുത്ത 45,000 രൂപ കൈക്കൂലിപ്പണമാണോയെന്നും അന്വേഷിക്കുന്നുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത സ്വപ്നയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്. ഗൗരവമുള്ള കുറ്റകൃത്യമായതിനാല്‍ സര്‍വീസ് ചട്ടപ്രകാരം തുടര്‍ശിക്ഷാനടപടി ആവശ്യപ്പെട്ട് തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും മേയര്‍ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേതന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മേയര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടത്. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് നടപടി. റിമാന്‍ഡിലായ സ്വപ്‌ന ജയിലില്‍ ആകെ തളര്‍ന്ന മാനസികാവസ്ഥയിലാണ്. ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും സഹ തടവുകാരുമായി ആശയ വിനിമയം തീരെ കുറവാണ്.
കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സമീപകാലത്ത് സ്വപ്ന അനുവദിച്ച പെര്‍മിറ്റുകളുടെ നിരവധി രേഖ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കെട്ടിടനിര്‍മാണ പെര്‍മിറ്റിന് സ്വന്തം കാറില്‍ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബുധനാഴ്ചയാണ് തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശി സ്വപ്ന, വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സ്വപ്നയുടെ മണ്ണുത്തിയിലെ വീട്, കൊച്ചിയിലെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പണം കിട്ടിയിട്ടില്ല. കണ്ടെടുത്ത രേഖകള്‍ പരിശോധിച്ചുവരുകയാണ്.
അറസ്റ്റ് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ. സ്വപ്നയ്‌ക്കെതിരേ വ്യാപകമായി പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് പറയുന്നു നാല് മാസത്തിലധികമായി വിജിലന്‍സ് സ്വപ്നയുടെ പിന്നാലെയായിരുന്നു. ഏജന്റുമാര്‍ വഴി പണം വാങ്ങുന്നതിനാല്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. വിജിലന്‍സ് സംസ്ഥാനതലത്തില്‍ തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. 2019-ല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് 2023-ല്‍ വൈറ്റില സോണല്‍ ഓഫീസിലെത്തി. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റാങ്ക് ആയതിനാല്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ പദവിയും കിട്ടി.
ഒടുവില്‍ എറണാകുളം സ്വദേശി അഞ്ചുനില കെട്ടിടം നിര്‍മിക്കുന്നതിന് പെര്‍മിറ്റ് തേടിയെത്തിയപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇവരെ കുടുക്കാനുള്ള പദ്ധതികള്‍ക്ക് വിജിലന്‍സ് രൂപം കൊടുത്തത്. കെട്ടിടം നമ്പരിട്ടു ലഭിക്കാന്‍ ജനുവരിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഓരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. ഒടുവില്‍ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കുവേണ്ടി പണം വാങ്ങാറുള്ളതെന്ന് വിജിലന്‍സ് പറയുന്നു. തൃശ്ശൂരിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു ഇവര്‍ തീരുമാനിച്ചത്. അതില്‍ത്തന്നെ പല തവണ ഇവര്‍ പണം വാങ്ങുന്നതിനുള്ള സ്ഥലം മാറ്റിക്കൊണ്ടിരുന്നു.
സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലന്‍സ് നല്‍കിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവില്‍ വൈറ്റില പൊന്നുരുന്നി പാലത്തിനടുത്തെത്താന്‍ നിര്‍ദേശിച്ചു. അവിടെയെത്തി പണം കൈമാറുന്നതിനിടെ വിജിലന്‍സ് സ്വപ്നയെ പിടികൂടുകയായിരുന്നു. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന, പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. അഞ്ചുനിലക്കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 5,000 രൂപ വീതം എന്ന നിലയ്ക്കായിരുന്നു പണം ചോദിച്ചിരുന്നത്. ഇതാണ് പിന്നീട് പരാതിക്കാരന്റെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചത്.
തൃപ്പൂണിത്തറ സ്വദേശിയും എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി ഉടമയുമാണ് പരാതിക്കാരന്‍. പ്രവാസിയായ ഇയാള്‍ പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറുകളും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായി ജനുവരി മാസം 30-നാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതിന് വേണ്ടിയാണ് കൈക്കൂലി ചോദിച്ചത്.