മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന് ഗള്‍ഫില്‍ അഴിക്കുള്ളിലായ ഷിഹാബ് ഷായുടെ വിശ്വസ്തയുടെ പരാതി; രാത്രിയില്‍ ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിഐ നിയാസ്; സൈബര്‍ പോലീസ് സിഐയ്ക്കെതിരായ തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത വിശകലനത്തിന്റെ പ്രതികാരം; മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

Update: 2025-05-05 16:49 GMT

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരെ വീണ്ടും കേരളാ പോലീസിന്റെ പ്രതികാരം. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയെ തിരുവനന്തപുരം സൈബര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് ഷാജന്‍ സ്‌കറിയയെ പോലീസ് കൊണ്ടു പോയത്. മാഹി സ്വദേശി ഗാന വിജയന്‍  നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സൈബര്‍ പോലീസിന്റെ സിഐ നിയാസാണ്. നിയാസുമായി ബന്ധപ്പെട്ടും ചില വാര്‍ത്തകള്‍ മറുനാടന്‍ പുറത്തു വിട്ടിരുന്നു.

കേന്‍സ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ നൂറു കണക്കിന് മലയാളികളെയും മറ്റു ഇന്ത്യക്കാരെയും കബളിപ്പിച്ച് കോടികള്‍ സ്വന്തമാക്കിയ അര്‍മാനി ക്ലിനിക് ചെയര്‍മാന്‍ ഷിഹാബ് ഷാക്കും ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് ഗാനവിജയനും എതിരെ കുരുക്ക് മുറുക്കി ദുബായിലും കേസുണ്ട്. ഈ കേസില്‍ ഷിഹാബ് ഷാ അറസ്റ്റിലാവുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗില്‍ ഗാനാ വിജനെതിരേയും പരാതികള്‍ ഉയര്‍ന്നു. അതാണ് മറുനാടന്‍ വാര്‍ത്തയായി നല്‍കിയത്.

നാട്ടുകാരെ കബളിപ്പിച്ചതിന് സമാനമായി യുഎഇയിലെ അറബ് വനിതയെയും തട്ടിപ്പില്‍ പെടുത്തിയതോടെ ആണ് ഇനിയൊരിക്കലും രക്ഷപ്പെടാനാകാത്ത വിധം നിയമ നടപടികളില്‍ കുരുങ്ങിയത്. അതോടൊപ്പം കേന്‍സ തട്ടിപ്പില്‍ ഇരയായ നിക്ഷേപകരും ദിനപ്രതി കേസുകളുമായി മുന്നോട്ട് വന്നതോടെ ഷിഹാബ് ഷായും സംഘവും പ്രതിസന്ധിയിലായി. ട്രാവല്‍ ബാന്‍ നിലനില്‍ക്കുന്നതിനാല്‍ യുഎഇയില്‍ കുടുങ്ങി. പിന്നീട് അറസ്റ്റും ചെയ്തു.

ഈ വിവാദത്തില്‍ കുടുങ്ങിയ ഗാനാ വിജയന്റെ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത്. മാര്‍ച്ചിലാണ് ഷിഹാബ് ഷാ ഗള്‍ഫില്‍ അറസ്റ്റിലാകുന്നത്. ഇതു സംബന്ധിച്ച് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. ഷിഹാബ് ഷായുടെ വിശ്വസ്തയാണ് ഗാനാ വിജയന്‍. സൈബര്‍ പോലീസ് സിഐ ആയിരുന്ന നിയാസിന്റെ ചില പ്രവര്‍ത്തികളേയും മറുനാടനിലൂടെ ഷാജന്‍ സ്‌കറിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ കൂടെ പ്രതികാരമാണ് ഇപ്പോള്‍ സിഐ തീര്‍ക്കുന്നത്.

ഷിഹാബ് ഷായുടെ അറസ്റ്റുമായി ബന്ധപ്പെട്ട് 2025 മാര്‍ച്ച് 19ന് മാതൃഭൂമി ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം

സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെന്‍ട്രല്‍ ജയിലില്‍. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അല്‍ ഐന്‍ ജയിലില്‍ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസില്‍ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ കെന്‍സ ഹോള്‍ഡിങ്, കെന്‍സ വെല്‍നസ് ഉടമയാണ് ഷിഹാബ് ഷാ. അര്‍മാനി ക്ലിനിക്, അര്‍മാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാള്‍ ഒട്ടേറെ പേരില്‍നിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകള്‍, റിസോര്‍ട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോര്‍ജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളേയും ഇയാള്‍ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഫെബ്രുവര്‍ 17-ന് ഷാര്‍ജയില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അബുദാബിക്ക് കൈമാറുകയായിരുന്നു. നിലവില്‍ അബുദാബിയിലെ അല്‍ ഐന്‍ സെന്‍ട്രല്‍ ജയിലിലാണ് ഷിഹാബ് ഷാ കഴിയുന്നതെന്നാണ് വിവരം.

യു.എ.ഇയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രവാസി മലയാളികളും സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കിഎന്നിവിടങ്ങളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വില്ലകള്‍ കാണിച്ച് നിക്ഷേപം സ്വീകരിക്കുക, ഇടയ്ക്കുവെച്ച് ആ പദ്ധതി ഉപേക്ഷിച്ച് അതേ സ്ഥലത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് അതിലേക്ക് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതി. യു.എ.ഇയിലെ മലയാളി സമൂഹത്തില്‍നിന്ന് മാത്രം 200 കോടിയോളം രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് വിവരം.

വയനാട്ടിലെ തട്ടിപ്പിന്റെ ഇരകള്‍ പ്രവാസി മലയാളികള്‍

വയനാട്ടിലെ പദ്ധതികളുടെ പേരില്‍ തട്ടിപ്പിനിരയാക്കപ്പെട്ടവരില്‍ ഏറെയും പ്രവാസി മലയാളികള്‍ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ കേരള പോലീസ് നാളുകള്‍ക്ക് മുമ്പേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഷിഹാബ് ഷാ കേരളത്തിലേക്ക് വന്നിട്ടില്ല.

2015-ലാണ് ബാണാസുര സാഗര്‍ ഡാമിന് സമീപത്ത് റോയല്‍ മെഡോസ് എന്ന ടൂറിസം പദ്ധതി പ്രഖ്യാപിച്ച് നിക്ഷേപം സ്വീകരിക്കുന്നത്. ഡാമിന് സമീപത്ത് വില്ലകള്‍ പണിത് കമ്പനി തന്നെ അവ വാടകക്കെടുത്ത് നിക്ഷേപകര്‍ക്ക് 25,000 രൂപ പ്രതിമാസം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തില്‍ 40 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ഓരോ വില്ലകള്‍ക്കും വേണ്ടി മലയാളി പ്രവാസികള്‍ നിക്ഷേപിച്ചു. പിന്നീട് ഇവിടെ ടൂറിസം പദ്ധതി നടപ്പായില്ല. വില്ലകള്‍ പണിതു. പക്ഷെ, പദ്ധതി നടപ്പിലാകാതെ മൂന്നര സെന്റ് സ്ഥലവും ഒരു വില്ലയും കിട്ടിയതു കൊണ്ട് പ്രവാസികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനവും ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ഇവരില്‍ പലരും കേസിന് പോയി.

2019-ല്‍ വീണ്ടും ഇതേസ്ഥലത്ത് മറ്റൊരു പദ്ധതിയുമായി ഇയാള്‍ രംഗത്ത് വന്നു. ആയുര്‍വേദ ആശുപത്രി തുടങ്ങുന്നുവെന്ന് പറഞ്ഞ് പുതിയൊരു പദ്ധതി പ്രഖ്യാപിച്ചു. ഇതിലേക്കും നിക്ഷേപം സ്വീകരിച്ചു. ഇതിന് വേണ്ടി രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. എന്നാല്‍, ഇത് പൂര്‍ണ്ണമായും വയനാട്ടിലെ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള കെട്ടിടങ്ങളായിരുന്നു. അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പോലും ലഭിച്ചില്ല. പഞ്ചായത്ത് കെട്ടിടങ്ങളുടെ ഒക്ക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യുകയും ചെയ്തു. ആ പദ്ധതിയും അങ്ങനെ മുടങ്ങി. ഈ രണ്ട് പദ്ധതികളിലായി പണം നിക്ഷേപിച്ച പ്രവാസികളും തട്ടിപ്പിനിരയായി. അവര്‍ നല്‍കിയ സിവില്‍ കേസുകള്‍ പലതും സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ കോടതികളിലും നിലവിലുണ്ട്.

Tags:    

Similar News