മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാന്‍ കോണ്‍ഗ്രസ്; എഐസിസിക്കും പരാതി ലഭിച്ചതോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം; കോടതിവിധിക്കൊപ്പം പാലക്കാട് എംഎല്‍എയുടെ രാഷ്ട്രീയ ഭാവിയും തീരുമാനമാകും; പുതിയ തെളിവുകളുമായി പ്രോസിക്യൂഷന്‍ കോടതിയിലെത്തുമോ?
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാന്‍ കോണ്‍ഗ്രസ്; എഐസിസിക്കും പരാതി ലഭിച്ചതോടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ യുവ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് വിധിദിനം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍ ഇന്ന് വിധിയുണ്ടാകും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് വാദം കേട്ടാകും വിധി. ഇന്നലെ വിശദമായി വാദം കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ തെളിവുകള്‍ ഹാജറാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജറാക്കുമോ എന്നാണ് അറിയേണ്ടത്.
ഇന്നലെ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷന്‍ കോടതിയിലെ അടച്ചിട്ട മുറിയില്‍ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പരാതിക്ക് പിന്നില്‍ സി പി എം - ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ വാദം. തന്റെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗര്‍ഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്റെ വാദം.
വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. നിലവില്‍ 8 ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പ് പറഞ്ഞില്ല.
ഇന്ന് കേസില്‍ വിധി വരുമ്പോള്‍ രാഹുലിന്റ രാഷ്ട്രീയ ഭാവിയും തീരുമാനമാകും. എഐസിസി അധ്യക്ഷനടക്കം പുതിയ പരാതിലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുലിനെ കോണ്‍ഗ്രസ് കൈവിടും. മറ്റൊരു ബലാത്സംഗ കേസ് കൂടി എത്തിയതോടെ ഇനിയും രാഹുലിനെ സംരക്ഷിക്കുക അസാധ്യമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്ക് ധാരണയായിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൂടിയാലോചന നടത്തിയിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം. ഹസന്‍ എന്നിവരോടെല്ലാം അഭിപ്രായം തേടി. പുറത്താക്കണമെന്നാണ് നേതാക്കള്‍ അറിയിച്ചത്. ഇതനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ വേണുഗോപാല്‍ അറിയിക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ സണ്ണി ജോസഫും നേതാക്കളുമായി കൂടിയാലോചന നടത്തി. രാഹുല്‍ ചെയ്തതിന്റെ പാപഭാരം പേറുകയും പഴികേള്‍ക്കുകയും ചെയ്യേണ്ട ആവശ്യം കോണ്‍ഗ്രസിനില്ലെന്ന അഭിപ്രായമാണ് എല്ലാ നേതാക്കളും പങ്കുവെച്ചത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടനെ നടപടി പ്രഖ്യാപിക്കും. ജാമ്യാപേക്ഷയില്‍ കോടതി തീരുമാനംവരുംവരെ കാത്തിരിക്കണോയെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപാ ദാസ്മുന്‍ഷിയും, രാഹുലിനെതിരേ കര്‍ശനനടപടി വേണമെന്ന നിലപാടിലാണ്. രാഹുലിനെതിരേയുള്ള ആരോപണത്തിന്റെ പേരില്‍ പാര്‍ട്ടി ചോദ്യങ്ങള്‍ നേരിടുന്ന സ്ഥിതിയുണ്ടാകരുതെന്ന അഭിപ്രായം അവര്‍ സണ്ണി ജോസഫിനെ അറിയിച്ചിട്ടുണ്ട്.
ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ കുറ്റം പ്രഥമദൃഷ്ട്യാ കോടതി അംഗീകരിക്കുന്നതിന് തുല്യമാണ്. അത് സംഘടനാനടപടി സ്വീകരിക്കുന്ന കാര്യത്തിലും ഉചിതമായ ഒരു സാഹചര്യമാണെന്ന അഭിപ്രായം എല്ലാവരും അംഗീകരിക്കുകയാണ് ചെയ്തത്. ആരോപണം വന്നപ്പോള്‍ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ്ചെയ്തതാണ്. കെപിസിസിക്ക് ലഭിച്ച പരാതി ഉടനടി പോലീസിന് കൈമാറിയത് കോണ്‍ഗ്രസ് രാഹുലിനൊപ്പമില്ലെന്ന് ഉറപ്പിക്കുന്ന നടപടിയായി. പുറത്താക്കുന്നതോടെയേ അത് പൂര്‍ത്തിയാകൂവെന്നാണ് നേതാക്കള്‍ അറിയിച്ചത്.
രാഹുലിനെതിരായ കൂടുതല്‍ നടപടി പാര്‍ട്ടി ആലോചിച്ചശേഷം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുമളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്താക്കാന്‍ ധാരണയായെങ്കിലും കോടതി വിധി കേള്‍ക്കണമെന്ന നിലയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തുകയായിരുന്നു. അച്ചടക്ക നടപടി നീളുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കള്‍ കൂടിയാലോചിച്ചാകും രാഹുലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എം എല്‍ എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ലെന്നും സൂചനയുണ്ട്.
