വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഔട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും ഇന്‍; ദീപദാസ് മുന്‍ഷി അതൃപ്തി അറിയിച്ചതോടെ അതിവേഗ നീക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കും; അച്ചടക്ക നടപടി കെപിസിസി പ്രസിഡന്റ് ഹൈക്കമാന്‍ഡിനെ അറിയിച്ചു; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ പ്രഖ്യാപനം ഉടന്‍; ഇനി പാര്‍ട്ടിയിലേക്ക് തിരിച്ച് വരവില്ലെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ശക്തമായ നടപടിയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് സൂചന.
രാഹുലിനെ പുറത്താക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ഉന്നയിച്ചിരുന്നു. കെ. മുരളീധരനടക്കമുള്ള പല നേതാക്കളും കഴിഞ്ഞദിവസങ്ങളില്‍ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ വിഷയം കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാമെന്ന തീരുമാനത്തിലെത്തിയത്.
അതേസമയം, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമുള്ള കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കെയാണ് നിര്‍ണായക നീക്കം. അടച്ചിട്ട കോടതിയില്‍ നടന്ന വാദം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം വിധി പറയാനായി മാറ്റിവെച്ചത്.
കഴിഞ്ഞദിവസം നടന്ന വാദത്തില്‍ അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കിയപ്പോള്‍ അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളെയാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്‌സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഹര്‍ജിയില്‍ വിധിയുണ്ടാകുംവരെ രാഹുലിനെ അറസ്റ്റുചെയ്യരുതെന്ന ആവശ്യത്തിലും കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും.