സ്വപ്നം കാണുവാന്‍ പഠിപ്പിച്ചത് അച്ഛനാണ്; ഡയാലിസിസ് കിടക്കയില്‍ നിന്ന് അച്ഛന്‍ പകര്‍ന്നു തന്നത്ര ഊര്‍ജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നല്‍കാനായിട്ടില്ല; ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു; തൃശ്ശൂര്‍ കലക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍
സ്വപ്നം കാണുവാന്‍ പഠിപ്പിച്ചത് അച്ഛനാണ്
തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയുടെ പുതിയ കളക്ടറായി ശിഖ സുരേന്ദ്രന്‍ ചുമതലയേറ്റത് കഴിഞ്ഞ ദിവസമാണ്. നിലവിലെ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട്ടേക്ക് സ്ഥലംമാറി പോയതോടെയാണ് ശിഖ സുരേന്ദ്രന്‍ കളക്ടറായി എത്തിയത്. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് കളക്ടറായി ചുമതലയേറ്റത്.
അര്‍ജുന്‍ പാണ്ഡ്യനും കൃഷ്ണതേജയ്ക്കും മുന്‍പ് കളക്ടറായിരുന്ന ഹരിത വി കുമാറിനുശേഷം കളക്ടറായി വീണ്ടും ഒരു വനിത. ശിഖാ സുരേന്ദ്രന്റെ ഭര്‍ത്താവ് അനൂപ് അച്യുതന്‍ തിരുവനന്തപുരത്ത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനാണ്. അമ്മ സിലോ, മകള്‍ സാന്‍വി ശങ്കരി, സഹോദരി നിവ സുരേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ശിഖ സുരേന്ദ്രന്‍ ചുമതലയേല്‍ക്കാന്‍ എത്തിയത്.
ചുമതലയേറ്റ ശേഷം ശിഖ ഫേസ്ബുക്കില്‍ പങ്കവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ടാണ് ആ കുറിപ്പ്. സ്വപ്നം കാണുവാന്‍ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ആയി ചാര്‍ജ് എടുത്തപ്പോള്‍, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയില്‍ നിന്ന് അച്ഛന്‍ പകര്‍ന്നു തന്നത്ര ഊര്‍ജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നല്‍കാനായിട്ടില്ലെന്നും ശിഖ കുറിക്കുന്നു.
ശിഖ സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:
സ്വപ്നം കാണുവാന്‍ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ആയി ചാര്‍ജ് എടുത്തപ്പോള്‍, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയില്‍ നിന്ന് അച്ഛന്‍ പകര്‍ന്നു തന്നത്ര ഊര്‍ജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നല്‍കാനായിട്ടില്ല. കണ്ണുകള്‍ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നില്‍ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എന്റെ ഊര്‍ജ്ജം.
ചാര്‍ജ് എടുക്കുവാന്‍ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാല്‍ തൊട്ടു തൊഴുതപ്പോള്‍, അമ്മ വിതുമ്പിയതിന് കാരണം അച്ഛന്റെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറില്‍ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛന്‍ രോഗബാധിതനായപ്പോള്‍ ഏതാണ്ട് ഇരുപത് വര്‍ഷം ഞങ്ങള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയില്‍ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുവാനോ, പഠനത്തിലെ സംശയങ്ങള്‍ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവില്‍ സര്‍വീസ് കോച്ചിങ്ങിന് കുടുംബശ്രീയില്‍ നിന്നും ,സഹകരണ ബാങ്കില്‍ നിന്നും ലോണെടുത്ത് പഠിപ്പിക്കാന്‍ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോള്‍ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളില്‍ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാന്‍ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോള്‍ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോള്‍ , തോല്‍ക്കും എന്ന് ഭയന്നിരിക്കുമ്പോള്‍ , എല്ലാം- തന്റെ മകള്‍ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.
2018 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ശിഖ സുരേന്ദ്രന്‍. മുന്‍പ് ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണറായി തൃശൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയുടെ ചുമതലയേല്‍ക്കുന്ന 48ാം കലക്ടറാണ്. 2023ല്‍ സ്ഥലം മാറിപ്പോയ ഹരിത വി.കുമാറിനു ശേഷം ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന വനിതാ കലക്ടറുമാണ് ശിഖ. എറണാകുളം കോലഞ്ചേരി വടയമ്പാടി സ്വദേശിയായ ശിഖ സുരേന്ദ്രന്‍ 2018ല്‍ 16ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയത്. ദേശീയതലത്തില്‍ 16ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും.
2019 മേയില്‍ കോട്ടയം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2020 സെപ്റ്റംബറില്‍ കൊല്ലം സബ് കലക്ടര്‍. 2021ല്‍ ഒറ്റപ്പാലം സബ് കലക്ടറായി ചുമതലയേറ്റു. പിന്നീട് ആരോഗ്യകുടുംബക്ഷേമ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറിയും കേരള ലൈഫ് മിഷന്‍ സിഇഒയുമായി. കോലഞ്ചേരി സെന്റ് പോള്‍സ് സ്‌കൂള്‍, സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍, കടയിരുപ്പ് ഗവ.എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു പഠനം. പ്ലസ്ടുവില്‍ മലയാളത്തില്‍ മുഴുവന്‍ മാര്‍ക്കും (100) നേടിയിരുന്നു. കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജില്‍ നിന്നു മികച്ച വിദ്യാര്‍ഥിക്കുള്ള മെഡലോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. തുടര്‍ന്ന് മലയാളം പ്രധാന വിഷയമായി തിരഞ്ഞെടുത്താണ് സിവില്‍ സര്‍വീസ് എഴുതിയത്.
