എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൈറ്റും ഓഫാക്കി; മറുനാടന്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടത്തിയ വന്‍ ഗൂഡാലോചന; അങ്ങനെ പിണറായി വിജയന്‍ 'അതും നേടി'! ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിലൂടെ കേരളാ പോലീസ് നല്‍കുന്നത് പ്രതികാരത്തിന്റെ സന്ദേശം
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിലൂടെ കേരളാ പോലീസ് നല്‍കുന്നത് പ്രതികാരത്തിന്റെ സന്ദേശം
തിരുവനന്തപുരം: കേരളാ പോലീസിന്റെ എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പൊതു ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിന് സൈറ്റുമുണ്ട്. കേരളാ പോലീസിന്റെ സൈറ്റിലൂടെയും തുണാ സൈറ്റിലൂടേയും എഫ് ഐ ആറുകള്‍ പൊതു ജനങ്ങള്‍ക്ക് കാണാം. പക്ഷേ ഈ സംവിധാനമൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അതായത് മേയ് അഞ്ചിന് രാത്രി പത്തേകാലിന്. എന്തുകൊണ്ടാണ് അതെന്ന് ആര്‍ക്കും അറിയില്ല. ഒരു രാത്രിയെങ്കിലും ഷാജന്‍ സ്‌കറിയയെ പോലീസ് സ്റ്റേഷനില്‍ ഇരുത്താനുള്ള വ്യക്തമായ ഗൂഡാലോചനയാണ് ഇതെല്ലാം.
രാത്രി വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടു പോയ പോലീസ് പറയുന്നത് ഗാനാ വിജയന്റെ പരാതിയുടെ പേരിലാണ് അറസ്റ്റെന്നാണ്. എന്നാല്‍ രേഖാ മൂലം എഫ് ഐ ആര്‍ പോലും നല്‍കിയില്ല. നിയമ പ്രകാരം ചെയ്യേണ്ടതൊന്നും ചെയ്യാതെയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി മുമ്പോട്ട് വച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനം. കളങ്കിതരായ ഒരു കൂട്ടം പോലീസുകാര്‍ നടത്തിയ ഗൂഡാലോചന. ഗാനാ വിജയനാണ് പരാതിക്കാരിയെങ്കില്‍ ഗള്‍ഫിലെ നിയമ നടപടികള്‍ പോലും പോലീസ് പരിശോധിച്ചില്ല. വെറുതെ ഒരു അറസ്റ്റ്. അങ്ങനെ അതും നേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിഴിഞ്ഞം ഉദ്ഘാടന സമയത്ത് പിണറായി പറഞ്ഞത് അതും നമ്മള്‍ നേടി എന്നായിരുന്നു. ഷാജന്‍ സ്‌കറിയയെ ഒരു രാത്രിയെങ്കിലും പോലീസ് കസ്റ്റഡിയില്‍ വയ്ക്കാനുള്ള പല നീക്കങ്ങളും നീതി പീഠത്തിന്റെ ഇടപെടല്‍ കാരണം പൊളിഞ്ഞിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് നിര്‍ണ്ണായക നീക്കം പോലീസ് രാത്രിയില്‍ നടത്തിയത്. ഒരു വിവരവും ആര്‍ക്കും പറഞ്ഞു കൊടുക്കാതെ കോടതിയെ പോലും സമീപിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കും വിധമാണ് നീക്കങ്ങള്‍. കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് പോലും പരിഗണന നല്‍കുന്ന കരുതലാണ് പിണറായി പോലീസിന്റേത്. പക്ഷേ സത്യസന്ധമായ വാര്‍ത്ത കൊടുത്തതിന് ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യുന്നുവെന്നതാണ് വിചിത്രം.
അതിനിടെ അറസ്റ്റ് ഗാനാ വിജയന്റെ പരാതിയിലാണെന്ന് ദേശാഭിമാനി സ്ഥിരീകരിച്ചിട്ടുണ്ട്. : മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിയായ ഘാന വിജയന്‍ നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരമെന്നും ദേശാഭിമാനി പറയുന്നു. ഗാനാ വിജയന്റെ പേര് തെറ്റിച്ചാണ് ദേശാഭിമാനി കൊടുത്തത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് എന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്. കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് അല്‍പസമയം മുന്‍പ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. അതിനാല്‍ തന്നെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് ജാമ്യത്തിന് അപേക്ഷിക്കാനാവൂ. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്-ഇതാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത. അതായത് രാത്രിയില്‍ സ്റ്റേഷനില്‍ ഇരുത്താനായിരുന്നു ഈ നാടകം എന്ന് ഏഷ്യാനെറ്റ് ന്യൂസിന് മനസ്സിലായിട്ടുണ്ട്.