വേടനെതിരെ ശ്രീലങ്കന്‍ ബന്ധം അടക്കമുള്ള അനാവശ്യ പരാമര്‍ശങ്ങള്‍; സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പരസ്യമാക്കി;പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസര്‍ക്ക് സ്ഥലംമാറ്റം; മലയാറ്റൂര്‍ ഡിവിഷനു പുറത്തേക്ക് മാറ്റി വനംമന്ത്രിയുടെ ഉത്തരവ്
വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസര്‍ക്ക് സ്ഥലംമാറ്റം. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് റേഞ്ച് ഓഫിസര്‍ അധീഷീനെ സ്ഥലം മാറ്റിയത്. റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് വനംമന്ത്രി പറഞ്ഞു.
പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്‌മെന്റ്കള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
നേരത്തെ, വേടനെതിരെ കേസെടുത്തതിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമാണ് വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്. വേടനെതിരെ വനംവകുപ്പ് സ്വീകരിച്ച നടപടികളില്‍ തെറ്റില്ല. എന്നാല്‍, ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയതിലും ഗുരുതര വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പുലിപ്പല്ല് കൈവശം വെച്ചു എന്ന പരാതിയില്‍ വേടനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് വനം മേധാവിയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഷെഡ്യൂള്‍ ഒന്നു പ്രകാരം അതീവ സംരക്ഷിത വന്യജീവിയാണ് പുലി. അതിന്റെ ശരീരഭാഗങ്ങള്‍ കൈവശംവെച്ചു എന്ന് പ്രാഥമികമായി തെളിഞ്ഞാല്‍ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.
വനം ഫ്‌ലൈയിങ് സ്‌ക്വാഡ്, കണ്‍ട്രോള്‍റൂം എന്നിവിടങ്ങളിലും പൊലീസിനും പുലിപ്പല്ല് സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. പരിശോധനയില്‍ പുലിപ്പല്ല് കണ്ടെത്തുകയും ചെയ്തു. ഇനി പുലിപ്പല്ലാണോ എന്ന് ശാസ്ത്രീയ പരിശോധനക്ക് വിടേണ്ടത് കോടതിയാണ്. ഇക്കാര്യങ്ങളും വനം മേധാവി വിശദീകരിച്ചിട്ടുണ്ട്. പക്ഷേ, ശ്രീലങ്കന്‍ ബന്ധം ആരോപിച്ചതും പുലിപ്പല്ല് കൈമാറിയ വ്യക്തിയെ കുറിച്ച് മാധ്യമങ്ങളോട് വനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതും ശരിയായില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. തീര്‍ത്തും അനുചിതമാണ് ഈ നടപടികളെന്ന വിമര്‍ശനമാണ് വനം മേധാവി രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടിലുള്ളത്.
പൊതു ജനാഭിപ്രായം തീര്‍ത്തും എതിരായതോടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയത്. അറസ്റ്റിനും തുടര്‍ന്ന് വിഷയം ചാനലുകള്‍ക്കു മുന്നില്‍ കൊണ്ടു വരുന്നതിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യ തിടുക്കം കാണിച്ചതായാണ് നിഗമനം. അറസ്റ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ വനംവകുപ്പ് പ്രതിരോധത്തിലായിരുന്നു. കോടനാട് വനം വകുപ്പ് ഓഫിസാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലായത്. കഞ്ചാവ് കേസില്‍ എക്‌സൈസ് സ്വീകരിച്ച നിയമാനുസൃത നടപടികള്‍ക്കു പുറമെ വനം വകുപ്പ് കൈക്കൊണ്ട നടപടികള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.
കഞ്ചാവ് കേസില്‍ വേടന്‍ അറസ്റ്റിലായി നിയമ നടപടികള്‍ സാധാരണ രീതിയില്‍ പോകുന്നതിനിടെയാണ് കഴുത്തിലണിഞ്ഞത് പുലിപ്പല്ലാണെന്ന തീര്‍പ്പിലെത്തിയ വനം വകുപ്പ് കേസെടുത്തത്. അതിനിടെ വേടന്റെ മാതാവ് ശ്രീലങ്കന്‍ വേരുകളുള്ള അഭയാര്‍ഥിയാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. സമാന സ്വഭാവമുള്ള കേസുകളില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നടപടിയും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.
ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടന്‍ ധരിച്ചിരുന്ന മാലയിലെ രൂപം കാണുന്നതും പുലിപ്പല്ല് എന്ന സംശയത്തില്‍ വനംവകുപ്പിനെ വിവരം അറിയിക്കുന്നതും. ലഹരി കേസില്‍ അറസ്റ്റിലായി ഉടന്‍ തന്നെ ജാമ്യം ലഭിച്ചെങ്കിലും പിന്നാലെ വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തു. വന്യമൃഗവേട്ട, അനധികൃതമായി വന്യമൃഗങ്ങളുടെ ഭാഗങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു.
എന്നാല്‍ ഒരു സംഗീത പരിപാടിക്കിടെ ശ്രീലങ്കന്‍ വംശജനായ ആരാധകന്‍ തന്നതാണ് പുലിപ്പല്ല് എന്നായിരുന്നു വേടന്‍ വ്യക്തമാക്കിയത്. എന്നാല്‍ പുലിപ്പല്ല് ശാസ്ത്രീയ പരിശോധന പോലും നടത്താതെ വേടനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ഇക്കാര്യങ്ങള്‍ പരസ്യമാക്കുകയും ചെയ്തു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കിയില്‍ നടന്ന 'എന്റെ കേരളം' പരിപാടിയുടെ സമാപന വേദിയില്‍ വേടന്‍ സംഗീതനിശ അവതരിപ്പിക്കുകയും ചെയ്തു.
അതേസമയം, അറസ്റ്റിനും കേസിനും ജാമ്യത്തിനും പിന്നാലെ വേടന്‍ എന്ന ഹിരണ്‍ ദാസ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് ഇടുക്കിയില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എപ്പോഴത്തെയും പോലെ വലിയ ആരാധക കൂട്ടം തന്നെ വേടന്റെ പാട്ട് കേള്‍ക്കാന്‍ വേദിയ്ക്ക് ചുറ്റും അണിനിരക്കുകയും ചെയ്തു. പരിപാടിയ്ക്ക് ഇടയില്‍ വേടന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു.
താന്‍ എഴുതുന്ന വരികളില്‍ പതിരില്ലെന്നും പാട്ടും പറച്ചിലും തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും വേടന്‍ പറഞ്ഞു. എന്റെ വരികളില്‍ പതിരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്ക് ചെയ്യാന്‍ പറ്റുന്നൊരു കാര്യം പോരാടിക്കൊണ്ടേയിരിക്കുക എന്നതാണ്. പഠിക്കുക, അധികാരം കയ്യിലെടുക്കുക, ജനങ്ങള്‍ക്ക് വേണ്ടി മിണ്ടുക അത്രമാത്രമെ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ. എന്റെ പണി ഞാന്‍ ചെയ്യുന്നു. ജനങ്ങളോട് ഒരുപാട് നന്ദിയുണ്ട്. ഈ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും എനിക്ക് നന്ദിയുണ്ടെന്നും വേടന്‍ പറഞ്ഞു.