വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി; മതം തിരഞ്ഞുള്ള ഭീകരാക്രമണത്തിന് മറുപടി ഭാരതീയ സംസ്‌കാരത്തിലൂന്നി: പാക് ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയിങ്ങനെ
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പഹല്‍ഗാം തിരിച്ചടിയ്ക്ക് ഇന്ത്യ നല്‍കിയത് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര്. പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പുരുഷ ജീവനുകളാണ് ഭീകരര്‍ എടുത്തത്. അവിടെ മാഞ്ഞത് 25 പേരുടെ സിന്ദുരമായിരുന്നു. വിവാഹം കഴിഞ്ഞ ദിവസങ്ങള്‍ മാത്രമായ യുവതിയുടെ കണ്ണീരടക്കം വീണു. അങ്ങനെ 26 പേരെ വിധവകളാക്കി മാറ്റിയ പാക്കിസ്ഥാന്‍ ക്രൂരത. പാവപ്പെട്ട കാശ്മീരി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട ലോകത്തെ നടുക്കി ആഗോള ഭീകരതയുടെ കറുത്തമുഖമായി പഹല്‍ഗാം മാറി. അവിടെ തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടിയായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍'. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ വരെ ആ പ്രതികാരം മിസൈലായി പതിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിച്ച പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു ആക്രമണങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഭീകരരെ അയയ്ക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. പഹല്‍ഗാമിലെ സ്തീകളുടെ കണ്ണീര്‍ വീഴുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ പുരുഷന്മാരെ മാത്രം ആക്രമിച്ചത്.
പാക്കിസ്ഥാനിലെ തിരിച്ചടിയ്ക്ക് വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടിയെന്ന സൂചനകള്‍ സൈന്യവും നല്‍കുന്നുണ്ട്. മതം തിരഞ്ഞുള്ള ഭീകരാക്രമണത്തിന് മറുപടി ഭാരതീയ സംസ്‌കാരത്തിലൂന്നിയെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. പാക് ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയും അങ്ങനെ ചര്‍ച്ചയാവുകയാണ്. നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചു. പാക്കിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു. പഹല്‍ഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം പാക്കിസ്താന്‍ സ്ഥിരീകരിച്ചു. പാക് അധീനിവേശ കാശ്മീരില്‍ മാത്രമല്ല പാക്കിസ്ഥാനിലും തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയാണ് ഓപ്പറേഷന്‍ സിന്ദുറിലൂടെ വീണ്ടും ഇന്ത്യ.
പാക്കിസ്ഥാനിലും പാക് അധീന കാഷ്മീരിലും ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ലഷ്‌കറെ തൊയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളുടെ കേന്ദ്രങ്ങളെ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട ദൗത്യത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ലഷ്‌കറെ തൊയിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിന് പിന്നാലെ നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കര-വ്യോമസേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. കൂടാതെ, അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി. ഇന്ത്യ അതിര്‍ത്തിയിലും അതീവ ജാഗ്രതയിലാണ്.
പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തി മേഖലകളിലെ വിമാനത്താവളങ്ങള്‍ അടച്ച് ഇന്ത്യ കരുതല്‍ ശക്തമാക്കി. ധര്‍മശാല, ലേ, ശ്രീനഗര്‍, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. നിലവിലെ പ്രതിസന്ധി മറ്റ് സ്ഥലങ്ങളിലെ വിമാനത്താവളങ്ങളെ ബാധിക്കില്ലെന്നാണ് സൂചന. അതേസമയം, ധര്‍മശാല, ലേ, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ഇവിടേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ സ്‌പൈസ് ജെറ്റുമായി ബന്ധപ്പെടണമെന്നും കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യണമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
ധര്‍മശാല, ലേ, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോയും അറിയിച്ചു. ഈ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരും ഇവിടെ നിന്നും യാത്ര പുറപ്പെടാന്‍ ഒരുങ്ങുന്നവരും ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും വ്യക്തമാക്കി.