സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈകിട്ട് നാലിന് മോക് ഡ്രില്‍; ഡ്രില്‍ സംഘടിപ്പിക്കുന്നത് തിരക്കേറിയ സ്ഥലങ്ങളില്‍; ചുമതല അഗ്‌നിശമന സേനയ്ക്ക്: മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത് ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന്
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ മോക് ഡ്രില്‍ ഇന്ന് വൈകിട്ട് നാലിന്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈകിട്ട് നാലിന് മോക് ഡ്രില്‍ നടക്കും. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഏതു സാഹചര്യത്തെയും നേരിടാന്‍ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനുള്ള മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് നാലിനാണ് മോക്ഡ്രില്‍ നടക്കുക. തിരക്കേറിയ സ്ഥലങ്ങളിലാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുക. വ്യോമസേനയാണ് മോക് ഡ്രില്ലിന് നിര്‍ദേശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകളിലേക്ക് വ്യോമസേന നല്‍കുന്ന സന്ദേശത്തെ തുടര്‍ന്നായിരിക്കും സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാകുന്നത്.
അഗ്‌നിശമന സേനയ്ക്കാണു ഡ്രില്ലിന്റെ ചുമതല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കലക്ടര്‍ കണ്‍ട്രോളിങ് ഓഫിസറായും ജില്ലാ ഫയര്‍ ഓഫിസര്‍ നോഡല്‍ ഓഫിസറായും പ്രവര്‍ത്തിക്കും. എയര്‍ വാണിങ് ലഭിക്കുന്നതോടെ ജില്ലാ ആസ്ഥാനങ്ങളില്‍ സൈറണ്‍ മുഴങ്ങും. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍ എന്നിവയുള്‍പ്പെടെ തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ഡ്രില്‍ സംഘടിപ്പിക്കുക. അമച്വര്‍ റേഡിയോ സ്റ്റേഷനുകള്‍ (ഹാം റേഡിയോ), മാധ്യമങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ആശയവിനിമയം ശക്തമാക്കും. അടിയന്തിര സാഹചര്യത്തില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള ഡ്രില്ലും ഇതിന്റെ ഭാഗമായി നടക്കും.
മോക്ക് ഡ്രില്‍ സംബന്ധിച്ച് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍:
* ദീര്‍ഘമായ സൈറണ്‍ അപായ മുന്നറിയിപ്പാണ്. സുരക്ഷിതമാണെന്ന സൂചനയാണു ചെറിയ സൈറണ്‍.
* ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കണം.
* സ്‌കൂളുകളിലും ബേസ്മെന്റുകളിലും കമ്യൂണിറ്റി ഹാളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകള്‍ തയാറാക്കണം.
* റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും മോക്ക് ഡ്രില്‍ വാര്‍ഡന്‍മാരെ നിയോഗിക്കണം.
* മോക്ക് ഡ്രില്‍ സമയത്ത് വീടുകളിലെ വെളിച്ചം ഓഫാക്കണം (ബ്ലാക്ക് ഔട്ട്). കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. വീടുകളില്‍ നിന്ന് വെളിച്ചം പുറത്തുപോകാതിരിക്കാന്‍ ജനലുകളില്‍ കട്ടിയുള്ള കാര്‍ഡ്‌ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കുക.
* വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്ത് അവിടേക്കു മാറുക.
* ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കരുത്.
* ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങള്‍ ഓഫാക്കുക.