മരണം താണ്ടി യദു എത്തിയത് അശ്വതിയെ താലി ചാര്‍ത്തി സ്വന്തമാക്കാന്‍; വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുന്‍പ് അപകടം: യദു വിനു വേണ്ടി കരുതലും സ്‌നേഹവുമായി അശ്വതി കാത്തിരുന്നത് മൂന്നു വര്‍ഷം

മരണം താണ്ടി യദു എത്തി; അശ്വതിയെ താലി ചാര്‍ത്തി സ്വന്തമാക്കാന്‍

Update: 2025-05-07 02:16 GMT

പത്തനംതിട്ട: മൂന്ന് ദിവസം കഴിഞ്ഞുള്ള വിവാഹനിശ്ചയത്തിന്റെ സന്തോഷത്തിലായിരുന്നു യദുവും അശ്വതിയും. അത്രമേല്‍ കൊതിച്ച ഒരു ദിവസത്തിനു വേണ്ടിയുള്ള ഇരുവരുടേയും കാത്തിരിപ്പ്. എന്നാല്‍ ഇരുവരുടേയും സന്തോഷവും ഒന്നിച്ചുള്ള ജീവിത സ്വപ്‌നവും തകര്‍ത്ത് വാഹനാപകടം യദുവിനെ ആശുപത്രി കിടക്കയിലാക്കി. മരണത്തിന്റെ വക്കോളം യദു എത്തി. എന്നാല്‍ പ്രാര്‍ത്ഥനയും നേര്‍ച്ചകളുമായി അശ്വതി യദുവിനായി കാത്തിരുന്നു. ഒടുവില്‍ വിവാഹ നിശ്ചയത്തിന് മൂന്നു ദിവസം മുന്‍പുണ്ടായ അപകടം താളംതെറ്റിച്ച ജീവിതം മൂന്ന് വര്‍ഷത്തിന് ശേഷം തിരികെപ്പിടിച്ചിരിക്കുകയാണ് ഇരുവരും.

യദു മരണക്കിടക്കടിയില്‍ കിടന്നിട്ടും പ്രതീക്ഷയോടെയുള്ള അശ്വതിയുടെ കാത്തിരിപ്പാണ് യദുവിനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. ഇരുവരുടേയും പരസ്പരമുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും അതിജീവനമാണ് നാളെ വിവാഹ പന്തലിലേക്ക് എത്തുന്നത്. 2022 ഓഗസ്റ്റ് 14ന് ആണ് യദുവിനെ ആശുപത്രി കിടക്കയിലാക്കിയ ആ അപകടം. ബൈക്ക് തെന്നി റോഡരികിലെ മൂടിയില്ലാത്ത ഓടയിലേക്കു വീണ വള്ളിക്കോട് പനയക്കുന്ന മുരുപ്പില്‍ യദുകൃഷ്ണന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങി. യദുവിനൊപ്പം യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരന്‍ കാശിനാഥ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വള്ളിക്കോട് തിയറ്റര്‍ ജംക്ഷനിലായിരുന്നു അപകടം.

തലയോട്ടി തുരന്നുള്ള ശസ്ത്രക്രിയ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍, മാസങ്ങള്‍ നീണ്ട വെന്റിലേറ്റര്‍ വാസം... വിവാഹനിശ്ചയത്തിന്റെ പിറ്റേന്ന്, വിദേശത്തേക്കു ജോലിക്കായി മടങ്ങാനിരിക്കെയാണ് റോഡ് നിര്‍മാണത്തിലെ അപകടക്കെണി വില്ലനായത്. വെന്റിലേറ്ററില്‍നിന്നു മാറ്റിയശേഷം ഒരു വര്‍ഷത്തോളം ഒരേ കിടപ്പിലായിരുന്നു യദു. കുടുംബം ചികിത്സ തുടര്‍ന്നു. ശരീരം മുഴുവന്‍ തളര്‍ന്ന് യദു കിടപ്പിലായിട്ടും അശ്വതി ആ വിവാഹത്തില്‍ നിന്നും പിന്മാറിയില്ല. സ്‌നേഹവും കരുതലുമായി അശ്വതി യദുവിനൊപ്പം നിന്നു.

അപകടം ഉണ്ടായി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ഫലംകണ്ടു. കാലുകളുടെ ചലനശേഷി തിരികെക്കിട്ടിയ യദു കൈപിടിച്ചു നടന്നു; പതിയെ സംസാരിച്ചു. ഒന്നര വര്‍ഷം മുന്‍പു വീട്ടിലെത്തിയ ശേഷവും ഫിസിയോതെറപ്പി സെഷനുകള്‍ തുടര്‍ന്നു. 70 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി മാത്രം ചെലവായത്. ദുരിതങ്ങള്‍ എല്ലാം ഒഴിഞ്ഞ് മൂന്ന് വര്‍ഷത്തിനു ശേഷം എഴുന്നേറ്റ് നടന്ന യദു നാളെ വിവാഹ പന്തലിലെത്തി അശ്വതിയെ താലി ചാര്‍ത്തി സ്വന്തമാക്കും.

Tags:    

Similar News