അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുളള ജെയ്ഷെ ആസ്ഥാനം; മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കര്‍ ക്യാമ്പ്; ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പരിശീലന ക്യാമ്പ്; ആ ഒന്‍പതിടങ്ങളും ഭീകരരുടെ ഒളിത്താവളങ്ങള്‍; നല്‍കുന്നത് വേണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനേയും കൊന്നു തള്ളുമെന്ന സന്ദേശം; ഇന്ത്യ ആക്രമിച്ച പാക് ഭീകര കേന്ദ്രങ്ങളുടെ പട്ടിക പുറത്ത്; ഭയന്ന് വിറച്ച് കൊടും ക്രിമിനലുകള്‍

Update: 2025-05-07 05:07 GMT

ന്യൂഡല്‍ഹി: ഇനി വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. ഈ പ്രഖ്യാപനം യഥാര്‍ത്ഥ്യമായി. പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഇന്ത്യയില്‍ വീണ കണ്ണീരിനും ചോരയ്ക്കും സൈന്യം തിരിച്ചടി നല്‍കി. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ മികവ് ഈ ആക്രമണത്തില്‍ വ്യക്തം. മസൂദ് അസറിനേയും ഹാഫീസ് സെയ്ദിനേയും ഇന്ത്യ തീര്‍ത്തോ എന്ന സംശയം സജീവമാണ്. പക്ഷേ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നു.

ഇന്ത്യ ഈ ഭീകരരെ ലക്ഷ്യമിട്ടിതിലൂടെ പല സന്ദേശങ്ങളും നല്‍കുന്നുണ്ട്. വേണമെങ്കില്‍ കറാച്ചിയിലുള്ള ദാവൂദ് ഇബ്രഹാമിനേയും ആക്രമിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന സന്ദേശമാണ് ഈ ആക്രമണം നല്‍കുന്നത്. മസൂദ് അസറിനേയും ഹാഫീസ് സെയ്ദിനേയും ദാവൂദിനേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യ കഴിഞ്ഞ ദിവസം ആക്രമിച്ച മേഖലകളിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാനില്‍ എവിടെ എല്ലാം ഭീകര ഒളിത്താവളമുണ്ടെന്ന കൃത്യമായ വിവരം ഇന്ത്യയ്ക്കുണ്ടെന്ന സൂചനകളാണ് ഇതിലൂടെ പുറത്തു വരുന്നത്. ഇത് പാക്കിസ്ഥാനേയും ഞെട്ടിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക ഓപ്പറേഷനിലൂടെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്, ലഷ്‌കര്‍ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയുടെ മിസൈല്‍ ആക്രമണം.

ഇന്ത്യ ആക്രമിച്ച സ്ഥലങ്ങള്‍

ബഹവല്‍പൂര്‍: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ (ജെയ്ഷെ ആസ്ഥാനം)

മുരിദ്ക്: അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍, സാംബയ്ക്ക് എതിര്‍വശത്ത് (26/11 മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ലഷ്‌കര്‍ ക്യാമ്പ്)

ഗുല്‍പൂര്‍: നിയന്ത്രണ രേഖയില്‍ നിന്ന് 35 കിലോമീറ്റര്‍ (2023 പൂഞ്ച് ആക്രമണവും തീര്‍ത്ഥാടകര്‍ക്ക് നേരെയുള്ള 2024 ബസ് ആക്രമണവുമായി ബന്ധപ്പെട്ട കേന്ദ്രം)

സവായ്: പാക് അധിനിവേശ കാശ്മീരിനുള്ളില്‍ 30 കിലോമീറ്റര്‍ (സോന്‍മാര്‍ഗ് ആക്രമണം, ഗുല്‍മാര്‍ഗ് ആക്രമണം, പഹല്‍ഗാം ആക്രമണം എന്നിവയുമായി ബന്ധപ്പെട്ടത്)

ബിലാല്‍ ക്യാമ്പ്: ജെയ്ഷെ മുഹമ്മദ് ലോഞ്ച്പാഡ്

കോട്‌ലി ക്യാമ്പ്: നിയന്ത്രണ രേഖയില്‍ നിന്ന് 15 കിലോമീറ്റര്‍, രാജൗരിക്ക് എതിര്‍വശത്ത് (ലഷ്‌കര്‍ ബോംബര്‍ ക്യാമ്പ്)

ബര്‍ണാല ക്യാമ്പ്: നിയന്ത്രണ രേഖയില്‍ നിന്ന് 10 കിലോമീറ്റര്‍, രാജൗരിക്ക് എതിര്‍വശത്ത്

സര്‍ജല്‍ ക്യാമ്പ്: ജെയ്ഷെ മുഹമ്മദ് ക്യാമ്പ്

മെഹ്‌മൂന ക്യാമ്പ്: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പരിശീലന ക്യാമ്പ്

അതിര്‍ത്തിയില്‍ നിന്നും 100 കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാന കേന്ദ്രം തകര്‍ക്കുന്നതിനായിരുന്നു ഇന്ത്യന്‍ സൈന്യം ആദ്യം പ്രാധാന്യം കൊടുത്തത്. 2019ലെ പുല്‍വാമ ഭീകരാക്രമണം നടന്ന സമയത്ത് മുതല്‍ ഇന്ത്യ തകര്‍ക്കാന്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കാശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. 2019 ഫെബ്രുവരി 14ന് പുല്‍വാമ ഭീകരാക്രമണം ആസൂത്രണം ചെയ്ത ബഹാവല്‍പൂരിലെ സുബ്ഹാന്‍ അല്ലാഹ് ക്യാമ്പും ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഇവിടെ വച്ചാണ് ജയ്ഷെ മുഹമ്മദ് തങ്ങളുടെ ഭീകരര്‍ക്ക് വേണ്ട എല്ലാ പരിശീലനവും നല്‍കുന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലായിരുന്നു ഈ സ്ഥലം. ഇവിടെത്തെ തീവ്രവാദ ക്യാമ്പ് ഇന്ത്യ തകര്‍ത്തു. നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. മസൂദ് അസറിന്റെ താവളമാണ് ഇവിടെ. ഇവിടെ ഇയാള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഉണ്ടായിരുന്നുവെങ്കില്‍ കൊല്ലപ്പെടാന്‍ സാധ്യത ഏറെയാണ്.

ആക്രമണത്തില്‍ ഇന്ത്യ തകര്‍ത്ത പ്രധാനപ്പെട്ട മറ്റൊരു ഭീകരകേന്ദ്രമാണ്, മുരിഡ്ക്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഈ ഭീകരകേന്ദ്രം ലഷ്‌കര്‍ ഇ ത്വയ്ബയുടെ പ്രധാന ഒളിത്താവളങ്ങളില്‍ ഒന്നാണ്. മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഈ കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഹാഫീസ് സെയ്ദിനേയും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. മുരിഡ്‌കെയില്‍ ഈ ഭീകരന്‍ ഉണ്ടായിരുന്നോ എന്നതാണ് ഉയരുന്ന ചോദ്യം. തങ്ധാര്‍ സെക്ടറില്‍, സവായ് ക്യാമ്പിലേക്കും മിസൈലുകള്‍ പതിച്ചു. സൈന്യം സൂക്ഷ്മമായി ഏകോപിപ്പിച്ച പദ്ധതിയില്‍ മൂന്ന് ലഷ്‌കര്‍ കേന്ദ്രങ്ങള്‍, നാല് ജെയ്ഷെ കേന്ദ്രങ്ങള്‍, രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് തകര്‍ത്തത്.ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങള്‍. ആക്രമണത്തിനു പിന്നാലെ 'നീതി നടപ്പാക്കി'യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം.

അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്നും മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 22 നാണ് കശ്മീര്‍ പഹല്‍ഗാമിലെ ബൈസരണ്‍വാലി വിനോദസഞ്ചാരകേന്ദ്രത്തില്‍ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാര്‍ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാര്‍ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News