ഒരു സാധാരണക്കാരന്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല; നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്; സേന അവരുടെ വീര്യം കാണിച്ചു; പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്ന് രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്ന് രാജ്‌നാഥ് സിംഗ്

Update: 2025-05-07 12:24 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലക്ഷ്യം നേടിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. നമ്മുടെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവരെയാണ് വധിച്ചതെന്നും ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നവരെയാണ് വധിച്ചത്. ഒരു സാധാരണക്കാരന്‍ പോലും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. സേനയെ പൂര്‍ണമായി വിശ്വാസത്തിലെടുത്തു. പിന്തുണച്ച പ്രധാനമന്ത്രിക്ക് നന്ദി. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം അവരുടെ വീര്യവും ധൈര്യവും പ്രകടിപ്പിച്ചു. പുതിയ ചരിത്രം രചിച്ചു. കൃത്യതയോടെയും ജാഗ്രതയോടെയും അവര്‍ നടപടി സ്വീകരിച്ചു. കൃത്യസമയത്ത് കൃത്യമായിത്തന്നെ ലക്ഷ്യം തകര്‍ത്തു. സൈനികരേയും ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നു. മുമ്പത്തെപ്പോലെത്തന്നെ ഇത്തവണയും ഉചിതമായ മറുപടി നല്‍കി.

സ്വന്തം മണ്ണില്‍ നടന്ന ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശം ഉപയോഗിച്ചു. കൃത്യമായ ചര്‍ച്ചകളോടെയാണ് നടപടി. തീവ്രവാദികളുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം അവരുടെ ക്യാമ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയര്‍ത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ചു. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിദേശകാര്യ സെക്രട്ടറി വിവരം നല്കി. പ്രതിരോധ സേനകള്‍ പുതിയ ചരിത്രം കുറിച്ചവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി പാക് സര്‍ക്കാര്‍. പാകിസ്ഥാന്‍ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.

ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘര്‍ഷം കൂടുമെന്നുമാണ് പാകിസ്ഥാന്‍ നിലവില്‍ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവില്‍ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ല്‍ നിന്ന് അംഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവില്‍ നയതന്ത്ര പ്രതിനിധി ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.

Tags:    

Similar News