പിഎച്ച്ഡിക്ക് അപേക്ഷിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയെങ്കിലും ഒന്നാം സെമസ്റ്റര്‍ പാസായിരുന്നില്ല; പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ വനിതാ ഡീന്‍; സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഭീഷണിയും പിന്നാലെ മന്ത്രിക്ക് പരാതിയും; എസ് എഫ് ഐ വീണ്ടും വിവാദത്തില്‍; സാങ്കേതികത്വത്തില്‍ ആഷിഖ് ഇബ്രാഹിംകുട്ടി ചെയ്തത്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പഠനത്തിന് ഇനി യോഗ്യതാ സര്‍ട്ടിഫിക്കറ്റും വേണ്ടി വന്നിക്കില്ല! സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റില്ലാത പിഎച്ച്ഡി പ്രവേശനം നേടാന്‍ എസ്എഫ്ഐ നേതാവിന്റെ ശ്രമം ഉയര്‍ത്തുന്ന ഈ പരിഹാസ ചര്‍ച്ചയാണ്. പ്രവേശനത്തിനുള്ള മാര്‍ക്ക് ലിസ്റ്റ് ചോദിച്ച വനിതാ ഡീനിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഡീന്‍ പരാതിപ്പെട്ടപ്പോള്‍ പ്രവേശനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നു കുറ്റപ്പെടുത്തി മന്ത്രി ആര്‍. ബിന്ദുവിനെ സമീപിച്ചിച്ചിരിക്കുകയാണ് എസ്എഫ്ഐ നേതാവ്. ആ വനിതാ ഡീനിനെ ഇനി ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. മുമ്പ് പരീക്ഷാ ഹാളില്‍ അധ്യാപികയെ ഭീഷണിപ്പെടുത്തിയ നേതാവ് പിന്നീട് രാജ്യസഭാ അംഗമായി. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിവാദത്തിലായ എസ് എഫ് ഐ നേതാവും മുന്നില്‍ കാണുന്നത് രാഷ്ട്രീയ ഉയര്‍ച്ചയാകാം.
സാങ്കേതിക സര്‍വകലാശാലാ മുന്‍സിന്‍ഡിക്കേറ്റംഗവും മലപ്പുറം സ്വദേശിയുമായ ആഷിഖ് ഇബ്രാഹിംകുട്ടിയാണ് മതിയായ പിജി സര്‍ട്ടിഫിക്കറ്റില്ലാതെ പിഎച്ച്ഡിക്ക് അപേക്ഷിച്ചത്. ഡീനിന്റെ പരാതിയില്‍ സര്‍വകലാശാല തെളിവെടുപ്പ് തുടങ്ങി. സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ തൃശ്ശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജില്‍ എംടെക്ക് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു ഇയാള്‍. പിജി വിദ്യാര്‍ഥിയായിരിക്കേ, പിഎച്ച്ഡിക്ക് അപേക്ഷിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയെങ്കിലും ഒന്നാം സെമസ്റ്റര്‍ പാസായിരുന്നില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാണ് പിഎച്ച്എഡിക്ക് അപേക്ഷിച്ചത്. ഇതില്‍ ആഷിഖിന്റെ മാര്‍ക്ക് പരാമര്‍ശിച്ചില്ല. പകരം അതുവരെയുള്ള ഫലം വെച്ച് ശരാശരി ഗ്രേഡ് മാത്രം രേഖപ്പെടുത്തി. പ്രവേശന പരീക്ഷയെഴുതാന്‍ സര്‍വകലാശാല അനുവദിച്ചു.
പ്രവേശനപരീക്ഷ പാസായ ആഷിഖ്, ഇതിനിടെ ജനുവരിയില്‍ ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയെഴുതി. മാര്‍ക്ക് ലിസ്റ്റില്ലാതെ, പാസായെന്നുമാത്രം രേഖപ്പെടുത്തിയ പരീക്ഷാകണ്‍ട്രോളറുടെ സര്‍ട്ടിഫിക്കറ്റുമായി പിഎച്ച്ഡി പ്രവേശനത്തിനെത്തി. മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ പരീക്ഷ പാസായതിന്റെ രേഖകളില്ലാതെ, പ്രവേശനം നല്‍കാനാവില്ലെന്ന് സര്‍വകലാശാലയും വ്യക്തമാക്കി. തുടര്‍ന്ന്, ആഷിഖ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളെല്ലാം കോളേജിലേക്ക് പരിശോധനയ്ക്കയച്ചു. പിന്നീടായിരുന്നു നാടകീയ നീക്കം. പ്രവേശനം മുടങ്ങിയതില്‍ പ്രകോപിതനായി ആഷിഖ്. ഇതിന് പിന്നാലെ സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ഡീനിന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
പിഎച്ച്ഡി പ്രവേശനത്തിനുള്ള സമയപരിധി തീര്‍ന്ന ഏപ്രില്‍ 30 വരെയും ആഷിഖ് മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പരാതി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മുമ്പിലേക്ക് എത്തുന്നത്.