പട്ടത്തെ അജ്ഞാത വസ്തു ഹൈഡ്രജന്‍ ബലൂണെങ്കിലും തിരുവനന്തപുരത്തെ ആകാശം സേഫാക്കും; തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ആകാശ ചുറ്റളവ് റെഡ് സോണ്‍; അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയാല്‍ അകത്താകും; രാജ്ഭവനും ക്ലിഫ് ഹൗസിനു മുകളിലും ഡ്രോണ്‍ നിരോധനം; ഇനി കൂടുതല്‍ കരുതല്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്തെ ആകാശത്ത് കണ്ട അജ്ഞാത വസ്തുവിനെ തുടര്‍ന്ന് കരുതല്‍ ശക്തമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഒരു കാരണവശാലും ഡ്രോണ്‍ പറത്താന്‍ പാടില്ല. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോണ്‍ പറത്താന്‍ പാടുള്ളു. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. ഇതിന് പുറമേ അതീവ സുരക്ഷാ മേഖലിയില്‍ എല്ലാം നിയന്ത്രണം കൊണ്ടു വന്നു.
രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്സിഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ ഇന്റര്‍നാഷനല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍പിഎസ്സി/ഐഎസ്ആര്‍ഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിറ്ററി ക്യാംപ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്തെ ആകാശത്ത് അജ്ഞാത വസ്തു കണ്ടെതില്‍ ആശങ്ക വേണ്ടെന്നാണ് റിപ്പോര്‍ട്ട്. പട്ടത്താണ് ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് ഹൈഡ്രജന്‍ ബലൂണ്‍ ആണെന്നാണ് നിഗിമനം. ഡ്രോണോ മറ്റ് നിരീക്ഷണ വസ്തുക്കളോ അല്ല. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായുള്ള വസ്തുവാകാം അതെന്നും വിലയിരുത്തലുണ്ട്. പട്ടത്തെ ആകാശത്തില്‍ അജ്ഞാത വസ്തു കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരന്‍ അത് ക്യാമറയില്‍ പകര്‍ത്തി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും ഡ്രോണ്‍ നിര്‍വ്വീര്യമാക്കലുമെല്ലാം നടന്ന സാഹചര്യത്തിലാണ് പട്ടത്തെ ആകാശത്തെ അപൂര്‍വ്വ വസ്തുക്കളും സംശയത്തിലായത്.
രണ്ട് വെള്ള ഡോട്ടുകളാണ് പ്രദേശ വാസി എടുത്ത് പുറത്തു വന്ന ഫോട്ടോയിലുള്ളത്. കൂടുതല്‍ ഫോട്ടോയും വീഡിയോയുമെല്ലാം പകര്‍ത്തി. പോലീസിനേയും വിവരം അറിയിച്ചു. സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. എന്നാല്‍ ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് പോലീസ് വീട്ടുടമയ്ക്ക് നല്‍കിയത്. അതുകൊണ്ട് തന്നെ വിവരമൊന്നും അദ്ദേഹം പുറത്തു പറയുന്നുമില്ല. മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിവരങ്ങള്‍ ഉന്നത കേന്ദ്രങ്ങളെ അറിയിച്ചു. ഇതോടെയാണ് ഹൈഡ്രജന്‍ ബലൂണ്‍ എന്ന നിഗമനത്തിലേക്ക് അന്വേഷണം എത്തിയത്.
തിരുവനന്തപുരത്ത് നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആകാശത്തെ അസ്വാഭാവികത ആശങ്കയായി മാറി. തിരുവനന്തപുരത്തെ ആകാശത്തും നിരീക്ഷണം നടക്കുന്നുണ്ട്. സംശയകരമായതൊന്നും വ്യോമ സേനയോ നാവിക സേനയോ ഇതിലൊന്നും തിരിച്ചറിയുകയും ചെയ്തില്ല. ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്തതോടെ തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്. ഇതിനൊപ്പം വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമുണ്ട്. കൊച്ചിയിലും അതി നിര്‍ണ്ണായക സുരക്ഷാ കേന്ദ്രങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കേരളവും കരുതല്‍ ശക്തമാക്കുന്നത്. ഇതിനിടെയാണ് തിരുവനന്തപുരത്ത് നിന്നും ആകാശ വസ്തുക്കളുടെ വിവരം എത്തുന്നത്. അതീവ രഹസ്യമായി ഇതില്‍ പോലീസ് അന്വേഷണം നടത്തും.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന പരിശോധന നടത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യാത്ര ചെയ്യാനാകാതെയാണ് കപ്പല്‍ പുറംകടലില്‍ തുടരുന്നതെന്നാണ് വിവരം. പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.