1996ല്‍ ആലപ്പുഴയെ നടുക്കി വിബ്രിയോ കോളറേ എന്ന ബാക്ടീരിയ കൊണ്ടു പോയത് 29 ജീവനുകള്‍; പാലക്കാട് നഷ്ടമായത് 31പേരെ; കേരളത്തില്‍ ഈ വര്‍ഷം രണ്ടാമത്തെ കോളറ മരണം; തലവടിയിലെ രഘുവിനെ ബാക്ടീരിയ എങ്ങനെ പിടിച്ചുവെന്നത് അവ്യക്തം; 2013ന് ശേഷം കുട്ടനാട്ടില്‍ കോളറ ഭീതി; തലവടിക്കാരന്റെ മരണം മുന്നറിയിപ്പ്; രോഗബാധയുടെ ഉറവിടം അജ്ഞാതം

Update: 2025-05-16 02:07 GMT

ആലപ്പുഴ: സംസ്ഥാനത്ത് കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചയാള്‍ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. കോളറ സ്ഥിരീകരിച്ച രഘു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് 48കാരന്‍ രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. രഘു ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശുദ്ധജലം കിട്ടാത്ത മേഖലകള്‍ കുട്ടനാട്ടില്‍ ഇപ്പോഴുമുണ്ട്. കുട്ടനാട്ടിലെ മലിനജലത്തില്‍ കോളറയ്ക്കു കാരണമായ മാരക ബാക്ടീരിയ ഇപ്പോഴുമുണ്ടെന്നാണ് രോഗബാധ നല്‍കുന്ന സൂചന. വിബ്രിയോ കോളറൈ എന്നബാക്ടീരിയയാണ് രോഗകാരി. രോഗിയുടെ മലത്തില്‍നിന്ന് രോഗാണുക്കള്‍ കുടിവെള്ളത്തിലൂടെയും ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ആഹാരത്തിലൂടെയും മറ്റുള്ളവരിലേക്ക് പകരും. കേരളത്തില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്.

ആലപ്പുഴയിലെ തലവടി പഞ്ചായത്തില്‍ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പരിശോധനാഫലം ഇന്നലെയും ലഭിക്കാത്തതിനാല്‍ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രഘുവിന്റെ രക്തപരിശോധനയില്‍ കോളറ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗം സ്ഥിരീകരിക്കാന്‍ വിസര്‍ജ്യ പരിശോധനാഫലം കൂടി ലഭിക്കണം. തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛര്‍ദിയുമായാണ് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നു. തലവടി പഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സുകളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ചു തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെക്ടര്‍ സര്‍വേ ആരംഭിച്ചു. മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തനവും സജീവമാക്കി. തുടക്കത്തില്‍ത്തന്നെ വിദഗ്ധചികിത്സ ലഭിച്ചില്ലെങ്കില്‍ കോളറ മരണകാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കഞ്ഞിവെള്ളംപോലെ മലവിസര്‍ജനം നടത്തുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഛര്‍ദ്ദിയുമുണ്ടാകും. ജലാംശം നഷ്ടപ്പെട്ട് ഒരുദിവസംകൊണ്ടുതന്നെ അവശനിലയിലാകും. നിര്‍ജലീകരണം വൃക്കയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കും.

സമുദ്രനിരപ്പില്‍നിന്നു താഴ്ന്നുകിടക്കുന്ന കുട്ടനാടാണ് ജില്ലയിലെന്നും കോളറയുടെ പ്രഭവകേന്ദ്രം. ശുദ്ധജലം കിട്ടാത്തതാണ് കുട്ടനാട്ടിലെ രോഗബാധയ്ക്കു പ്രധാന കാരണം. 2013-ലാണ് ഒടുവില്‍ കോളറ പിടിപെട്ടത്. അന്ന് 10 പേര്‍ക്കു രോഗബാധയുണ്ടായി. അതിനുമുന്‍പ് ഒട്ടേറെ മരണവുമുണ്ടായി. അതുകൊണ്ടുതന്നെ കുട്ടനാട്ടില്‍ കോളറ ലക്ഷണം കണ്ടാല്‍ ആരോഗ്യവകുപ്പ് കരുതല്‍ അതിവേഗം എടുക്കും. 2002-ല്‍ കുട്ടനാട്ടില്‍ കോളറ പടര്‍ന്നപ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 2009-ല്‍ കൈനകരിയില്‍ രണ്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് രോഗം പിടിപെട്ടു. 2012-ലും 2013-ലും കോളറ കുട്ടനാടിനെ വിടാതെ പിന്തുടര്‍ന്നു. പാചകത്തിന് ആറ്റിലെയും കായലിലെയും വെള്ളം ഉപയോഗിക്കുന്നതായിരുന്നു കോളറ ഉള്‍പ്പെടെയുള്ള വയറിളക്കരോഗങ്ങള്‍ വ്യാപകമാകാന്‍ കാരണമാകുന്നത്. 2013-ല്‍ തോട്ടിലെ മലിനജലം കുടിച്ചവര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ജല അതോറിറ്റിയുടെ വെള്ളംകുടിച്ചവര്‍ക്കും വള്ളത്തില്‍ വിതരണംചെയ്ത വെള്ളം കുടിച്ചവര്‍ക്കുമൊന്നും അന്ന് രോഗമുണ്ടായില്ല.

1996-ലാണ് കോളറ ബാധിച്ച് ആലപ്പുഴയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. അക്കൊല്ലം ഓഗസ്റ്റില്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 29 പേരാണു മരിച്ചത്. പാലക്കാട് ജില്ലയിലും അന്ന് രോഗം ബാധിച്ചിരുന്നു. രണ്ടിടത്തുമായി 60 പേരാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് 63 വയസുകാരന്‍ കോളറ ബാധിച്ച് മരിച്ചതോടെ ജനങ്ങളുടെ ആശങ്കയും വര്‍ദ്ധിച്ചിരുന്നു. എട്ടുവര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം അന്ന് സ്ഥിരീകരിക്കുന്നത്. ലോകത്താകമാനം നിരവധി പേരുടെ ജീവന്‍ അപഹരിച്ച കോളറയ്ക്കെതിരെ ജാഗ്രതാ നിര്‍ദേശവും ആരോഗ്യ വിദഗ്ദ്ധര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കോളറ രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കാം

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക

രോഗലക്ഷണംകണ്ടാലുടന്‍ വിദഗ്ധചികിത്സ തേടണം

വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുക

ജലസ്രോതസ്സുകള്‍ മലിനമാകാതെ സൂക്ഷിക്കുക, മലിനജലത്തില്‍ കുളിക്കുന്നതും മറ്റും ഒഴിവാക്കുക

ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഒആര്‍എസ് ലായനി കുടിക്കുക

വീടും പരിസരവും ബ്ലീച്ചിങ് പൗഡറിട്ട് അണുമുക്തമാക്കുക

രോഗിയെ ശുശ്രൂഷിക്കുന്നവര്‍ വ്യക്തിശുചിത്വം ഉറപ്പാക്കണം

രോഗം പൂര്‍ണമായി മാറുംവരെ മരുന്നു കഴിക്കുക

വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഐസ് ശീതളപാനീയങ്ങളില്‍ ഉപയോഗിക്കരുത്

ആഹാരം പാകംചെയ്യുംമുന്‍പ് കൈകള്‍ സോപ്പിട്ടു കഴുകണം

വഴിയോര തട്ടുകടകള്‍ പരിസരം വൃത്തിയായി സൂക്ഷിക്കണം

കോളറ അടക്കമുള്ള ജലജന്യ രോഗങ്ങള്‍ തുടര്‍ച്ചയായി സ്ഥിരീകരിക്കുമ്പോഴും കേരളത്തിലെ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന പേരിനുമാത്രമാണെന്ന വിമര്‍ശനവുമുണ്ട്. ആരോഗ്യ, ജലവിഭവ, തദ്ദേശവകുപ്പുകള്‍ പരസ്പരം ഏകോപനമില്ലാതെ ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നു. രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ പോലും വേണ്ട പരിശോധനകള്‍ നടക്കാറില്ല. അത് ആരോഗ്യവകുപ്പാണ് ചെയ്യേണ്ടതെന്ന് ജലവിഭവ, തദ്ദേശ വകുപ്പുകള്‍ പറയുമ്പോള്‍ ജലാശയങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് ജലവിഭവ വകുപ്പാണെന്ന് ആരോഗ്യ വകുപ്പും പറയുന്നു. രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിലെ കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം ആരോഗ്യവകുപ്പും പരിശോധിക്കണം. എന്നാല്‍, ഇവയൊന്നും അടിയന്തരഘട്ടങ്ങളില്‍ പോലും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News