അപ്പാര്‍ട്ട്‌മെന്റിന്റെ ചുറ്റ് മതില്‍ ഇടിഞ്ഞ് വീണ് ഡ്രെയിനേജ് കനാല്‍ അടഞ്ഞു; പരാതി നല്‍കി 9 മാസം പിന്നിടുമ്പോഴും നടപടിയില്ല; ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം അവഗണിച്ചു; വെള്ളക്കെട്ട് ഭീതിയില്‍ കാക്കനാട്ടെ കുഴിക്കാട്ടുമൂല-ലിങ്ക് വാലി പ്രദേശവാസികള്‍
കൊച്ചി: അപ്പാര്‍ട്ട്‌മെന്റിന്റെ ചുറ്റ് മതില്‍ ഇടിഞ്ഞ് വീണ് ഡ്രെയിനേജ് കനാല്‍ അടഞ്ഞെന്ന പരാതി നല്‍കി 9 മാസം പിന്നിടുമ്പോഴും നടപടി സ്വീകരിക്കാതെ അധികാരികള്‍. കുഴിക്കാട്ടുമൂല, ലിങ്ക് വാലി പ്രദേശ വാസികളുമാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ സംയുക്ത പദ്ധതിയുടെ അപ്പാര്‍ട്ട്‌മെന്റ് ഇടിഞ്ഞ് വീണതോടെയാണ് ഡ്രെയിനേജ് കനാല്‍ അടഞ്ഞത്. വിഷയത്തില്‍ പ്രദേശ വാസികളും, കമ്മ്യൂണിറ്റി പ്രതിനിധികളും ചേര്‍ന്ന് തൃക്കാക്കര മുന്‍സിപ്പാലിറ്റിക്ക് നിവേദനം നല്‍കിയിരുന്നു.
2024 മെയ് 28നാണ് പ്രമുഖ കമ്പനികളുടെ സംയുക്ത പ്രോജക്ടിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ സംരക്ഷണ മതില്‍ ഡ്രെയിനേജ് ചാനലിലേക്ക് ഇടിഞ്ഞുവീണത്. മതില്‍ ഇടിഞ്ഞ് വീണതോടെ ഡ്രെയിനേജ് ചാനല്‍ അടഞ്ഞു. ഇത് മഴക്കാലത്ത് ഉണ്ടായ വെള്ളത്തിന്റെ ഒഴുക്കിനെ കാര്യമായി ബാധിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
കൂടാതെ, തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ മുനിസിപ്പാലിറ്റി പരാജയപ്പെട്ടതായും ആരോപണമുണ്ട്. മതിലിടിഞ്ഞ് വീണ് ഡ്രൈനേജ് അടഞ്ഞതോടെ ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് രൂക്ഷമാകുന്നതായാണ് പരാതിക്കാര്‍ പറയുന്നത്. വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും 9 മാസം പിന്നിടുമ്പോഴും കുഴിക്കാട്ടുമൂല, ലിങ്ക് വാലി പ്രദേശങ്ങളിലെ സ്ഥിതി വഷളായി തുടരുകയാണ്. കഴിഞ്ഞ മെയില്‍ മഴയെ തുടര്‍ന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ ഇടിഞ്ഞിരുന്നതായാണ് പരാതിക്കാര്‍ പറയുന്നത്.
നിര്‍മാണത്തിലെ അപാകതകള്‍ കാരണമാണ് ഇത് സംഭവിച്ചതെന്നും സൂചനയുണ്ട്. മതില്‍ തകര്‍ന്നതിനാല്‍ വെള്ളം സമീപത്തുള്ള വില്ലകളിലേക്കും ജലസ്രോതസിലേക്കും ഒഴുകി. വെള്ളം കെട്ടിയതോടെ നടപടിയോ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. മഴക്കാലമായിരുന്നതിനാല്‍ വെള്ളം കെട്ടിയാല്‍ അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടായിരുന്നു.
ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ദുരന്തനിവാരണം വകുപ്പിലും, തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലും നാട്ടുകാര്‍ അടക്കം പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. കാലവര്‍ഷം തുടങ്ങാനിരിക്കെ അധികാരികളില്‍ നിന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.