ഒടുവില്‍ ട്രംപിനൊപ്പം കണ്ടത് പോപ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങില്‍; രണ്ടാമൂഴത്തില്‍ വൈറ്റ് ഹൗസില്‍ തങ്ങിയത് 14 ദിവസത്തില്‍ താഴെ മാത്രം; മിക്കവാറും മാന്‍ഹാട്ടനിലോ ഫ്‌ളോറിഡയിലോ ഒറ്റയ്ക്ക് കഴിയും; മെലാനിയയും ട്രംപും വേര്‍പിരിഞ്ഞെന്ന് ജീവചരിത്രകാരന്‍ മൈക്കിള്‍ വൂള്‍ഫ്; നിഷേധിച്ച് വൈറ്റ് ഹൗസ്; മെലാനിയയെ വൈറ്റ് ഹൗസില്‍ കാണാത്തത് എന്തുകൊണ്ട്?

മെലാനിയയും ട്രംപും വേര്‍പിരിഞ്ഞെന്ന് ജീവചരിത്രകാരന്‍ മൈക്കിള്‍ വൂള്‍ഫ്

Update: 2025-05-16 15:55 GMT

വാഷിങ്ടണ്‍: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് എവിടെ? ഏതാനും ചില പൊതുപരിപാടികളിലല്ലാതെ, ഡൊണള്‍ഡ് ട്രംപിന്റെ ഒന്നാം വട്ട കാലത്തെ പോലെ പൊതുജനമധ്യത്തില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ല. ഒന്നാം ടേമില്‍ എല്ലായിടത്തും നിറഞ്ഞു നിന്ന മെലാനിയയെ ട്രംപിനൊപ്പം കാണാത്തത് കൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇപ്പോള്‍, ട്രംപിന്റെ ജീവചരിത്രം എഴുതുന്ന മൈക്കിള്‍ വൂള്‍ഫ് വെടി പൊട്ടിച്ചിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്നും, ഇരുവരും സാധാരണ ദാമ്പത്യ ജീവിതം പങ്കിടുന്നില്ലെന്നുമാണ് മൈക്കിള്‍ വൂള്‍ഫ് പറയുന്നത്.

ട്രംപ് പ്രസിഡന്റായിരിക്കെ, അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള എഴുത്തുകാരനാണ് മൈക്കിള്‍ വൂള്‍ഫ്. വൈറ്റ് ഹൗസില്‍ നിന്നും ട്രംപില്‍ നിന്നും അകലം പാലിച്ചാണ് മെലാനിയ കഴിയുന്നതെന്നാണ് വൂള്‍ഫിന്റെ കണ്ടുപിടുത്തം.

ട്രംപ്-മെലാനിയ ദമ്പതികള്‍ പിരിഞ്ഞോ?

പതിവ് പോഡ്കാസ്റ്റില്‍ വൂള്‍ഫിനോട് അവതാരക ജോവന്ന കോള്‍സ് ചോദിക്കുന്നതും ട്രംപിന്റെ രണ്ടാം ഊഴ കാലത്തെ മെലാനിയയുടെ പങ്കിനെ കുറിച്ചാണ്. വൂള്‍ഫ് തുറന്നടിച്ചാണ് മറുപടി പറഞ്ഞത്: 'വിവാഹ ജീവിതമെന്ന് നമ്മളൊക്കെ കരുതുന്ന അര്‍ഥത്തില്‍, ദമ്പതികളെന്ന നിലയില്‍ ഇരുവരും തമ്മില്‍ ഒരുതരത്തിലുള്ള ബന്ധവുമില്ല'





അവര്‍ നയിക്കുന്നത് വ്യത്യസ്ത ജീവിതങ്ങള്‍

'അവര്‍ ഇരുവരും രണ്ടായാണ് കഴിയുന്നത്. അവര്‍ വേര്‍പെട്ടുകഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റും പ്രഥമവനിതയും വേര്‍പിരിഞ്ഞു കഴിഞ്ഞു.' ട്രംപ് വീണ്ടും അധികാരത്തിലേക്ക് വന്ന ശേഷം പൊതുവേദികളില്‍ മെലാനിയയുടെ അസാന്നിധ്യമാണ് പലപ്പോഴും ചര്‍ച്ചയായത്. മൈക്കിള്‍ വൂള്‍ഫിന്റെ പരാമര്‍ശങ്ങള്‍ ഈ വിഷയത്തെ കൂടുതല്‍ ചൂട് പിടിപ്പിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ശേഷം 14 ദിവസത്തില്‍ താഴെയാണ് മെലാനിയ വൈറ്റ് ഹൗസില്‍ താമസിച്ചത്. മിക്കവാറും ആഴ്ചകൡ മാന്‍ഹാട്ടനിലെ ട്രംപ് ടവറിലോ ഫ്‌ളോറിഡയിലെ മാരാലാഗോ റിസോര്‍ട്ടിലോ ആരുടെയും ശ്രദ്ധയില്‍ പെടാതെ കഴിയും.

ഈസ്റ്റര്‍വേളയിലും, പോപ്പ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങിലും ട്രംപിനൊപ്പം മെലാനിയെ കണ്ടിരുന്നു. പോപ്പിന്റെ സംസ്‌കാര ചടങ്ങിന് ശേഷം യുഎസില്‍ മടങ്ങിയെത്തിയ ഇരുവരും അവരവരുടെ വഴിക്ക് പോയി. ട്രംപ് മറൈന്‍ വണ്ണില്‍ കയറിയപ്പോള്‍ മെലാനിയ വേറെ കാറില്‍ പോയി.





നിഷേധിച്ച് വൈറ്റ് ഹൗസ്

എന്നാല്‍, മൈക്കിള്‍ വൂള്‍ഫിന്റെ കണ്ടുപിടുത്തം വൈറ്റ് ഹൗസ് നിഷേധിച്ചു. അയാളൊരു പമ്പര വിഡ്ഢി, നുണയന്‍ എന്നാണ് വൂള്‍ഫിനെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ഷിയുങ് തള്ളിപ്പറഞ്ഞത്. 'ട്രംപ് ഡിറേഞ്ച്‌മെന്റ് സിന്‍ഡ്രോം' ബാധിച്ച വൂള്‍ഫിന്റെ ജീവതം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് ദുരിതപൂര്‍ണമായിരിക്കുകയാണെന്നും സ്റ്റീവന്‍ പരിഹസിച്ചു. ട്രംപിനെതിരെയുള്ള അമിതമായി താറടിച്ച് അയുക്തികമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെയാണ് റിപ്പബ്ലിക്കന്‍മാര്‍ ട്രംപ് ഡിറേഞ്ച്‌മെന്റ് സിന്‍ഡ്രോം ഉള്ളവരായി വിശേഷിപ്പിക്കുന്നത്.




1998 ല്‍ മെലാനിയയെ ന്യൂയോര്‍ക്കിലെ കിറ്റ് കാറ്റ് ക്ലബില്‍ വച്ച് ട്രംപിനെ പരിചയപ്പെടുത്തിയ മുന്‍ മോഡലിങ് ഏജന്റ് പാവോളോ സാംപോളിയും ഊഹാപോഹങ്ങള്‍ തള്ളി.

എന്തുകൊണ്ടാണ് മെലാനിയയെ വൈറ്റ് ഹൗസില്‍ കാണാത്തത്?

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പഠിക്കുന്ന 19 കാരന്‍ മകന്‍ ബാരണ്‍ ട്രംപിന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവാണ് മെലാനിയ. ബാരന്റെ അമ്മയായിരിക്കുക എന്നതിനാണ് പ്രഥമ പരിഗണന. ഒപ്പം പ്രഥമ വനിത, ഭാര്യ എന്നീ റോളുകള്‍ വഹിക്കുക. അതാണ് തന്റെ ശൈലിയെന്ന് മെലാനിയ മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലയളവില്‍ 10 വയസുകാരനായ മകന്‍ ബാരണ്‍ സ്‌കൂള്‍ വര്‍ഷം പൂര്‍ത്തിയാക്കാന്‍ അഞ്ചുമാസം കാത്തിരുന്ന ശേഷമാണ് മെലാനിയ വൈറ്റ് ഹൗസിലേക്ക് നീങ്ങിയത്.




പൊതുവെ വൈറ്റ് ഹൗസിലെ പ്രഥമവനിതയുടെ ചുമതലകളോട് മെലാനിയയ്ക്ക് താല്‍പര്യമില്ലെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് ട്രംപിന് നേരെയുണ്ടായ കൊലപാതക ശ്രമങ്ങളില്‍ ആശങ്കാകുലയാണ് മെലാനിയയെന്നും കുടുംബത്തിന്റെ സുരക്ഷയ്ക്ക് അവര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News