'അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്; ഇത് ഫിഫ മാച്ച് അല്ല; നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ അര്‍ജന്റീന കളിക്കും; മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി

Update: 2025-05-17 13:23 GMT

ആലപ്പുഴ: കേരളത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ വരുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഒരു ദിവസം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്‌പോണ്‍സര്‍ക്ക് പണം അടയ്ക്കാന്‍ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ വരുന്ന ഒക്ടോബര്‍ മാസത്തില്‍ അര്‍ജന്റീനയുടെ നല്ല ടീം കേരളത്തില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് മന്ത്രി തന്നെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതുകാരണം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രചരിച്ച റിപ്പോര്‍ട്ട്. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) പണം അടച്ചിട്ടില്ലെന്നും ഇതോടെ നിയമനടപടി ആരംഭിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് പ്രതീക്ഷയെന്നാണ് കൃത്യമായി ഉറപ്പിക്കാതെ മന്ത്രി അബ്ദുറഹ്‌മാന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമയത്തു തന്നെ കളിനടക്കും എന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കരാര്‍ അനുസരിച്ചുള്ള പണം ലഭിച്ചുകഴിഞ്ഞാല്‍ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തും. അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റ് ആശയക്കുഴപ്പമൊന്നും ഇല്ലെന്നും തീയതി അടക്കം വിശദാംശങ്ങള്‍ അടുത്തയാഴ്ച പറയാമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമാണ് മത്സരത്തിനായി പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീനയുടെ എതിര്‍ ടീമിന്റെ കാര്യത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഏഷ്യന്‍ ടീം ആയിരിക്കാന്‍ സാധ്യതയില്ല. ഫിഫ റാങ്കിങ്ങില്‍ ആദ്യ 50-ന് ഉള്ളിലുള്ള ടീം വേണമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി ഫുട്‌ബോളിന് ഒരൊറ്റ പൊളിറ്റിക്‌സേയുള്ളൂവെന്നും പ്രതികരിച്ചു.

കഴിഞ്ഞ ദിവസം അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരങ്ങളുടെ പട്ടിക പുറത്തുവന്നതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. ടീമിന്റെ വരവിനായി കെട്ടിവയ്‌ക്കേണ്ട 120 കോടിയില്‍ 60 കോടി പോലും നിശ്ചിതസമയത്തു നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റീന ടീമിനും മെസിക്കും കൈവന്ന വര്‍ദ്ധിച്ച സ്വീകര്യത, ലോകകപ്പ് സമയത്ത് കൊടുവള്ളിയിലെ പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ ഉയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട് ഷെയര്‍ ചെയ്ത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ച താല്‍പര്യം- ഇങ്ങനെ പല ഘടകങ്ങള്‍ അനുകൂലമായി വന്ന സാഹചര്യത്തിലായിരുന്നു അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുളള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഈ സാധ്യത തള്ളി. ഇതോടെയാണ് വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നും മെസിയെയും ടീമിനെയും കേരളത്തിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും മന്ത്രി അബ്ദുറഹ്‌മാന്‍ പ്രഖ്യാപിച്ചത്.

പിന്നീട് ഓണ്‍ലൈന്‍ വഴിയും സെപ്റ്റംബറില്‍ സ്‌പെയിനില്‍ നേരിട്ടെത്തിയും ചര്‍ച്ച നടത്തി. അര്‍ജന്റീനയ്ക്കും എതിര്‍ ടീമിനുമായി നല്‍കേണ്ട തുക ഉള്‍പ്പെടെ 200 കോടിയിലേറെ രൂപ പൂര്‍ണമായൂം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനയിരുന്നു നീക്കം. ആദ്യം ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനായിരുന്നു സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്ത് വന്നത്. എന്നാല്‍ വ്യാപാരോല്‍സവത്തിലൂടെ പണം കണ്ടെത്താനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവര്‍ പിന്‍മാറി. പിന്നാലെയായിരുന്നു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ വരവ്.

അതേ സമയം അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസ്സിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ട് വെച്ചത്. അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മെസ്സി വരുമെന്നാണ് പ്രതീക്ഷ. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനെ അറിയിക്കുകയാണ് വേണ്ടത്. ശേഷം തീയതി അനുവദിച്ചുതരും. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News