ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചു; പിന്നാലെ 'ലൈംഗിക പീഡന' കേസില്‍ കുരുങ്ങി; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മുഖം നഷ്ടപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാന് പടിയിറക്കം

കരീം ഖാന് പടിയിറക്കം

Update: 2025-05-17 16:46 GMT

ഹേഗ്: ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി അന്വേഷണം നടത്തുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടറായ കരീം ഖാന്‍ ലൈംഗികാതിക്രമ ആരോപണത്തിന്റെ പേരില്‍ രാജിവച്ചു. കോടതിയിലെ സഹായിയായ ജൂനിയര്‍ അഭിഭാഷകയായ യുവതിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന പരാതിയിലാണ് നടപടി. യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമായി അവരെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണങ്ങള്‍ കരീം ഖാന്‍ നിഷേധിച്ചു.

ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ യുദ്ധക്കുറ്റക്കേസ് നയിക്കുന്നത് കരിം ഖാനാണ്. ഹമാസിനെതിരായ യുദ്ധത്തില്‍ നെതന്യാഹു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തതായുള്ള വാദങ്ങള്‍ കോടതിയില്‍ ഉയര്‍ത്തിയിരുന്നു.ഹമാസിന്റെ മൂന്ന് നേതാക്കള്‍ക്കെതിരെയും കോടതി കുറ്റം ചുമത്തിയിരുന്നു.

യുഎന്‍ ഓഫീസ് ഓഫ് ഇന്റേണല്‍ ഓവര്‍സൈറ്റ് സര്‍വീസസിന്റെ അന്വേഷണം അവസാനിക്കുന്നതുവരെ പ്രോസിക്യൂട്ടര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതായാണ് ഖാന്റെ ഓഫീസ് അറിയിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം കോടതിയെ തന്നെ അപകടത്തിലാക്കിയിട്ടുണ്ടെന്ന് ഐസിസി പ്രസിഡന്റ് പറഞ്ഞതിനെത്തുടര്‍ന്നാണ് ഖാന്‍ പിന്മാറുന്നത്. ഇസ്രായേലിനെതിരായ ഐസിസി അന്വേഷണവും ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതുമാണ് സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്ന ആരോപണമുണ്ട്.

ലണ്ടനില്‍ ഒരു സ്വകാര്യ അത്താഴവിരുന്നില്‍ ഖാന്‍ ഇരയായ സ്ത്രീയുടെ കൈ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപണത്തില്‍ പറയുന്നു. യാത്രയ്ക്കിടെ, ഖാന്‍ സ്ത്രീയോട് ഒരു ഹോട്ടല്‍ കിടക്കയില്‍ തന്നോടൊപ്പം വിശ്രമിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് 'ലൈംഗികമായി സ്പര്‍ശിച്ചുവെന്നും' രേഖകള്‍ പറയുന്നു. പിന്നീട്, പുലര്‍ച്ചെ 3 മണിക്ക് അവളുടെ മുറിയിലെത്തി 10 മിനിറ്റ് വാതിലില്‍ മുട്ടി.

സമ്മതമില്ലാതെയുള്ള പെരുമാറ്റങ്ങളില്‍ അയാളുടെ ഓഫീസിന്റെ വാതില്‍ പൂട്ടുകയും അവളുടെ പോക്കറ്റില്‍ കൈ വയ്ക്കുകയും ചെയ്തു. നിരവധി തവണ അവളോട് ഒരുമിച്ച് ഒരു അവധിക്കാലം ആഘോഷിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടുവെന്നും ആരോപിക്കപ്പെടുന്നു. ഐസിസിയുടെ ആസ്ഥാനത്തേക്ക് മടങ്ങിയെത്തിയ അവര്‍, ഖാന്റെ പെരുമാറ്റത്തെക്കുറിച്ച് കണ്ണീരോടെ രണ്ട് സഹപ്രവര്‍ത്തകരോട് പരാതിപ്പെട്ടു. ഖാന്‍ എപ്പോഴും സ്ത്രീകള്‍ക്ക് മുന്നില്‍ മാതൃകാപരമായ പെരുമാറ്റം കാണിക്കുന്നയാളാണെന്നും ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങള്‍ക്കെതിരെ തുറന്നു പറഞ്ഞിട്ടുള്ളയാളാണെന്നും കണ്ട് ആ സഹപ്രവര്‍ത്തകര്‍ ഞെട്ടിപ്പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2024 മെയ് മാസത്തില്‍, ആരോപണം ഉന്നയിച്ച യുവതിയുമായി സംഭവത്തെക്കുറിച്ച് സംസാരിച്ച രണ്ട് കോടതി ജീവനക്കാര്‍, വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചിരുന്നു. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കോടതിയുടെ സമഗ്രത സംരക്ഷിക്കുന്നതിനും സ്ത്രീയുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്ന് ഒരു മെമ്മോയില്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. ഐസിസിയുടെ പ്രഖ്യാപനത്തെ വനിതാ അവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഖാന്‍ രാജിവയ്ക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

'പ്രൊഫഷണല്‍ സാഹചര്യത്തില്‍, ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്ന ഒരാള്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥാനമൊഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു,' എന്നാണ് ഹേഗ് ആസ്ഥാനമായുള്ള വനിതാ ഇനിഷ്യേറ്റീവ്‌സ് ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസിന്റെ വക്താവ് എമിയര്‍ ഷൈന്‍ പറഞ്ഞത്. ഖാന്‍ അവധിയിലായിരിക്കുമ്പോള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല കോടതിയുടെ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാര്‍ക്കായിരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Similar News