നല്ല ശാന്ത സ്വഭാവമുള്ള മനുഷ്യൻ; കണ്ടാൽ ഒരു പ്രഫസർ ലുക്ക്; പെട്ടെന്ന് ടിവിയിൽ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല; എന്നെ തന്നെ ഒന്ന് പിച്ചി നോക്കി; ഞാൻ വളരെ ഹാപ്പിയാണ്; കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റി പോപ്പായതിന്റെ ഞെട്ടൽ മാറാതെ ജിം ട്രെയിനർ; ആളൊരു കിടിലൻ ടെന്നീസ് പ്രേമിയെന്നും മറുപടി!

Update: 2025-05-17 16:54 GMT

വത്തിക്കാൻ സിറ്റി: കഴിഞ്ഞ ആഴ്ചയാണ് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി കര്‍ദിനാള്‍ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ(69) തെരഞ്ഞെടുത്തത്. അപ്പോൾ തന്നെ നിറകണ്ണുകളോടെ മാർപാപ്പ ബസിലിക്കയുടെ മട്ടുപാവിൽ വിശ്വാസികളെ അഭിവാദ്യം ചെയ്തു. മാർപാപ്പ ആയതിന് ശേഷം ലിയോ പതിനാലാമൻ എന്ന പേരാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് സ്വീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 267-ാമത് മാർപാപ്പയാണ് ലിയോ പതിനാലാമന്‍. അമേരിക്കയില്‍ നിന്നുമുള്ള ആദ്യ പാപ്പയെന്ന പ്രത്യേകതയും പുതിയ പാപ്പയ്ക്ക് ഉണ്ട്.

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ്‌ സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ചയാണ്‌ ആരംഭിച്ചത്‌. കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ്‌ വോട്ടെടുപ്പ്‌ തുടങ്ങിയത്. ഒടുവിൽ നാലാം റൗണ്ടിലാണ് സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിണിയിൽ വെളുത്ത പുക ഉയരുകയും ലോകമെമ്പാടുമുള്ള ക്രൈസ്തവകർക്ക് ഒരു പുതിയ പാപ്പയെ ലഭിക്കുകയും ചെയ്തത്.

അന്ന് എല്ലാ വിശ്വാസികളും സന്തോഷിച്ചപ്പോൾ അതുപോലെ സന്തോഷിച്ച മറ്റൊരു വ്യക്തിയാണ് പാപ്പയുടെ ജിം ട്രെയിനറായ വലേരിയോ മസെല്ല. 26-കാരനായ മസെല്ലയാണ് മാർപാപ്പയുടെ പേഴ്‌സണൽ ജിം ട്രെയിനർ ആയിരുന്നത്. കർദ്ദിനാൾ റോബർട്ട് പ്രിവോസ്റ്റി പോപ്പായതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.

മസെല്ലയുടെ വാക്കുകൾ..

എപ്പോഴും സാധാരണ വേഷത്തിൽ ജിമ്മിൽ വരും. നല്ല ശാന്ത സ്വഭാവമുള്ള ഒരു മനുഷ്യൻ.ആദ്യമായി പോപ്പിനെ കണ്ടപ്പോൾ വിചാരിച്ചത് ഒരു പ്രഫസർ എന്നാണ്. കാരണം അതെ ലുക്കായിരിന്നു അദ്ദേഹത്തിന്. അതുപോലെ പറഞ്ഞു കൊടുക്കുന്ന വ്യയാമം അതുപോലെ ചെയ്യും. ഒരു മടിയും കൂടാതെ ഡയറ്റൊക്കെ ഫോളോ ചെയ്യും.ജിമ്മിൽ പതിവായി പരിശീലനത്തിന് എത്തുമായിരുന്നു. ആരോടും പെട്ടെന്ന് മിണ്ടത്തൊരു കാരക്ടർ കൂടിയാണ് അദ്ദേഹത്തിന്.

പെട്ടെന്ന് ടിവിയിൽ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല; എന്നെ തന്നെ ഒന്ന് പിച്ചി നോക്കി. ഞാൻ ഇപ്പോൾ മൂന്നിരട്ടി ഹാപ്പിയാണ്. ആത്മീയതയും കായിക പരിശീലനവും ഒരുപോലെ കൊണ്ടുപോയ വ്യക്തി. കൂടാതെ അദ്ദേഹമൊരു കിടിലൻ ടെന്നീസ് പ്രേമി കൂടിയാണെന്നും മസെല്ല വ്യക്തമാക്കി.

അതേസമയം, ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നാളെ നടക്കും. ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തുന്നത് നിരവധി ലോകനേതാക്കൾ. സ്ഥാനാരോഹണ ചടങ്ങിൽ 200 ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. വത്തിക്കാൻ കനത്ത സുരക്ഷാവലയത്തിലാണ്. വത്തിക്കാനിൽ ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന കുർബാനയിലും സ്ഥാനാരോഹണ ചടങ്ങിലും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

Similar News