ഇന്ത്യയുടെ ഔദ്യോഗിക നയതന്ത്ര ദൗത്യത്തെ പിശാചുക്കളുടെ പ്രതിനിധി സംഘം എന്ന് വിശേഷിപ്പിക്കുന്ന ഖാലിസ്ഥാന്‍ ഭീകരവാദി; പാകിസ്ഥാനെ കള്ളക്കേസില്‍ കുടുക്കാന്‍ ഇന്ത്യ യുദ്ധം സൃഷ്ടിക്കുന്നു എന്ന് പറയുന്ന കൊടുംഭീകരന്‍; പന്നൂനിന്റെ പ്രസ്താവനയെ ഗൗരവത്തില്‍ എടുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഭീഷണി ഉയര്‍ത്തിക്കാട്ടുന്നതിനായി ഇന്ത്യ ആഗോളതലത്തില്‍ പ്രചാരണം ശക്തമാക്കിയ സാഹചര്യത്തില്‍ ഖാലിസ്ഥാന്‍വാദികള്‍ പാക്കിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തി. ഗുര്‍പത്വന്ത് സിംഗ് പന്നൂനിന്റെ നേതൃത്വത്തിലുള്ള നിരോധിത ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസാണ് ഇതിലെ പ്രധാന സംഘടന. ഈ സംഘടനയുടെ പുതിയ പ്രസ്താവനയെ ഇന്ത്യ ഗൗരവത്തില്‍ എടുക്കും.
സംഘടനയുടെ യുട്യൂബ് ചാനലിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇയാള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയത്. ഇന്ത്യയുടെ പ്രതിനിധി സംഘം അമേരിക്കയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഇയാള്‍ ഇത്തരത്തില്‍ പ്രകോപനകരമായ രീതിയില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെയും പാകിസ്ഥാനിലെ ഒമ്പത് ഭീകര ഒളിത്താവളങ്ങള്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്തതിന്റെയും പശ്ചാത്തലത്തിലാണ് അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അറിയിക്കുന്നതിനും ഇക്കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ സമയവായം ഉണ്ടാക്കുന്നതിനുമായി ഡോ.ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഈ മാസം അവസാനമാണ് അമേരിക്കയില്‍ എത്തുന്നത്.
പ്രസംഗത്തിലുടനീളം പ്രകോപനം സൃഷ്ടിക്കുന്ന പന്നൂണ്‍ ഇന്ത്യയുടെ ഔദ്യോഗിക നയതന്ത്ര ദൗത്യത്തെ പിശാചുക്കളുടെ പ്രതിനിധി സംഘം എന്നാണ് പ്രസംഗത്തില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രതിനിധി സംഘത്തിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെയും യുഎസ് കോണ്‍ഗ്രസിനെയും സമീപിക്കുമെന്നാണ് ഇയാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനെ കള്ളക്കേസില്‍ കുടുക്കാന്‍ ഇന്ത്യ യുദ്ധം സൃഷ്ടിക്കുന്നു എന്നാണ് പന്നൂനിന്റെ മറ്റൊരു ആരോപണം. ഓപ്പറേഷന്‍ സിന്ദൂരിന്റെ പേരില്‍ യുഎസ് ഭരണകൂടം ഇന്ത്യയെ നേരിടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഇന്റലിജന്‍സ് ഇന്‍പുട്ടുകളുടെ നിയമസാധുതയെ പന്നൂണ്‍ ചോദ്യം ചെയ്തു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തിന് തെളിവ് നല്‍കണമെന്നും പന്നൂന്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്നത് പരസ്യമായ കാര്യമാണ്. കൂടാതെ പഞ്ചാബി യുവാക്കളെ ഖാലിസ്ഥാനി പ്രത്യയശാസ്ത്രം പിന്തുടരാന്‍ പ്രേരിപ്പിക്കാന്‍ പന്നൂനും അനുയായികളും പാക്കിസ്ഥാന്‍ ചാരസംഘടനയുടെ സഹായം ഉപയോഗിച്ചതായും പറയപ്പെടുന്നു. ആയുധക്കടത്തിനും മയക്കു മരുന്ന് കടത്താനും പഞ്ചാബിലെ യുവാക്കളെ പ്രേരിപ്പിക്കാനും പന്നൂനിന്റെ പ്രസ്ഥാനം മുന്‍പന്തിയിലായിരുന്നു.
യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികവും പന്നുന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ പന്നൂനിന്റെ അനുയായികള്‍ കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങള്‍ നിരന്തരമായി നടത്തിയിരുന്നു. ഇന്ത്യയിലെ നേതാക്കന്‍മാരുടെ കോലം കത്തിക്കുന്നതും ഇന്ദിരാഗാന്ധിയുടെ വധത്തെ ന്യായീകരിക്കുന്നതും ഇവര്‍ പതിവാക്കിയിരിക്കുകയാണ്.