'എടാ പോടോ എന്ന് വിളിച്ചാണ് പോലീസുകാര്‍ സംസാരിച്ചത്; അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍ നിന്നെയൊക്കെ എടാന്ന് വിളിച്ചാല്‍ എന്തുചെയ്യുമെന്ന് മറുപടി'; പതിനെട്ടാം പടിക്ക് താഴെ ആമ്പലപ്പുഴ പേട്ട സംഘത്തിന്റെ പെരിയോനോട് പോലീസ് ആക്രോശിച്ചത് ഇങ്ങനെ; പടി കയറുമ്പോള്‍ അടിയും ചവിട്ടും; ഇനിയും ആ പോലീസുകാര്‍ക്കെതിരെ നടപടിയില്ല; വിഐപിമാര്‍ക്ക് സുഖദര്‍ശനവും; ശബരിമലയില്‍ പിണറായി മറുപടി പറയുമോ?

Update: 2026-01-14 07:35 GMT

ശബരിമല: ശബരിമല ദര്‍ശനത്തിന് എത്തിയ അമ്പലപ്പുഴ പേട്ട സംഘത്തിനോട് പോലീസിന്റെ പരിധിവിട്ട പെരുമാറ്റമെന്ന് പരാതി. പെരിയോന്‍ ഗോപാലകൃഷ്ണപിള്ള പതിനെട്ടാംപടിയില്‍ മുട്ടിടിച്ച് വീഴുകയുംചെയ്തു. ഈ സംഭവം വ്യാപക പ്രതിഷേധത്തിന് ഇടനല്‍കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുമോ എന്നതാണ് നിര്‍ണ്ണായകം.

ശബരിമല ക്ഷേത്രവുമായി ആചാരപരമായി ആത്മബന്ധമുള്ളവരാണ് അമ്പലപ്പുഴ സംഘം. എരുമേലി പേട്ട കഴിഞ്ഞാണ് സംഘം സന്നിധാനത്ത് എത്തിയത്. ഇവര്‍ ഒന്നിച്ചാണ് പതിനെട്ടാംപടി ചവിട്ടുന്നത്. ഇത് ആചാരമാണ്. ഈ ആചാരമാണ് പോലീസ് തടഞ്ഞത്. ഇതാണ് പ്രശനമുണ്ടാക്കിയത്. ഗുരുതര ആരോപണമാണ് പോലീസിനെതിരെ ഉയരുന്നത്. സംഭവത്തില്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ എഡിജിപി എസ്. ശ്രീജിത്തിന് പരാതി നല്‍കിയിട്ടുണ്ട്. ആ സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് എസ്. ശ്രീജിത്ത് ഉറപ്പുനല്‍കിയതായും പേട്ടസംഘം പറഞ്ഞു. പക്ഷേ പോലീസ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

പെരിയോനും ഒരുസംഘവും ആദ്യമെത്തി പതിനെട്ടാംപടിക്ക് താഴെ ബാക്കിയുള്ളവരെ കാത്തുനിന്നു. അപ്പോള്‍ ഒരു പോലീസുകാരന്‍ ഇവരോട് പടി കയറാന്‍ കയര്‍ത്ത് ആവശ്യപ്പെട്ടെന്നാണ് പരാതി. തര്‍ക്കത്തിന് നില്‍ക്കാതെ പടി കയറവെ, പെരിയോനെയും കൂടെയുള്ളവരെയും പോലീസ് തള്ളിയെന്നും മര്‍ദിച്ചെന്നും അവര്‍ ആരോപിച്ചു. ചിലരുടെ വയറ്റില്‍ കുത്തിയെന്നും ആക്ഷേപമുണ്ട്. 'എടാ പോടോ എന്ന് വിളിച്ചാണ് പോലീസുകാര്‍ സംസാരിച്ചത്. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞപ്പോള്‍ നിന്നെയൊക്കെ എടാന്ന് വിളിച്ചാല്‍ എന്തുചെയ്യുമെന്നായിരുന്നു മറുപടി', പേട്ട സംഘം ആരോപിച്ചു.

ശബരിമലയില്‍ ആചാരലംഘനങ്ങളുടെയും വിഐപി പ്രീണനത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പാരമ്പര്യമായി പതിനെട്ടാം പടി കയറാന്‍ അവകാശമുള്ള അമ്പലപ്പുഴ പേട്ടസംഘം നേതാവ് (സമൂഹപ്പെരിയോന്‍) എന്‍. ഗോപാലകൃഷ്ണ പിള്ളയെ പോലീസ് തള്ളിവീഴ്ത്തിയത് ഗൗരവമുള്ള വിഷയമാണ്. സ്‌പോണ്‍സര്‍മാര്‍ക്കും ഉന്നതര്‍ക്കും സൗകര്യമൊരുക്കാന്‍ നടത്തുന്ന പോലീസ് അതിക്രമത്തിനിടെയാണ് ശബരിമലയിലെ പ്രധാന കര്‍മ്മിയായ ഇദ്ദേഹത്തിന് പരിക്കേറ്റത്.

ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും ഒത്താശയോടെ സന്നിധാനത്ത് സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുന്നതാണ് സാധാരണ തീര്‍ത്ഥാടകരെയും പാരമ്പര്യ വിശ്വാസികളെയും വലയ്ക്കുന്നത്. സ്‌പോണ്‍സര്‍മാരെയും വിഐപികളെയും വേഗത്തില്‍ കടത്തിവിടാന്‍ പതിനെട്ടാം പടിയില്‍ പോലീസ് ഭക്തരെ ക്രൂരമായി തള്ളിമാറ്റുന്നു. ഇതിനിടയിലാണ് അമ്പലപ്പുഴ പെട്ടസംഘം എത്തിയപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നും അനാവശ്യമായ ബലപ്രയോഗം ഉണ്ടായത്.

പെട്ടതുള്ളി എത്തിയ സംഘത്തിന് പതിനെട്ടാം പടിയില്‍ ലഭിക്കേണ്ട ബഹുമാനവും പരിഗണനയും പോലീസ് നിഷേധിച്ചു. സമൂഹപ്പെരിയോന്‍ ഗോപാലകൃഷ്ണ പിള്ളയെ പോലീസ് ഉദ്യോഗസ്ഥന്‍ പിന്നില്‍ നിന്നും തള്ളിയതിനെത്തുടര്‍ന്ന് അദ്ദേഹം പടിയില്‍ വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ശബരിമലയിലെ അതിപുരാതനമായ ആചാരങ്ങളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അവരെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് തീര്‍ത്ഥാടകര്‍ ആരോപിക്കുന്നു.

സാധാരണക്കാര്‍ മണിക്കൂറുകളോളം വരിനില്‍ക്കുമ്പോള്‍, പണം നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും വരിനില്‍ക്കാതെ ദര്‍ശനം നല്‍കുന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിഐപികളെ സേവിക്കുന്നതിനിടയില്‍ പാരമ്പര്യ ചടങ്ങുകള്‍ക്കും ആചാര അനുഷ്ഠാനങ്ങള്‍ക്കും ഭംഗം വരുത്തുന്നത് അയ്യപ്പഭക്തരെ പ്രകോപിപ്പിക്കുകയാണ്. സന്നിധാനത്ത് പോലീസിന്റെ 'കാടത്തം' നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.

Similar News