തൊഴില്‍ തേടി മുംബൈയിലെത്തി; ബിഎംസി തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍; ധാരാവിയില്‍ വിജയപ്രതീക്ഷയോടെ തൃശ്ശൂരുകാരന്‍ ജഗദീഷ്; മീരാഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ചങ്ങനാശേരിക്കാരി ഷീജ മാത്യൂസ്

Update: 2026-01-14 10:49 GMT

മുംബൈ: വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടിലാണ് മുംബൈ നഗരം. ബിഎംസി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴിപ്പിക്കുകയാണ് മഹായുതിയും ഉദ്ധവ് - രാജ് താക്കറെ വിഭാഗങ്ങളും. മലയാളി സ്ഥാനാര്‍ഥികള്‍ മാറ്റുരയ്ക്കുന്നതിലൂടെ ശ്രദ്ധേയമാകുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയും മീരാഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ പത്തൊന്‍പതാം വാര്‍ഡും. ധാരാവിയില്‍ വിജയ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങുന്നത് തൃശ്ശൂര്‍ സ്വദേശിയായ ജഗദീഷ് തൈവളപ്പിലാണ്. ഇത് രണ്ടാം തവണയാണ് ബിഎംസി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വാര്‍ഡില്‍ വിളിപ്പുറത്തുള്ള അംഗമെന്ന നിലയില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണു ധാരാവിക്കാരുടെ ജഗദീഷ് ഭായ്.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ ജഗദീഷ് 40 വര്‍ഷം മുന്‍പാണു ജീവിതം കെട്ടിപ്പടുക്കാന്‍ തൊഴില്‍ തേടി മുംബൈയിലെത്തിയത്. ജീവിതം പച്ചപിടിച്ചപ്പോള്‍ സുഹൃത്തുക്കളുടെ താല്പര്യത്തിന് വഴങ്ങി രാഷ്ട്രീയത്തിലുമിറങ്ങി. മൂന്ന് പതിറ്റാണ്ടായി സാമൂഹിക-രാഷ്ട്രീയ രംഗത്തു സജീവമാണ്. 2017ല്‍ ശിവസേനയുടെ സ്ഥാനാര്‍ഥിയായി ബി.എം.സിലേക്ക് മത്സരിച്ചപ്പോള്‍ 680 വോട്ടുകള്‍ക്കായിരുന്നു വിജയം. ബിജെപി, ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും വലിയ സാമ്പത്തിക പ്രലോഭനങ്ങളുണ്ടായപ്പോഴും ഉദ്ധവിനൊപ്പം ആത്മാര്‍ത്ഥമായി ഉറച്ചുനിന്നു. വാര്‍ഡില്‍ പൂര്‍ത്തിയാക്കിയ വികസനപദ്ധതികള്‍ വോട്ടായി മാറുമെന്നാണ് ജഗദീഷിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രതീക്ഷ. 52,000 വോട്ടര്‍മാരുള്ള വാര്‍ഡില്‍ പ്രധാന എതിരാളി ബിജെപിയാണ്.

മൂന്ന് പതിറ്റാണ്ട് മുന്‍പ് മുംബൈയില്‍ എത്തുമ്പോള്‍ ഷീജ മാത്യൂസ് കരുതിയിരുന്നില്ല താനൊരു സാമൂഹികപ്രവര്‍ത്തകയായി മാറുമെന്ന്. മീരാഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു ഇത്തവണ ശിവസേന (ഷിന്‍ഡെ) സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ വലിയ സന്തോഷത്തിലാണ് ഈ ചങ്ങനാശേരിക്കാരി. 38,000 വോട്ടര്‍മാരുള്ള 19ാം വാര്‍ഡിലാണു മത്സരിക്കുന്നത്. കോവിഡ് കാലത്തു ഷീജയുടെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശ്രദ്ധിച്ച മന്ത്രി പ്രതാപ് സര്‍നായിക്കാണു സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യവുമായി എത്തിയത്. തിരുവല്ല മാര്‍ത്തോമ്മാ കോളജിലെ പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന ഷീജ ഇവിടെ ഇത്തരമൊരു നിയോഗം തേടിയെത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.

1995ല്‍ മുംബൈയില്‍ എത്തിയതിനു പിന്നാലെ സ്വകാര്യ കമ്പനിയില്‍ ജോലി നേടി. അതിനിടെ എംകോമും പിന്നീട് എല്‍എല്‍ബിയും കുടുംബത്തിന്റെ പിന്തുണയോടെ സ്വന്തമാക്കി. മുന്‍ കോര്‍പ്പറേറ്ററും മലയാളിയുമായ സജി പാപ്പച്ചന്റെ നേതൃത്വത്തില്‍ തുടരുന്ന ചിട്ടയായ പ്രചാരണം തന്നെ വിജയത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഷീജ.

വികസനപദ്ധതികള്‍ക്കൊപ്പം മലിനീകരണവും ചര്‍ച്ചയാകുന്ന മുംബൈ കോര്‍പറേഷനില്‍ (ബിഎംസി) 2 പതിറ്റാണ്ടിനു ശേഷം താക്കറെ ബ്രാന്‍ഡ് (ഉദ്ധവ് താക്കറെ രാജ് താക്കറെ) വിജയക്കൊടി പാറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശിവസേനയിലെ പിളര്‍പ്പിനു ശേഷം തങ്ങളുടെ ശക്തികേന്ദ്രമായ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉദ്ധവ് രാജ് സഖ്യത്തോടാണു ഷിന്‍ഡെ വിഭാഗത്തിന്റെ മത്സരം.

ബിജെപിയുമായി ചേര്‍ന്നു ഷിന്‍ഡെ വിഭാഗം മത്സരിക്കുമ്പോള്‍ മഹായുതിയുടെ ഭാഗമായ എന്‍സിപി (അജിത്), മഹാവികാസ് അഘാഡിയുടെ ഭാഗമായ കോണ്‍ഗ്രസ് എന്നിവര്‍ ഒറ്റയ്ക്കാണു മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബിഎംസി തിരഞ്ഞെടുപ്പില്‍ 69 സീറ്റിലാണ് ഉദ്ധവ് വിഭാഗവും ഷിന്‍ഡെ വിഭാഗവും നേരിട്ടു ഏറ്റുമുട്ടുന്നത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ഷിന്‍ഡെ വിഭാഗം പോരാട്ടം 18 സീറ്റിലും നടക്കും. ചുരുക്കത്തില്‍ 87 വാര്‍ഡുകളിലാണു താക്കറെ സഹോദരന്മാരോടു ഷിന്‍ഡെ ഏറ്റുമുട്ടുന്നത്. അതേസമയം, ഉദ്ധവ് വിഭാഗവും ബിജെപിയും ഒട്ടേറെ സീറ്റുകളില്‍ നേരിട്ടു മത്സരിക്കുന്നുണ്ട്.

Tags:    

Similar News