കോടിയേരിയ്ക്കും കെ എം മാണിക്കും സ്മാരകങ്ങള്‍; യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ കണക്ട് ടു വര്‍ക്ക് പദ്ധതി; ജോസ് കെ മാണി ഇടതില്‍ ഉറയ്ക്കുമ്പോള്‍ മന്ത്രിസഭാ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗ്ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കോടിയേരിയ്ക്കും കെ എം മാണിക്കും സ്മാരകങ്ങളും മന്ത്രിസഭയുടെ തീരുമാനങ്ങളിലുണ്ട്. ജോസ് കെ മാണിയുടെ ഇടതു മുന്നണിയ്ക്ക് അനുകൂലമായ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം.
അപേക്ഷകര്‍ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍/ ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയില്‍വെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ 5 ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.
യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം
തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കര്‍ ഭൂമിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും. പ്രതിവര്‍ഷം ആര്‍ ഒന്നിന് നൂറു രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് (KBMASS)-ന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.
കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍
തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമി കെ. എം. മാണി ഫൗണ്ടേഷന് ?.?. Mani Memorial Institute for Social Transformation സ്ഥാപിക്കുന്നതിനായി ആര്‍. ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.
തസ്തിക
2020-21 വര്‍ഷത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്ക് 48 തസ്തികകള്‍ സൃഷ്ടിക്കും. 16 മണിക്കൂര്‍ വര്‍ക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുക.
വാഹനാപകടത്തെത്തുടര്‍ന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂര്‍, എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.ടി (മലയാളം) അധ്യാപകന്‍ പ്രശാന്ത് കുളങ്ങരയെ സര്‍വീസില്‍ നിലനിര്‍ത്തി ആനുകൂല്യങ്ങള്‍ നല്‍കും. ഇതിനായി സ്‌കൂളില്‍ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി.
ഭരണാനുമതി
മൂലത്തറ വലതുകര കനാല്‍, വരട്ടയാര്‍ മുതല്‍ വേലന്താവളം വരെ ദീര്‍ഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വിസിഷന്‍ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നല്‍കിയത്.
തുക അനുവദിക്കും
2018 പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് Care and Share Foundation മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.
നിയമനം
കായിക താരങ്ങള്‍ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്നുണ്ടായ 26 എന്‍.ജെ.ഡി. ഒഴിവുകളില്‍, കായികരംഗത്ത് നിന്നും വിരമിച്ച 20 പേരെ റെഗുലര്‍ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പില്‍ അതത് താലൂക്ക് ഓഫീസുകളില്‍ സൂപ്പര്‍ന്യൂമററി തസ്തികകളിലും നിയമിക്കുന്നതിന് അനുമതി നല്‍കി.
