ക്വാര്‍ട്ടര്‍ എന്ന വിളിപ്പേരില്‍ 180 എംഎല്‍ പ്ലാസ്റ്റിക് ബോട്ടിലിലെ മദ്യ വിതരണം 2019ലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധം; പരാതിക്കാരന്റെ വാദങ്ങള്‍ നിയമപരമായി പരിഗണിച്ച് രണ്ട് മാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി; വീണ്ടും പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം ചര്‍ച്ചകളിലേക്ക്; ബിവറേജസില്‍ 'ക്വാര്‍ട്ടറിന്' നിരോധന വരുമോ?

Update: 2025-05-21 10:27 GMT

തിരുവനന്തപുരം: മദ്യശാലകളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് കുപ്പിയ്ക്കുള്ളില്‍ മദ്യ വിതരണത്തില്‍ സര്‍ക്കാരിനും ബിവറേജസ് കോര്‍പ്പറേഷനും വെല്ലുവിളിയായി ഹൈക്കോടതി ഉത്തരവ്. കേരളത്തില്‍ 300 എംഎല്‍ അളവില്‍ കുറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമുണ്ട്. 2019ല്‍ പരിസ്ഥിതി വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയതാണ്. എന്നാല്‍ ഇപ്പോഴും അതിലും ചെറിയ കുപ്പിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം കിട്ടും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സുപ്രധാന തീരുമാനമാണ് എടുത്തത്. പ്ലാസ്റ്റിക് കുപ്പിയിലെ പ്ലാസ്റ്റിക് ഉപയോഗവുമായ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും നിര്‍ണ്ണായക നിര്‍ദ്ദേശമാണ് സര്‍ക്കാരിന് കോടതി നല്‍കിയത്. പരാതിക്കാരന്റെ ആവശ്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് പരിശോധിക്കാനും രണ്ടു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2019ലെ പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം 300 എംഎല്ലില്‍ താഴെയുള്ള പെറ്റ് ബോട്ടിലുകള്‍ക്ക് നിരോധനമുണ്ട്. ഈ ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം ഹര്‍ജിക്കാരന്റെ ആവശ്യങ്ങളിലെ ന്യായവും ഉത്തരവില്‍ കോടതി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ബിവറേജസ് കോര്‍പ്പറേഷന്‍ 180 എംഎല്‍, 375 എംഎല്‍, 750എംഎല്‍, 1000 എംഎല്‍ ബോട്ടിലുകളില്‍ മദ്യം നല്‍കുന്നുണ്ട്. ക്വാര്‍ട്ടര്‍ എന്നി വിളിപ്പേരില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നല്‍കുന്ന മദ്യത്തിന്റെ അളവാണ് 180 എംഎല്‍. അതായത് നിലവിലെ ഉത്തരവ് പ്രകാരം ഈ കുപ്പികളിലെ വില്‍പ്പനയ്ക്ക് കേരളത്തില്‍ നിരോധനമുണ്ട്. ഇതാണ് ഹൈക്കോടതി വിധി ഉയര്‍ത്തി പിടിക്കുന്ന അന്തസത്ത. വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ രണ്ടു മാസത്തിനകം തീരുമാനം എടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ ഔട്ട് ലെറ്റുകളില്‍ നിലവിലെ ഉത്തരവ് പ്രകാരം ക്വാര്‍ട്ടര്‍ അളവിലെ മദ്യം വില്‍ക്കാന്‍ കഴിയില്ല. അല്ലാത്ത പക്ഷം 2019ലെ ഉത്തരവ് പിന്‍വലിക്കുകയും പെറ്റ് ബോട്ടിലുകള്‍ 300 എംഎല്ലില്‍ താഴെ ഉപയോഗിക്കാമെന്ന തരത്തില്‍ ഭേദഗതി കൊണ്ടു വരികയും വേണം. ഇതിന് സര്‍ക്കാര്‍ തയ്യറായില്ലെങ്കില്‍ 180 എംഎല്‍ കുപ്പിയിലെ മദ്യ വില്‍പ്പന നടക്കില്ല. ചില്ലു കുപ്പിയിലേക്ക് മദ്യം മാറ്റാന്‍ കമ്പനികള്‍ തയ്യാറാകുമോ എന്നതും നിര്‍ണ്ണായകമാണ്. ഏതായാലും കരുതലോടെ തീരുമാനം എടുക്കേണ്ട അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തുകയാണ്.

പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ഒഴുകിയെത്തി തോടുകളും കനാലുകളും അടയുമ്പോഴും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിയാതെ ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യവിതരണം അനുവദിക്കില്ലെന്ന് നേരത്തേ മദ്യനയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മദ്യക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തിയതോടെ ഈ നീക്കത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. കേരളത്തില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ വഴി മദ്യക്കമ്പനികള്‍ വിറ്റഴിക്കുന്ന മദ്യത്തില്‍ 70 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണെത്തുന്നത്. ചില്ലുകുപ്പികള്‍ കേരളത്തില്‍ നിര്‍മിക്കുന്നില്ലെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുമ്പോള്‍ ചെലവേറുമെന്നുമാണു മദ്യക്കമ്പനികളുടെ വാദം.

തമിഴ്‌നാട്ടില്‍ മദ്യത്തിന്റെ കാലിക്കുപ്പികള്‍ വലിച്ചെറിയുന്നതു മാലിന്യ പ്രശ്‌നമായപ്പോള്‍ കോടതി ഇടപെട്ടിരുന്നു. തുടര്‍ന്ന് മദ്യക്കടകളില്‍നിന്നു തന്നെ കാലിക്കുപ്പികള്‍ ശേഖരിക്കുമെന്നു തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പിയില്‍ മദ്യം വാങ്ങുന്ന ഉപയോക്താവിനോടു 10 രൂപ അധികം വാങ്ങുകയും, ഈ കുപ്പി തിരിച്ചേല്‍പ്പിക്കുമ്പോള്‍ 10 രൂപ മടക്കി നല്‍കുകയുമാണു പദ്ധതി. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ബവ്‌കോ ക്ലീന്‍ കേരള കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ മദ്യക്കമ്പനികള്‍ നിരുത്സാഹപ്പെടുത്തിയതോടെ കരാര്‍ പുതുക്കിയില്ല. പിന്നീട് പ്ലാസ്റ്റിക് കുപ്പികളില്‍ തന്നെ മദ്യവിതരണം തുടരാന്‍ ബവ്‌കോ തീരുമാനിച്ചിരുന്നത്. ചില്ലുകുപ്പികള്‍ക്ക് വിലക്കൂടുതലും, കിട്ടാന്‍ പ്രയാസവുമായതുമാണ് തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ കാരണം. പ്രതിവര്‍ഷം 56 കോടി കുപ്പി മദ്യം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പ്ലാസ്റ്റിക് കുപ്പികള്‍ എത്തുന്നത് പരിസ്ഥിതിക്ക് ദോഷം എന്നത് കണക്കിലെടുത്താണ് ചില്ലു കുപ്പിയിലേക്ക് മാറാന്‍ തീരുമാനിച്ചത്.


കഴിഞ്ഞ വര്‍ഷം വര്‍ഷം മുതല്‍ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചില്ലു കുപ്പികളാക്കണമെങ്കില്‍ മദ്യത്തിന്റെ വില കൂട്ടണമെന്നായി മദ്യ കമ്പനികള്‍. നിലവിലെ കുപ്പി മാറുമ്പോള്‍ 10 രൂപ വരെ അധികം വേണ്ടി വരും. മാത്രമല്ല വെയര്‍ഹൗസുകളിലും ചില്ലറ വില്‍പന ശാലകളിലും ഇറക്കുമ്പോള്‍ പൊട്ടുന്നവയുടെ നഷ്ടവും കമ്പനികള്‍ സഹിക്കണം . ഇതോടെയാണ് ചില്ലു കുപ്പികള്‍ പറ്റില്ലെന്ന നിലപാട് കമ്പനികള്‍ ബവ്‌കോയെ അറിയിച്ചത്. മാത്രമല്ല കുപ്പി ശേഖരണത്തിലെ പ്രായോഗികതയും പ്രശ്‌നമായപ്പോള്‍ ബവ്‌കോ പിന്‍മാറുകയായിരുന്നു. പരിസ്ഥിതിക്ക് ഏറെ ദോഷമായതും പുനരുപയോഗിക്കാന്‍ പറ്റാത്തതുമായ ആറ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പ്ലേറ്റ്, ചെറിയ കുപ്പികള്‍, സ്‌ട്രോ, ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവ നിരോധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതും നടപ്പിലായിട്ടില്ല.



 


 ആറ് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യയുടെ ആകെ പ്ലാസ്റ്റിക് ഉപയോഗത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറവാണുണ്ടാവുക. ഈ വസ്തുക്കള്‍ക്ക് സമ്പൂര്‍ണ നിരോധനമാണ് ഏര്‍പ്പെടുത്തുക. ഇവയുടെ ഉല്‍പാദനം, ഉപയോഗം, ഇറക്കുമതി എന്നിവ നിരോധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതും നടപ്പായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വലിയ പങ്കും പുന:രുപയോഗം സാധ്യമല്ലാത്ത ഉല്‍പന്നങ്ങളാണ്. ഇതിന്റെ 50 ശതമാനവും സമുദ്രങ്ങളിലാണ് എത്തിച്ചേരുന്നത്. ഇത് ജലജീവികളെ ഇല്ലാതാക്കുന്നതിനൊപ്പം ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യനിലേക്കും എത്തിച്ചേരുന്നുണ്ട്. അതോടൊപ്പം, നിലവില്‍ നിരോധിക്കുന്ന മിക്ക ഉത്പന്നവും ഉപയോഗ ശേഷം മണ്ണില്‍ ഇടുന്നവയാണ്. ഇവ മണ്ണില്‍ ലയിക്കാതെ കിടക്കുന്നത് മണ്ണിനും പ്രകൃതിക്കും ഏറെ ദോഷകരമാണ്.

Tags:    

Similar News