രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ചുറ്റുമതില്‍ പൊളിച്ചു; ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ അക്രമവും, അസഭ്യ വര്‍ഷവും; വഴിക്ക് വീതി കൂട്ടാന്‍ സ്ഥലം നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാവിന്റെ ഗുണ്ടായിസം; അക്രമത്തിന് കൂട്ടുനിന്നത് ജെസിബി ഡ്രൈവറും സഹായിയും; കേസെടുത്ത് പോലീസ്

Update: 2025-05-23 08:49 GMT

പത്തനംതിട്ട: രാത്രി അതിക്രമിച്ച് കയറി വീടിന്റെ ചുറ്റുമതില്‍ പൊളിച്ചത് ചോദ്യം ചെയ്ത വയോധികയെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കോഴഞ്ചേരി സ്വദേശിയായ സാറാമ്മ ഫിലിപ്പോസ് നല്‍കിയ പരാതിയിലാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനു എം വര്‍ഗീസ്, ജെസിബി ഡ്രൈവര്‍, ഡ്രൈവറുടെ സഹായി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമീപവാസിയായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ അനുവിന്റെ നേത്യത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു മാറ്റിയതെന്നാണു ആറന്മുള പോലീസില്‍ നല്‍കിയ പരാതി. അനുവിന്റെ വിട്ടിലേക്കു പോകുന്ന വഴിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച മതിലാണ് പൊളിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് സംഭവമുണ്ടായത്. മക്കളെല്ലാം മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ സാറാമ്മ തനിച്ചാണ് താമസിക്കുന്നത്. റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന വീട് മതില്‍ കെട്ടി സംരക്ഷിച്ചിരിക്കുകയായിരുന്നു. റോഡിന്റെ വീതി കൂട്ടുന്നതിനായി സ്ഥലം നല്‍കണമെന്ന ആവശ്യം സമീപവാസിയായ അനു പറഞ്ഞിരുന്നു. എന്നാല്‍ ലോറി പോകാനുള്ള വീതി റോഡിന് ഉണ്ടെന്നും വഴിക്കായി മൂന്ന് വീട്ടുകാര്‍ സ്ഥലം കൊടുത്തിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നത്. മുന്‍പ് റോഡ് വീതി കൂട്ടാനായി വഴിയുടെ ഒരു വശത്ത് നിന്നും മാത്രമാണ് ഭൂമി എടുത്തത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വഴിക്കായി സ്ഥലം ആവശ്യപ്പെടുന്നത് ന്യായമല്ലെന്നാണ് പരാതിക്കാരുടെ പക്ഷം.

രാത്രി മതില്‍ പൊളിക്കുന്ന ശബ്ദം കേട്ടാണ് സാറാമ്മ പുറത്ത് വരുന്നത്. വീടിന്റെ മുറ്റത്തേക്ക് മതില്‍ പൊളിഞ്ഞ് വീണതോടെ വീട്ടിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്. സംഭവം ചോദ്യം ചെയ്ത സാറാമ്മയ്ക്കു നേരെ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ഇരുമ്പു പൈപ്പ് ഉപയോഗിച്ച് വീശി അടിക്കാന്‍ ജെസിബി ഡ്രൈവറുടെ സഹായി ശ്രമിച്ചതായും ചീത്തവിളിച്ച് അപമാനിച്ചതായും ആരോപണമുണ്ട്. മതില്‍ പൊളിച്ചതിനു ശേഷം കല്ലുകള്‍ നീക്കം ചെയ്യേണ്ട എന്ന പോലീസ് നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് തന്നെയും ബന്ധുവിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

സംഭവത്തില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്ക് എതിരെ കേസ് എടുത്തതായി ആറന്മുള പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 329 (3), 324 (5), 351 (2), 3 (5) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടവഴി മാത്രം ഉണ്ടായിരുന്ന ഇവിടെ തങ്ങളുടെ സ്ഥലം കൂടി വിട്ടു നല്‍കിയാണ് റോഡിനു വീതി കൂട്ടിയതെന്നും റോഡിന്റെ മറ്റ് ഭാഗങ്ങളെക്കാള്‍ വീതി ഇവിടെയുണ്ടെന്നും പരാതിക്കാരി പറയുന്നു.

വീടുപണി പൂര്‍ത്തിയാകുമ്പോള്‍ മതിലും പുനര്‍നിര്‍മിക്കുമെന്നും പറഞ്ഞിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് രാത്രി മതില്‍ പൊളിച്ചു മാറ്റിയതെന്നും ഇക്കാര്യത്തില്‍ നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സാറാമ്മ പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം പ്രതികള്‍ ഉണ്ടാക്കിയത്.

Tags:    

Similar News