മസ്തിഷ്‌ക ജ്വരത്തിന് കാരണമായ കുളം; പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിയത് ആഴ്ചകള്‍ക്ക് ശേഷം; ആരോഗ്യ കേരളം രോഗങ്ങളോട് പ്രതികരിക്കേണ്ടത് ഇങ്ങനെയോ? ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയാന്‍
നെടുമങ്ങാട്: നെടുമങ്ങാട്ടെ ക്ഷേത്രക്കുളത്തില്‍ കുളിച്ച കുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച സംഭവത്തില്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നത് ആഴ്ചകള്‍ പിന്നിടുമ്പോള്‍. മൂന്നു കുട്ടികള്‍ക്കാണ് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഇത്രയും ഗുരുതരമായ സംഭവമായിട്ടും നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ അധികാരികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ആരോഗ്യ മേഖലയില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ പുറത്ത് വരുന്നത്. വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടല്‍ അനിവാര്യമാണ്. നഗരസഭയ്ക്കും, ആരോഗ്യ വിഭാഗത്തില്‍ നിന്നും വിശദീകരണം തേടേണ്ട വിഷയമാണിത്. വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണം.
നാട്ടുകാരുടെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ക്ഷേത്ര കുളത്തില്‍ നിന്നും ആരോഗ്യ വിഭാഗം പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചത്. ക്ഷേത്ര കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്ന് രോഗം ആദ്യം സ്ഥിരീകരിച്ച ഒന്‍പതാം ക്ലാസുകാരന്റെ ആരോഗ്യനില ഭേദപ്പെട്ടതായാണ് സൂചന. രോഗം പിടിപെട്ട മറ്റ് കുട്ടികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെടുമങ്ങാട് കരുപൂരിലെ ക്ഷേത്രക്കുളത്തില്‍ കുളിച്ച കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ആരോഗ്യ വിഭാഗം പരിശോധനക്കായി എത്തിയത്. ഏപ്രില്‍ 15-നുശേഷം ഈ കുളത്തില്‍ കുളിച്ച ഒന്‍പതാം ക്ലാസുകാരനാണ് ആദ്യം രോഗം പിടിപെട്ടത്. ഈ കുട്ടിയെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനി മാറാത്തതിനാല്‍ മൂന്നു ദിവസത്തിനു ശേഷം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരമാണെന്നു കണ്ടെത്തിയത്. ഇതിനുപിന്നാലെ ഈ കുളത്തില്‍ കുളിച്ച രണ്ടു കുട്ടികള്‍ക്കുകൂടി രോഗം കണ്ടെത്തി. കുളത്തില്‍ നിരവധി കുട്ടികള്‍ കുളിച്ചിരുന്നതിനാല്‍ മാതാപിതാക്കള്‍ അടക്കം വലിയ ആശങ്കയിലായി. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാന്‍ നാട്ടുകാരും, മാതാപിതാക്കളും ചേര്‍ന്ന് മുന്‍കരുതലുകള്‍ ശക്തമാകുമ്പോഴും അധികാരികള്‍ അനങ്ങുന്നത് ആഴ്ചകള്‍ പിന്നിടുമ്പോഴാണ്. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് നടത്തിയ പരിശോധനയിലാണ് രോഗസ്ഥിരീകരണം നടത്തിയ തെന്നു രക്ഷിതാക്കള്‍ പറയുന്നു.
കടുത്ത ഛര്‍ദിയും കണ്ണുകള്‍ക്ക് ചുവപ്പും ആഹാരം വെറുപ്പുമായിരുന്നു രോഗലക്ഷണങ്ങള്‍. കരുപ്പൂര് തൊണ്ടിക്കര സ്വദേശികളായ മറ്റ് രണ്ടു കുട്ടികള്‍ ചികിത്സയിലാണ്. ഇരുവരും സഹോദരങ്ങളാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ഒന്‍പതാം ക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നെങ്കിലും അത്ഭുതകരമായ മാറ്റമാണ് ആരോഗ്യനിലയിലുണ്ടായത്. കുളത്തിലിറങ്ങുന്നത് തടഞ്ഞ് നഗരസഭയോ ആരോഗ്യവിഭാഗമോ നടപടി സ്വീകരിച്ചിരുന്നില്ല. നൂറുവര്‍ഷത്തിലധികം പഴക്കമുള്ളതാണ് ക്ഷേത്രക്കുളം. ഉത്സവകാലത്തു മാത്രമാണ് ക്ഷേത്രക്കുളം നവീകരിക്കുന്നത്. ക്ഷേത്രമതിലിനു പുറത്താണ് കുളം.
രോഗവിവരം സ്ഥിരീകരിച്ചതോടെ ക്ഷേത്രഭാരവാഹികള്‍ കുളത്തില്‍ കുട്ടികളിറങ്ങി കുളിക്കാതിരിക്കാനായി കയര്‍ വലിച്ചു കെട്ടി പ്രതിരോധമൊരുക്കി. കുളത്തിലിറങ്ങരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു. വേനലവധിക്കാലമായതിനാല്‍ ഒട്ടേറെ കുട്ടികള്‍ ഈ കുളത്തില്‍ കുളിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. സമാനമായ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.