കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ച രണ്ട് പേര്‍; ഇരുന്നത് ഒരേ നമ്പറിലുള്ള സീറ്റില്‍; അവിശ്വസനീയമായ സാമ്യത; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞ് ഞെട്ടിയത് തായ് നടന്‍ റുവാങ്സാക്

വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞ് ഞെട്ടിയത് തായ് നടന്‍ റുവാങ്സാക്

Update: 2025-06-14 14:28 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്ന് ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ ജീവനോടെ പുറത്തെത്തിയ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ രമേശ് വിശ്വാസ് കുമാര്‍ ബുചര്‍വാദ(40) ആണ് ഏവരെയും അത്ഭുതപ്പെടുത്തി അപകടത്തെ അതിജീവിച്ചത്. 242 പേരുമായി കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ച ഒരേയൊരാള്‍.

വലതു വശത്ത് വിമാന ചിറകിന് മുന്നില്‍ ജനലിനോട് ചേര്‍ന്ന 11എ സീറ്റിലിരുന്ന വിശ്വാസിന് തീപടരുന്നതിന് മുന്‍പ് പുറത്ത് കടക്കാന്‍ കഴിഞ്ഞതാണ് രക്ഷയായത്. കാര്യമായ പരിക്കുകളില്ലാതെ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നടന്നായിരുന്നു അദ്ദേഹം ആശുപത്രിയിലേക്ക് പോയത്. ഒപ്പം സഞ്ചരിച്ച രമേശിന്റെ സഹോദരന്‍ മരണപ്പെട്ടു.

ഇപ്പോഴിതാ വിമാനാപകടത്തില്‍ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട വിശ്വാസുമായി ബന്ധപ്പെട്ട് തായ്ലാന്‍ഡ് നടനും ഗായകനുമായ റുവാംഗ്സാക് ലോയ്ചുസാക് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്. 27 വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അനുഭവമാണ് റുവാംഗ്സാക് പങ്കുവച്ചത്. അന്ന് നടന്‍ ഇരുന്നതും 11എ സീറ്റിലായിരുന്നു. 1998 ഡിസംബര്‍ 11ന് ദക്ഷിണ തായ്ലാന്‍ഡിലാണ് വിമാനാപകടമുണ്ടായത്. ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ തായ് എയര്‍വേയ്സ് ഫ്‌ലൈറ്റ് ടിജി261 ഒരു ചതുപ്പിലേക്ക് പതിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 146 പേരില്‍ 101 പേര്‍ മരിച്ചു. അന്ന് 20 വയസായിരുന്നു റുവാംഗ്സാകിന്.എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വാസ് 11എ സീറ്റിലാണ് ഇരുന്നത് എന്ന കേട്ടപ്പോള്‍ തനിക്ക് മരവിപ്പ് അനുഭവപ്പെട്ടുവെന്നാണ് നടന്‍ പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. തന്റെ പക്കല്‍ അന്നത്തെ ബോര്‍ഡിംഗ് പാസ് ഇല്ലെങ്കിലും അന്നത്തെ വിമാനാപകടവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പത്രവാര്‍ത്തകളില്‍ തന്റെ സീറ്റ് നമ്പറും ഉണ്ടെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

വിശ്വാസ് കുമാര്‍ രക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്റെയും അദ്ദേഹത്തിന്റെയും സീറ്റ് നമ്പറുകളിലെ സാമ്യത കണ്ട് അമ്പരന്നുപോയെന്ന് റുവാങ്സാക് പറഞ്ഞു. ഇന്ത്യയിലെ ഒരു വിമാനദുരന്തത്തിലെ അതിജീവിച്ചയാള്‍. അദ്ദേഹവും എന്റേതിന് സമാനമായ സീറ്റിലായിരുന്നു ഇരുന്നത്.11 എ- റുവാങ്സാക് ഫെയ്സ്ബുക്കില്‍ കുറിച്ചു.

അപകടത്തിനു ശേഷമുള്ള തന്റെ ജീവിതത്തെ രണ്ടാം ജീവിതമാണെന്ന് പറഞ്ഞ അദ്ദേഹം അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനവും അറിയിച്ചു.വിമാനാപകടത്തിന് ശേഷം വര്‍ഷങ്ങളോളം താന്‍ അനുഭവിച്ച ആഘാതത്തെയും അതിജീവിച്ചയാളുടെ കുറ്റബോധത്തെയും കുറിച്ച് നടന്‍ നിരവധി അവസരങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം അദ്ദേഹം പിന്നീട് വിമാനയാത്ര നടത്തിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Similar News