വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വന മേഖലയില്‍ ഇവര്‍ എത്തിയത് എങ്ങനെ എന്നത് അജ്ഞാതം; വന്യ മൃഗങ്ങളും പാമ്പുകളും കൂട്ടുകാരെന്ന് റഷ്യക്കാരി; കുട്ടിനയും രണ്ടു പെണ്‍മക്കളും ഗോകര്‍ണ്ണ വനത്തില്‍ കഴിഞ്ഞത് ഒരു ഗുഹയ്ക്കുള്ളില്‍; വിശദ അന്വേഷണത്തിന് പോലീസ്; ഈ കാട്ടു ജീവിതം സര്‍വ്വത്ര ദുരൂഹം

Update: 2025-07-18 04:51 GMT

ബംഗളൂരു: കര്‍ണാടകയിലെ ഒരു ഗുഹയില്‍ ഒരു റഷ്യന്‍ വനിത രണ്ട് പെണ്‍മക്കളോടൊപ്പം വളരെ നാളുകളായി താമസിച്ചതായി ഈയിടെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇതിന്റെ പശ്ചാത്തലം കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് പോലീസ്. ഈ മാസം ഒമ്പതിനാണ് ഗോവാ അതിര്‍ത്തിയിലുള്ള ഗോകര്‍ണ വന മേഖലയിലെ രാംതീര്‍ത്ഥ കുന്നുകള്‍ക്ക് സമീപം പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരാണ് ഇവരെ കണ്ടെത്തിയത്. നീന കുട്ടിന എന്നാണ് ഇവരുടെ പേര്. നാല്‍പ്പതുകാരിയായ ഇവര്‍ക്കും അഞ്ചും ആറും വയസുള്ള രണ്ട് പെണ്‍മക്കള്‍ക്കും ഇന്ത്യയില്‍ താമസിക്കാനുള്ള മതിയായ രേഖകള്‍ കൈവശം ഇല്ലായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ബംഗളൂരുവിന് അടുത്തുള്ള വിദേശികള്‍ക്കായുള്ള തടവറയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കുട്ടീന താനും കുട്ടികളും ഗുഹയിലെ ജീവിതം ഏറെ ഇഷ്ടപ്പെട്ടിരുന്നതായും പ്രകൃതിയുമായി ഒത്ത് ചേര്‍ന്ന് ജീവിക്കാനുള്ള വലിയൊരു അവസരമാണ് ഇതിലൂടെ ലഭിച്ചതെന്നുമാണ് വെളിപ്പെടുത്തിയത്. പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് ജീവിച്ചത് തങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്തു എന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവരെ കണ്ടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും വന്യമൃഗങ്ങള്‍ സൈര്യവിഹാരം നടത്തുന്ന ഈ വനമേഖലയില്‍ ഇവര്‍ എങ്ങനെയാണ് എത്തിയത് എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. ഇവര്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എത്ര കാലമായി ഇവിടെ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണിത്. എന്നാല്‍ ഇവിടെ ധാരാളം പാമ്പുകള്‍ ഉണ്ട്. മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ് പ്രത്യേകിച്ച് മഴക്കാലത്ത്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇവിടെ പോലീസ് പട്രോളിംഗ് ആരംഭിച്ചത്.

ഗുഹയുടെ പുറത്ത് വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടിരിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ ഗുഹയുടെ ഉള്ളില്‍ നിന്ന് ഒരു ചെറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടി വരികയായിരുന്നു. കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന് പരിശോധിക്കുമ്പോഴാണ് കുട്ടീനയേയും മറ്റൊരു കുട്ടിയേയും കണ്ടെത്തിയത്. പോലീസ് പരിശോധന നടത്തിയപ്പോള്‍ അവരുടെ കൈവശം പ്ലാസ്റ്റിക് മാറ്റുകള്‍, വസ്ത്രങ്ങള്‍, നൂഡില്‍സ് പാക്കറ്റുകള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഗുഹ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. ഇവിടെ താമസിക്കുന്നത് അപകടകരമാണെന്ന് പോലീസിന് അവരെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. വന്യമൃഗങ്ങളും പാമ്പുകളും തങ്ങളുടെ സുഹൃത്തുക്കള്‍ ആണെന്നാണ് കുട്ടീന വാദിച്ചത്.

തുടര്‍ന്ന് പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ നാട് കടത്തുന്ന കാര്യത്തില്‍ ചെന്നൈയിലെ റഷ്യന്‍ കോണ്‍സുലേറ്റുമായും ഡല്‍ഹിയിലെ റഷ്യന്‍ എംബസിയുമായി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. റഷ്യയിലാണ് താന്‍ ജനിച്ചതെങ്കിലും 15 വര്‍ഷമായി അവിടെ താമസിക്കുന്നില്ലെന്നും കോസ്റ്റാറിക്ക, മലേഷ്യ, ബാലി, തായ്‌ലന്‍ഡ്, നേപ്പാള്‍, ഉക്രെയ്ന്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും കുട്ടിന പറഞ്ഞു. തനിക്ക്നാല് മക്കളാണ് ഉള്ളതെന്നും മൂത്ത മകന്‍ ഗോവയില്‍ അപകടത്തില്‍ മരിച്ചു എന്നുമാണ് അവര്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി, പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തിയതായും അദ്ദേഹം ഒരു ഇസ്രായേലി ബിസിനസുകാരനാണെന്നും പോലീസ് വ്യക്തമാക്കി.

എന്നാല്‍ ഇയാള്‍ പറയുന്നത് കുട്ടീന ഗോവയില്‍ വെച്ച് തന്നോട് പറയാതെ പോയതാണെന്നും ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നുമാണ്. ഇവര്‍ ഇന്ത്യയിലേക്ക് എന്നാണ് വന്നതെന്ന കാര്യം ഇനിയും വ്യക്തമല്ല. പല മാധ്യമങ്ങളോടും കുട്ടീന പരസ്പര വിരുദ്ധമായ രീതിയിലാണ് സംസാരിച്ചതെന്നതും ദുരൂഹതയാണ്.

Tags:    

Similar News