നിയമപരമായി വിവാഹം ചെയ്തില്ലെങ്കിലും ജയലളിത എംജിആര്‍ ബന്ധം പരസ്യമായ രഹസ്യം; ജയലളിതയ്ക്ക് എന്ന പോലെ എംജിആറിനും കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് വിവാഹം ചെയ്‌തെങ്കിലും എംജിആറിനും മക്കളുണ്ടായിരുന്നില്ല; സ്റ്റെയര്‍കേസിന് താഴെ ജയലളിത ചലനമില്ലാതെ കിടക്കുന്നത് കണ്ട മകള്‍! 2016ല്‍ സംഭവിച്ചത് എന്ത്? ജയലളിതയുടെ മരണം കേന്ദ്ര ഏജന്‍സി അന്വേഷിക്കുമോ?

Update: 2025-07-18 07:34 GMT

തൃശൂര്‍: പുരട്ചിത്തലൈവി ജയലളിതയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വരുമോ? ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസത്തിലാണ് മലയാളിയായ സുനിത. ജയലളിതയുടെ മകള്‍ എന്ന വാദത്തില്‍ ഉറച്ചു നില്‍കുകയാണ് ഇപ്പോഴും സുനിത. അടുത്ത കൊല്ലം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇതിനിടെയാണ് സുനിയുടെ വെളിപ്പെടുത്തലുകള്‍ എത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് എംജിആറിന്റെയും ജയലളിതയുടെയും മകളാണെന്ന അവകാശവാദവുമായി തൃശൂരില്‍ താമസാക്കിയ കെ എം സുനിത രംഗത്തെത്തിയത്.

താന്‍ മകളാണെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ 2016 സെപ്തംബര്‍ 22ന് വാര്‍ത്താസമ്മേളനം നടത്താന്‍ ജയലളിത തീരുമാനിച്ചിരുന്നു. അന്ന് രാവിലെ 8ന് ചെന്നൈയിലെ വീട്ടിലെത്തി. ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് കണ്ടത്. സ്റ്റെയര്‍കേസിന് താഴെ ചലനമില്ലാതെ കിടക്കുകയാണ് ജയലളിത. മുകളില്‍ നിന്ന് തള്ളിയിട്ട നിലയിലായിരുന്നു. ടി.ടി.വി ദിനകരന്‍, ഇളവരശി, സുധാകരന്‍ എന്നിവര്‍ അവര്‍ക്കു ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. വി.കെ. ശശികല, ജയലളിതയുടെ മുഖത്തിടിക്കുന്നത് കണ്ടു. ഞെട്ടിത്തരിച്ച് കരയാന്‍ പോയപ്പോള്‍ ജീവനക്കാരില്‍ ഒരാള്‍ വായ് പൊത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബാഗ് നഷ്ടപ്പെട്ടു. ഉടന്‍ കേരളത്തിലേക്ക് തിരിച്ചു. ഇല്ലെങ്കില്‍ കൊന്നു കളഞ്ഞേനെയെന്നായിരുന്നു സുനിത പറഞ്ഞത്.

41 വയസുള്ള സുനിതയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. ചെന്നൈയില്‍ ജനിച്ച തന്നെ, എം ജി ആര്‍ തന്റെ ജോലിക്കാരനായ മാധവന്‍ വഴി കേരളത്തിലേക്ക് മാറ്റി. ഇതിന് ജയലളിതയുടെ അനുമതിയില്ലായിരുന്നു. അതീവരഹസ്യമായാണ് വളര്‍ത്തിയത്. എം ജി ആറാണ് സുനിതയെന്ന് പേരിട്ടത്. തനിക്ക് രണ്ടര വയസുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. 18 വയസായപ്പോള്‍ ജയലളിത ഡി എന്‍ എ പരിശോധന നടത്തി താനാണ് അവരുടെ മകളെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും സുനിത പറയുന്നു. ഇടയ്ക്കിടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ജയലളിതയെ കാണാന്‍ പോകുമായിരുന്നു. മകളാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ധനസഹായം കിട്ടിയിരുന്നുവെന്നും സുനിത പറയുന്നു. സുനിത പോയസ് ഗാര്‍ഡനില്‍ കണ്ടുവെന്ന് പറയുന്ന 2016 സെപ്തംബര്‍ 22നു തന്നെയാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 6ന് മരിച്ചു. മരണത്തില്‍ ഇപ്പോഴും ദുരൂഹത ഏറെയുണ്ട്.

'അമ്മയുടെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു മോദിജി. അമ്മ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ആളെ കാണാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ പറ്റിയില്ല. മോദിജി സാര്‍ തന്നെ ഇതിനുമുന്‍കൈയെടുത്ത് എനിക്ക് നീതി വാങ്ങിത്തരുമെന്ന വിശ്വാസത്തിലാണ് ഞാന്‍ ഇരിക്കുന്നത്. എനിക്ക് പണമൊന്നുമല്ല വേണ്ടത്. അമ്മയുടെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അത് മാത്രമാണ് എനിക്ക് വേണ്ടത്.'- സുനിത പറഞ്ഞു. . തൃശൂര്‍ കാട്ടൂര്‍ സ്വദേശിയാണ് കെ.എം.സുനിത. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്ത് നല്‍കിയിട്ടുണ്ട്. ഇത്രയുംനാള്‍ തനിക്ക് രഹസ്യമായി ജീവിക്കേണ്ട സാഹചര്യമായിരുന്നെന്ന് ചീഫ് ജസ്റ്റിസിനു നല്‍കിയ കത്തില്‍ പറയുന്നു. ഭയത്താലാണ് ഇത്രയും കാലം ഒന്നും തുറന്നു പറയാതിരുന്നത്. അമ്മ തനിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് പരാതി നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും സുനിത പറഞ്ഞിരുന്നു.

നിയമപരമായി വിവാഹം ചെയ്തില്ലെങ്കിലും ജയലളിത എംജിആര്‍ ബന്ധം അന്നത്തെ കാലത്ത് പരസ്യമായ രഹസ്യമായിരുന്നു. ജയലളിതയ്ക്ക് എന്ന പോലെ എംജിആറിനും കുട്ടികള്‍ ഉണ്ടായിരുന്നില്ല. മൂന്ന് വിവാഹം ചെയ്‌തെങ്കിലും എംജിആറിനും മക്കളുണ്ടായിരുന്നില്ല.

Tags:    

Similar News