കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനില്‍; കള്ളന്‍ സെല്‍ ചാടിയിട്ടും പഠിക്കാത്തവര്‍; ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി എത്തിയപ്പോള്‍ എല്ലാവരും ഉറക്കത്തില്‍; പോലീസുകാരിയ്ക്കും സസ്‌പെന്‍ഷന്‍; പെരുമ്പാവൂരില്‍ സംഭവിച്ചത്
പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുന്നത് നിരന്തര വീഴ്ചകള്‍ കാരണം. രണ്ടാഴ്ചമുന്‍പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും ഇത് സേനയ്ക്ക് നാണക്കേടായി. ഈ സാഹചര്യത്തിലാണ് ഉറക്കത്തിലെ നടപടി.
എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം. 29ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടുമാസങ്ങള്‍ക്കുമുന്‍പ് പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ അയച്ച സംഭവത്തില്‍ എഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.