കേരളം കിടു സ്ഥലം പോകാനേ തോന്നുന്നില്ലെന്ന ടൂറിസം വകുപ്പിന്റെ പരസ്യം ഏറ്റെടുത്ത് സായിപ്പന്‍മാരും; കളിയാക്കി കൊന്നല്ലോ എന്ന് യുകെയിലെ ഡെയ്‌ലി മെയില്‍ പത്രം; ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 തിരുവനന്തപുരത്ത് കട്ടപ്പുറത്തായെന്ന ട്രോളുകള്‍ ഏറ്റെടുത്ത് ബ്രീട്ടീഷ് മാധ്യമങ്ങളും
ടൂറിസം വകുപ്പിന്റെ പരസ്യം ഏറ്റെടുത്ത് സായിപ്പന്‍മാരും
തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ കേരളാ ടൂറിസം വകുപ്പ് പരസ്യത്തിന് വിഷയമാക്കിയിരുന്നു. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റേതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം. 'കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു''. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. ചില പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ഈ പരസ്യം ഏറ്റെടുത്തിരിക്കുകയാണ്. പ്രമുഖപാശ്ചാത്യ മാധ്യമമായ ഡെയ്ലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത കൊടുത്തിരിക്കുന്നത്. Royal Navy mocked by Indian tourist board over £88million F-35B Lightning jet stranded in the country for over a fortnigth എന്നാണ് അവര്‍ ഇതിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
കേരളാ ടൂറിസം വകുപ്പിന്റെ ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ 10 ലക്ഷത്തോളം പേര്‍ കണ്ടു എന്നാണ് ഡെയ്‌ലി മെയില്‍ പറയുന്നത്. പരസ്യത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിമാനത്തിന് ആയുര്‍വേദ ചികിത്സാ രീതികള്‍ അനുസരിച്ച് ഉഴിച്ചിലും തിരുമ്മലും നടത്തി തിരിച്ചയക്കണം എന്നാണ് കമന്റുകളില്‍ ഒന്ന് പറയുന്നത്. ഓണം കൂടി വള്ളം കളി കണ്ടിട്ട് പോകാമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു. നോക്ക് കൂലി വാങ്ങാതെ വിടരുതെന്ന് പറയുന്നവരും കുറവല്ല.
ഈ പോസ്റ്റ് 'തികച്ചും തമാശ ആയിരുന്നുവെന്നാണ് ബ്രിട്ടീഷ് പ്രതിരോധ വൃത്തങ്ങള്‍ ഡെയ്ലി മെയിലിനോട് പറഞ്ഞത്. അപ്രതീക്ഷിതമായി സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ അസാധാരണമല്ല എന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ ജൂണ്‍ 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.
അടിയന്തര ലാന്‍ഡിങ്ങിനിടെ ഉണ്ടായ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. എഫ്-35 നെ അറബികടലില്‍ എത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പല്‍ സിങ്കപ്പൂര്‍ തീരത്തേക്കു മടങ്ങുകയും ചെയ്തു. കേരളത്തില്‍ എത്തിയതിന് പിന്നാലെ പല തരത്തില്‍ വിമാനം ചര്‍ച്ചകളുടെ ഭാഗമായിരുന്നു. ഇതിനിടെ വിമാനം ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്കിട്ടതും വാര്‍ത്തയായിരുന്നു.
അതിനിടെ വിമാനം എഫ് 35 ബി പാര്‍സല്‍ ചെയ്യാന്‍ നീക്കമെന്നും റിപ്പോര്‍ട്ട്. രണ്ടാഴ്ചയില്‍ അധികമായി തിരുവനന്തപുരത്ത് തുടരുന്ന വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബ്രിട്ടണ്‍ മറ്റ് വഴികള്‍ തേടുന്നത്. വിമാനം അഴിച്ചുമാറ്റി പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ട് പോകാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനം പലഭാഗങ്ങളാക്കി പൊളിച്ച് നീക്കി തിരികെ കൊണ്ട് പോകാനാണ് നീക്കം. ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാര്‍ക്കിങ്, ഹാങ്ങര്‍ ഫീസുകള്‍ ഉള്‍പ്പെടെ ഒടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.