ഇന്ത്യ പോസ്റ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകളിലേക്ക് മാറ്റം; രാജ്യത്തെ 1.50 ലക്ഷം പോസ്റ്റ് ഓഫീസുകളും ഡിജിറ്റലാകും; തിരുവനന്തപുരത്തും എറണാകുളത്തും തലശേരിയിലും ആദ്യ അപ്‌ഗ്രേഡിംഗ്; പോസ്റ്റ് ഓഫീസിലും ഇനി സുരക്ഷിത ഡിജിറ്റല്‍ പണമടവ് സംവിധാനം

Update: 2025-07-05 02:20 GMT

കൊച്ചി: കേരളത്തിലെ പോസ്റ്റ് ഓഫീസുകളും സ്മാര്‍ട്ട് ആകുന്നു. സുരക്ഷിത ഡിജിറ്റല്‍ പണമടവ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ഐടി അടിസ്ഥാനസൗകര്യങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം.

തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തലശേരി ഹെഡ് ഓഫീസിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ മുടങ്ങും. മേയില്‍ രാജ്യത്ത് തുടക്കമിട്ട ഐടി റോള്‍ഔട്ട് 2.0 എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഇതുവഴി സ്റ്റാമ്പ് ഇടപാട്, പാഴ്സല്‍ ബുക്കിങ്, ബാങ്കിങ് തുടങ്ങിയ എല്ലാ പോസ്റ്റ് ഓഫീസ് സേവനങ്ങളും ആഗസ്തോടെ ഡിജിറ്റലാകും. നിര്‍മ്മിത സാങ്കേതിക വിദ്യയും പോസ്റ്റ് ഓഫീസുകളില്‍ നടപ്പിലാക്കും.

പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ സ്റ്റാറ്റിക് ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാട് നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഐടി റോള്‍ഔട്ട് 2.0ലൂടെ സുരക്ഷിതമായ ഡൈനാമിക് ക്യുആര്‍ കോഡ് സംവിധാനമാണ് നടപ്പാക്കുന്നത്. ഇതില്‍ ഓരോ ഇടപാടിനും തല്‍സമയം ഓരോ ക്യൂആര്‍ കോഡാകും ലഭ്യമാകുക. യുപിഐ വഴിയുള്ള ഇടപാടുകളൊന്നും ഇപ്പോള്‍ പോസ്റ്റ്ഓഫീസ്വഴിയില്ല. ആഗസ്തോടെ യുപിഐ ഇടപാട് ആപ്പിലൂടെയും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്താനാകും.

തപാല്‍ തരംതിരിക്കല്‍, ഉപഭോക്തൃ പരാതിപരിഹാരം എന്നിവയ്ക്ക് നിര്‍മിതബുദ്ധി സാധ്യതകള്‍ ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്. പോസ്റ്റല്‍ സേവനങ്ങളെ ഡിജി ലോക്കര്‍, ഉമാങ് തുടങ്ങിയ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുമായും ബന്ധിപ്പിക്കും.

ഏഴിന് ആരംഭിക്കുന്ന അപ്ഗ്രേഡിങ് നടപടികള്‍ മൂന്നുദിവസം നീളും. ഇന്ത്യ പോസ്റ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയറുകളിലേക്കാണ് മാറ്റം. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും മാറ്റമെത്തും. രാജ്യത്ത് 1.50 ലക്ഷം പോസ്റ്റ് ഓഫീസുകളാണുള്ളത്.

21 ന് കേരളത്തിലെ മറ്റ് ഹെഡ് ഓഫീസുകള്‍ക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ മുടങ്ങും. മൂന്നുമാസമെടുത്ത് ഏഴുഘട്ടങ്ങളായാണ് സംസ്ഥാനങ്ങള്‍തോറും ഡിവിഷന്‍ സര്‍ക്കിള്‍ തലത്തില്‍ പരിഷ്‌കരണം പൂര്‍ത്തിയാക്കും.

Tags:    

Similar News