വ്യാവസായിക അടിസ്ഥാനത്തില്‍ അവയവ ശേഖരണം വര്‍ദ്ധിപ്പിക്കും; അതും ചൈനയ്ക്ക് കച്ചവടം; ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രവിശ്യയില്‍ അവയവമാറ്റ സൗകര്യങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുമ്പോള്‍
സോള്‍: ചൈനയില്‍ അവയവമാറ്റം സംബന്ധിച്ച നടപടികള്‍ ശക്തമാക്കുന്നു. ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രവിശ്യയില്‍ അവയവമാറ്റ സൗകര്യങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് ചൈനീസ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. ഇവിടങ്ങളില്‍ നിര്‍ബന്ധിത അവയവദാനം വ്യാപകമാക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ഉയ്ഗൂറുകളും താമസിക്കുന്ന സിന്‍ജിയാങ് മേഖലയില്‍ അവയവം മാറ്റിവയ്ക്കല്‍ നടത്താന്‍ കഴിവുള്ള മെഡിക്കല്‍ സൗകര്യങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് അധികാരികള്‍ പുറപ്പെടുവിച്ച സിന്‍ജിയാങ് ഉയ്ഗൂര്‍ സ്വയംഭരണ മേഖലയില്‍ മനുഷ്യ അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ സംവിധാനമുള്ള ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ദശാബ്ദത്തിന്റെ അവസാനത്തോടെ ആറ് പുതിയ ട്രാന്‍സ്പ്ലാന്റ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കും.
ഇതോടെ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള ആശുപത്രികളുടെ എണ്ണം ഒമ്പതാകും. ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന അവയവങ്ങളുടെയും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ അവയവദാനം നടത്തുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ നീക്കത്തിനെതിരെ പ്രമുഖ
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ അവയവ ശേഖരണം വര്‍ദ്ധിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്.
തടവുകാരില്‍ നിന്ന് അവരുടെഅനുമതി കൂടാതെ ചൈന അവയവങ്ങള്‍ ശേഖരിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. 2030 ഓടെ പ്രവര്‍ത്തനക്ഷമമാകുന്ന ആകെ ഒമ്പത് ആശുപത്രികളില്‍ ഏഴെണ്ണം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും അഞ്ചെണ്ണം ശ്വാസകോശ മാറ്റിവയ്ക്കലിനും നാലെണ്ണം കരള്‍ ശസ്ത്രക്രിയ നടത്താനും അഞ്ചെണ്ണം വൃക്ക, പാന്‍ക്രിയാസ് ശസ്ത്രക്രിയകള്‍ നടത്താനുമാണ് ലക്ഷ്യമിടുന്നത്. ഇതിന് പിന്നില്‍ വന്‍ തോതിലുള്ള ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ആരോപണം പലരും ചൂണ്ടിക്കാട്ടുന്നത്. ചൈനയില്‍ ഓരോ വര്‍ഷവും 60,000 മുതല്‍ 100,000 വരെ അവയവമാറ്റ ശസ്ത്രക്രിയകളാണ് നടക്കാറുള്ളത്. എന്നാല്‍ ഇത് ആവശ്യത്തില്‍ കൂടുതലാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.
2006 മുതല്‍ ചൈനയിലെ ഒരു വിഭാഗം ബുദ്ധമത വിശ്വാസികളെ കൊണ്ട് നിര്‍ബന്ധിത അവയവദാനം നടത്തുന്ന പതിവു തുടരുന്നത് കൂടാതെയാണ് ഇപ്പോള്‍ ഉയ്ഗൂര്‍ മു്സ്ലീങ്ങളെയുംവ ഇതിനായി പിടികൂടുന്നത്. ഐക്യരാഷ്ട്രസഭ പോലും ചൈനയില്‍ നടക്കുന്ന ഇത്തരം അതിക്രമമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.