നാട്ടുകലിലെ യുവതിയുടെ നില അതീവ ഗുരുതരം; അവരുടെ മകനും പനി; മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടം; യുവതിയുടെ വൈറസ് ഉറവിടവും കണ്ടെത്താനായില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആരോഗ്യ ജാഗ്രത; മലപ്പുറവും പാലക്കാടും കോഴിക്കോടും ആശങ്കയില്‍; നിപാ ഭീതി അതിശക്തം
കോഴിക്കോട്: നിപാ ബാധിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ഇവരുടെ മകനും രോഗ ലക്ഷണം കണ്ടെത്തി. നാട്ടുകല്‍ സ്വദേശിനിയായ 38കാരിയാണ് ചികിത്സയിലുള്ളത്. ജൂലൈ ഒന്നിനാണ് ഇവരെ പനിയും ശ്വാസതടസവും അനുഭവപ്പെട്ട നിലയില്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലും നടത്തിയ പരിശോധനയില്‍ നിപാ പോസിറ്റീവാണെന്ന് ഫലം വന്നിരുന്നു.
യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനില്‍ക്കുന്നത്. പാലക്കാടും മലപ്പുറവും കോഴിക്കോടും അതീവ ജാഗ്രതിയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതാണ് വലിയ പ്രതിസന്ധി. നാട്ടുകല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഏറെയും കുട്ടികളാണ്. ഇവര്‍ പനി വന്ന ശേഷം ചെറു യാത്രകളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ നിരീക്ഷണമാണ് ഈ മേഖയില്‍.
നാട്ടുകല്‍ സ്വദേശിയായ മുപ്പത്തിയെട്ടുകാരിയുടെ വീടിനു സമീപം വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി. സമീപത്തെ മരങ്ങളിലാണ് നൂറുകണക്കിന് വവ്വാലുകളെ കണ്ടെത്തിയത്. യുവതിക്കു രോഗം ബാധിച്ചത് എങ്ങനെയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചു വരികയാണ്. മലപ്പുറം മങ്കട മക്കരപറമ്പില്‍ 18 വയസ്സുകാരിയുടെ മരണം നിപാ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതോടെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മക്കരപറമ്പ് പഞ്ചായത്തിലെ ഒന്ന് മുതല്‍ 13 വരെയുളള വാര്‍ഡുകളും കൂട്ടിലങ്ങാടി പഞ്ചായത്തിലെ 11, 15 വാര്‍ഡുകളും മങ്കടയിലെ 14-ാം വാര്‍ഡും കുറുവ പഞ്ചായത്ത് പരിധിയിലെ 2, 3, 5, 6 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.
സംസ്ഥാനത്ത് നിപാ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത് ആകെ 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപാ സ്ഥിരീകരിച്ച പാലക്കാട്ടെയും മലപ്പുറത്തെയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. മന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.