ടെക്സാസ് ദുരന്തം മരണം 43 ആയി ഉയര്‍ന്നു; കാണാതായ 27 കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; മുന്നറിയിപ്പ് നല്‍കുന്നതിലെ കാലതാമസവും ചര്‍ച്ചകളില്‍; വേനല്‍ക്കാലത്തെ മിന്നല്‍ പ്രളയത്തില്‍ നടുക്കി യു എസ് എ; കാലാവസ്ഥാ മുന്നറിയിപ്പിന് പുതിയ സംവിധാനം വന്നേക്കും

Update: 2025-07-06 03:42 GMT

ടെക്‌സാസ്: ടെക്സാസിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കാണാതായ കുട്ടികള്‍ക്കായി പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുകയാണ് മതാപിതാക്കള്‍. ദൈവം എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിക്കുമെന്നും, തങ്ങളുടെ പ്രിയപെട്ടവരെ തങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നും ഉള്ള പ്രത്യാശയിലാണ് അവര്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

15 കുട്ടികള്‍ ഉള്‍പ്പടെ 46 പേരെങ്കിലും മരണമടഞ്ഞിട്ടുണ്ടാകും എന്നാണ് കരുതുന്നത്. ഗൗഡലൂപ് നദിയിലെ ജലം, സാധാരണയില്‍ നിന്നും 30 അടി ഉയര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പിലേക്ക് ഇരച്ചു കയറിയതിനെ തുടര്‍ന്നാണ് കുട്ടികളെ കാണാതായത്. പലരും വെള്ളത്തില്‍ ഒലിച്ചു പോയിട്ടുണ്ടാകാം എന്ന ആശങ്ക ഉള്ളില്‍ ഉള്ളപ്പോള്‍ പോലും മാതാപിതാക്കള്‍ പ്രത്യാശ കൈവിടാതെ മക്കള്‍ക്കായി കാത്തിരിക്കുകയാണ്. പലരുടെയും വീടുകള്‍ ഇരുന്ന സ്ഥലത്ത് അതിന്റെ ലാഞ്ജന പോലുമില്ല എന്നതാണ് മറ്റൊരു ദുരന്തം.

അതേസമയം, ടെക്സാസ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലതാമസം നേരിട്ടതിന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നിയോമിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ശനിയാഴ്ച ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിനൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകിയ നാഷണല്‍ വെതര്‍ സര്‍വ്വീസിന്റെ നടപടിയും അതി നിശിതമായി വിമര്‍ശിക്കപ്പെട്ടു.

അതിപുരാതന സംവിധാനമാണ് കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതെന്നും, ജനങ്ങളുടെ സുരക്ഷയെ കരുതി ട്രംപ് ഭരണകൂടം അത് മാറ്റണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, എപ്പോഴും കാലാവസ്ഥ പ്രവചിക്കുന്നത് കൃത്യമാകണമെന്നില്ല എന്നാണ് നിയോമി പ്രതികരിച്ചത്.

കഴിഞ്ഞ കാലങ്ങളില്‍ നാഷണല്‍ വെതര്‍ സര്‍വീസ് വളരെ നല്ല രീതിയിലുള്ള മുന്നറിയിപ്പുകള്‍ നല്‍കിയതും, അതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത വ്യാപ്തി കുറയ്ക്കാനായതും ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ഈ മേഖലയിലെക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്നും നയോമി പറഞ്ഞു.

Similar News