'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255'! ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി; അതിത്ര ഹിറ്റാകുമെന്ന് കരുതാത്ത തിരക്കഥാകൃത്ത്; രാജാവിന്റെ മകനിലെ ഫോണ്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച് ആന്റണി പെരുമ്പാവൂര്‍; ലാലിന്റെ അതിവിശ്വസ്തന്‍ ആ നമ്പറിന് നല്‍കിയത് 3,20,000 രൂപ! കാര്‍ ഫാന്‍സി നമ്പറിലെ റിക്കോര്‍ഡ് ഗണേഷിന്റെ മിത്രത്തിന് തന്നെ
കൊച്ചി: ഒരുകാര്‍ നമ്പരിന് 3,20,000 രൂപ! മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയ രാജാവിന്റെ മകന്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ 'മൈ ഫോണ്‍ നമ്പര്‍ ഈസ് 2255' എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. കെ എല്‍ 7 ഡി എച്ച് 2255 എന്ന നമ്പറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ പങ്കെടുത്ത മിന്നും ലേലമാണ് നടന്നത്. നാലു പേരും മോഹന്‍ലാല്‍ ആരാധകര്‍. ഫാന്‍സുകള്‍ക്കിടയിലെ മത്സരത്തില്‍ ഒടുവില്‍ വിജയം മോഹന്‍ലാലിന്റെ സന്തത സഹചാരിക്കും. വിട്ടു കൊടുക്കാതെയുള്ള ലേലത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ എക്‌സ് സി 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്പറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്പറും 2255 ആയിരുന്നു. ഇതോടെയാണ് മോഹന്‍ലാല്‍ ഫാന്‍സുകളും 2255 എന്ന നമ്പരില്‍ താല്‍പ്പര്യം കാട്ടാന്‍ തുടങ്ങിയത്. പുതിയ കാറിനും ഈ നമ്പര്‍ ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കി. ഇനിയും ഈ കാര്‍ നമ്പറിനായുള്ള താല്‍പ്പര്യം ലാല്‍ ആരാധകര്‍ തുടരും. ഇതോടെ സര്‍ക്കാരിന് ഈ ഫാന്‍സി നമ്പറും വലിയ സാമ്പത്തികമുണ്ടാക്കി നല്‍കുമെന്ന് ഉറപ്പാവുകയാണ്. മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയുടെ ഉദയത്തില്‍ നിര്‍ണ്ണായകമാണ് രാജാവിന്റെ മകന്‍ എന്ന ചിത്രം.
തമ്പി കണ്ണന്താനം-മോഹന്‍ലാല്‍-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പുറത്തു വന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് രാജാവിന്റെ മകന്‍. രാജാവിന്റെ മകനില്‍ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം തന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോഗ്രാഫറെ തുറിച്ചു നോക്കുന്ന രംഗം അടക്കം ലാലിന്റെ കരിയറിലെ നിര്‍ണ്ണായക സീനാണ്. ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാമെന്ന് തമ്പി കണ്ണന്താനം പറഞ്ഞപ്പോള്‍ അത് ശരിയാകുമോ എന്ന് സംശയമുണ്ടായിരുന്നതായി തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ആ ഫാന്‍സി നമ്പറിന്റെ കഥയും.
അതങ്ങനെ കൃത്യമായി പ്ലാന്‍ ചെയ്തതല്ല എന്നതാണ് സത്യം. ഒരു ഫാന്‍സി നമ്പര്‍ വേണമെന്ന് തോന്നി എഴുതി വന്നപ്പോള്‍ അത് 2255 എന്നായി. പിന്നീട് അതിത്ര ഹിറ്റാകുമെന്ന് ഞാന്‍ കരുതിയില്ല. ഇപ്പോള്‍ ലാലിന്റെ വാഹനത്തിന്റെ നമ്പര്‍ അതാണ്. അതിനൊപ്പം അന്ന് ഈ സിനിമ വിതരണം ചെയ്ത ജൂബിലി പ്രൊഡക്ഷന്‍സിന്റെ ഉടമയുടെ ഇപ്പോഴത്തെ ഇന്നോവയുടെ നമ്പറും ഇതാണ്. അങ്ങനെ 2255 ഒരു ഭാഗ്യനമ്പറായി മാറിയത് അവിചാരിതമാണ്-ഇതാണ് തിരക്കഥാകൃത്ത് ആ നമ്പറിനെ കുറിച്ച് പറഞ്ഞത്.
ഫാന്‍സി നമ്പര്‍ ലേലത്തില്‍ ഹീറോ ഗണേഷിന്റെ ആത്മമിത്രം
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാര്‍ നമ്പര്‍ ലേലത്തിലെ റിക്കോര്‍ഡ് പിറന്നത്. തിരുവനന്തപുരത്ത് വാഹന നമ്പര്‍ ശ്രേണിയായ കെ എല്‍ 01 സികെ 1 ലേലത്തില്‍ പോയത് റെക്കൊര്‍ഡ് തുകയ്ക്കായിരുന്നു ഒരു ലക്ഷം രൂപ ഫീസടക്കം കെഎല്‍ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപ. ഒന്നാം നമ്പറിനുവേണ്ടി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് ബാലഗോപാല്‍ സികെ 1 സ്വന്തമാക്കിയത്. മൂന്നു പേരായിരുന്നു ലേലത്തിനുണ്ടായിരുന്നത്. 10 ലക്ഷത്തിലും 25 ലക്ഷത്തിലും രണ്ടുപേര്‍ ലേലം അവസാനിപ്പിച്ചപ്പോള്‍ ബലഗോപാല്‍ 30 ലക്ഷത്തിന് നമ്പര്‍ സ്വന്തമാക്കി. ഇതോടെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമ എന്ന പേര് ബാലഗോപാലിന് സ്വന്തമായി.
തന്റെ പുതിയ പോര്‍ഷെ 718 ബോക്സ്റ്റിന് വേണ്ടിയാണ് 31 ലക്ഷം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. പോര്‍ഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ എന്ന സ്വപെഷ്യന്‍ കളറാണ് ബാലഗോപാല്‍ സ്വന്തമാക്കിയത്. 2 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 300 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.9 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്. ഏകദേശം 1 കോടി രൂപയാണ് കാറിന്റെ എക്‌സ്‌ഷോറൂം അന്നത്തെ വില. 2019ല്‍ ഈ റിക്കോര്‍ഡ് നേടിയതും സിനിമാ ബന്ധമുള്ള വ്യക്തിയാണ്. മന്ത്രി കെബി ഗണേഷ് കുമാറിന്റെ ആത്മമിത്രമാണ് ബാലഗോപാല്‍. ഇപ്പോള്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കൂടിയാണ് ബാലഗോപാല്‍. കേരളാ കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ട്രഷറര്‍.
നേരത്തെ കെഎല്‍ 01 സിബി 1 എന്ന നമ്പര്‍ ബാലഗോപാല്‍ 18 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. ലാന്‍ഡ് ക്രൂസറിനായിരുന്നു അന്ന് റെക്കോര്‍ഡ് തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ആ റെക്കോര്‍ഡ് തന്നെയാണ് പോര്‍ഷെയ്ക്ക് വേണ്ടി ബാലഗോപാല്‍ തന്നെ തകര്‍ത്തത്. നേരത്തെ കോടികള്‍ വിലയുള്ള വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കുക എന്നത് പണ്ട് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വാര്‍ത്തകളായിരുന്നു. പിന്നീട് കൊച്ചു കേരളത്തിലും പുതുമകളില്ലാത്ത സംഭവമായിരിക്കുന്നു. നിരവധി ആളുകളാണ് ലക്ഷങ്ങള്‍ മുടക്കി ഫാന്‍സി നമ്പര്‍ ലഭിക്കാനായി മത്സരിക്കുന്നത്.
പുതിയ സീരിസിലുള്ള ആകര്‍ഷകമായ നമ്പറുകള്‍ എത്തുന്നതിന് മുമ്പേ ബുക്കുചെയ്ത് ആളുകള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ എല്ലാം ഓണ്‍ലൈനാണ്. അതോടെ ലേല തുകയും മറ്റും കുറഞ്ഞുവെന്നതാണ് വസ്തുത. കൂടുതല്‍ നമ്പറുകള്‍ ഫാന്‍സി ശ്രേണിയില്‍ വന്നതാണ് അതിന് കാരണം.