പ്രതിദിന ലാഭം നേടി; ഡ്രൈവിംഗ് സ്‌കൂള്‍ വന്‍ വിജയമായി; ക്രിക്കറ്റ് ടീമുമായി പുതിയ ക്രീസിലേക്കും ഇറങ്ങി; ബജറ്റ് ടൂറിസം യാത്രയിലെ കണ്ടക്ടര്‍മാരുടേയും ഡ്രൈവര്‍മാരുടേയും ഗാനാലാപനവും സൂപ്പര്‍ ഹിറ്റ്! ഇനി ആനവണ്ടിയ്ക്ക് ഗാനമേളാ ട്രൂപ്പും; കെ എസ് ആര്‍ ടി സിയില്‍ പാട്ടുകാര്‍ക്കും ഇനി അവസരം
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ലാഭമുണ്ടാക്കുന്നതിന്റെ വഴിയിലിയാണ്. ഇപ്പോഴിതാ കെ എസ് ആര്‍ ടി സി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പും രൂപവത്കരിക്കുന്നു. ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഭാഗമാകാം. പാട്ടിലും സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലും പ്രാവീണ്യമുള്ളവര്‍ക്ക് അവസരം നല്‍കും. തിരഞ്ഞെടുപ്പ് ഉടന്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ക്ക് വീഡിയോ അയയ്ക്കാം. മൂന്നു മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. ഇതില്‍നിന്നു തിരഞ്ഞെടുക്കുന്നവര്‍ക്ക് അഭിരുചി തെളിയിക്കാന്‍ അവസരം നല്‍കും. ഇതില്‍നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക.
മുന്‍പരിചയമുള്ളവര്‍ക്ക് ആ രേഖകളും സമര്‍പ്പിക്കാം. കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്ന ബജറ്റ് ടൂറിസം യാത്രകളില്‍ പങ്കാളികളായ ചില ജീവനക്കാര്‍ പാടിയത് സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രചാരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നതു പരിഗണിച്ചത്. അടുത്തിടെ ക്രിക്കറ്റ് ടീം ആരംഭിച്ചിരുന്നു. ഇതിന് സമാനമായ പുതിയ യൂണിറ്റുകള്‍ കെ എസ് ആര്‍ ടി സി തുടങ്ങും. കേരളത്തിന് അകത്തും പുറത്തും പരിപാടികള്‍ ഏറ്റെടുക്കുന്ന തരത്തിലാകും കെ എസ് ആര്‍ ടി സിയുടെ ഗാനമേള ട്രൂപ്പ്. പരിപാടികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ പോവുകയും ചെയ്യും. അങ്ങനെ വണ്ടി കൂലി ലാഭിക്കുന്ന ഗാനമേള ട്രൂപ്പായി മാറും.
അടിസ്ഥാന സൗകര്യങ്ങള്‍ കെ എസ് ആര്‍ ടി സി ഒരുക്കും. വാദ്യോപകണരണങ്ങള്‍ അടക്കം വാങ്ങും. അതുകൊണ്ട് തന്നെ വരുമാനത്തില്‍ ഒരു പങ്കും കെ എസ് ആര്‍ ടി സിയ്ക്കാകും. വൈവിദ്യവത്കരണമാണ് കെ എസ് ആര്‍ ടി സിയുടെ ലക്ഷ്യം. അതിനിടെ കെഎസ്ആര്‍ടിസി ബസ് വിവരങ്ങള്‍ അറിയാനുള്ള ചലോ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമായിട്ടുണ്ട്. ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുക. ബസ് സ്റ്റാന്‍ഡിലോ സ്റ്റോപ്പിലോ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ബസ് എവിടെയെത്തിയെന്നും എപ്പോള്‍ വരുമെന്നുമുള്ള വിവരം ആപ്പിലൂടെ കിട്ടും. ആദ്യമായാണ് ബസില്‍ ഈ സംവിധാനം വരുന്നത്.
കൂടുതല്‍ അപ്‌ഡേഷന്‍ വരുന്നതോടെ ബസില്‍ ഒഴിവുള്ള സീറ്റിനെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. നിലവില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ചലോ ആപ്പുണ്ട്. ഡൗണ്‍ലോഡ് ചെയ്ത് യാത്രക്കാര്‍ ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. സമയക്രമത്തില്‍ വ്യത്യാസം വന്നേക്കാമെങ്കിലും വിവിധ റൂട്ടിലേക്കുള്ള ബസുകളുടെ വിവരം കൃത്യമാണ്. ട്രാവല്‍ കാര്‍ഡുകള്‍ ആപ്പുമായി ബന്ധിപ്പിച്ച് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാനുമാകും. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ലാന്‍ഡ് ഫോണ്‍ ഒഴിവാക്കി മൊൈബല്‍ ഫോണുകള്‍ പ്രവര്‍ത്തനസജ്ജമായി. ഇനി ബസ് സംബന്ധമായ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയും ആപ്പിലൂടെയും ലഭ്യമാകും.
കെഎസ്ആര്‍ടിസി ആറുമാസത്തികം നിരത്തിലേക്ക് 181 ബസുകള്‍കൂടി ഇറക്കാന്‍ തയ്യാറെടുക്കുന്നുമുണ്ട്. ഒരുകോടി രൂപ അധിക കളക്ഷന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പുത്തന്‍ ബസുകള്‍ നിരത്തിലേക്ക് എത്തിക്കുന്നത്. പ്ലാന്‍ ഫണ്ടും ബജറ്റ് വിഹിതവുംചേര്‍ത്താണ് പുത്തന്‍ ബസുകള്‍ എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ 143 ബസും രണ്ടാംഘട്ടത്തില്‍ 126 ബസുമാണ് വാങ്ങുന്നത്. ആകെ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന 269 ബസുകളില്‍ 88 എണ്ണം ഇപ്പോള്‍തന്നെ എത്തികഴിഞ്ഞിരിക്കുന്നു. രണ്ടാംഘട്ടത്തിലുള്‍പ്പെട്ടിരിക്കുന്ന നാല് വോള്‍വോ ബസുകളും എത്തി കഴിഞ്ഞു. ഈ വോള്‍വോ ബസുകള്‍ ബംഗളൂരു റൂട്ടില്‍ താല്‍ക്കാലികമായി ഓടിക്കും.
നിലവില്‍ കെ എസ് ആര്‍ ടി സിയുടെ പ്രതിദിന കളക്ഷന്‍ എന്നത് ശരാശരി എട്ട് കോടി രൂപയ്ക്ക് താഴെയാണ്. ഇത് എട്ടര ഒന്പത് കോടിയിലേക്ക് എത്തിക്കാന്‍ പുത്തന്‍ ബസുകള്‍ എത്തുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെഎസ്ആര്‍ടിസി നാല്പതുവര്‍ഷത്തിന് ശേഷം 1.57 കോടി രൂപയുടെ ലാഭം സെപ്തംബര്‍ എട്ടിന് കലക്ഷനില്‍ സൃഷ്ടിച്ചിരുന്നു. 10.19 കോടി രൂപയായിരുന്നു അന്നേ ദിവസം കെ എസ് ആര്‍ ടി സി കലക്ഷനില്‍ നേടിയത്. ഡ്രൈവിങ് സ്‌കൂളുകള്‍ മുഖേനയും കെ എസ് ആര്‍ ടി സി ലാഭമുണ്ടാക്കുന്നുണ്ട്. ഒന്നരക്കോടി രൂപയുടെ ലാഭമാണ് കെ എസ് ആര്‍ ടി സിക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേന സൃഷ്ട്ക്കാന്‍ സാധിച്ചത്. ഇതാണ് ഗാനമേള ട്രൂപ്പിലേക്ക് അടക്കം ചര്‍ച്ചകള്‍ എത്തിക്കുന്നത്.
തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നാറിലും സര്‍വീസ് നടത്തുന്ന ഡബിള്‍ ഡക്കര്‍ ബസുകളും ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍, കോഴിക്കോട് ജില്ലകളിലേക്കും ഉടന്‍ തന്നെ പുത്തന്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ എത്തും. കുട്ടിബസ് 50, സൂപ്പര്‍ഫാസ്റ്റ് 110, ഫാസ്റ്റ് 50, സീറ്റര്‍ എട്ട്, സീറ്റര്‍ കം സ്ലീപ്പര്‍ 10, സ്ലീപ്പര്‍ എട്ട്, ലിങ്ക് ബസ് 27 എന്നിങ്ങനെയാണ് ഇത്തരത്തില്‍ പുതുതായി എത്തിക്കാന്‍ പോകുന്ന കെ എസ് ആര്‍ ടി സി ബസുകള്‍.