ഒരു കസേരയും രണ്ട് റജിസ്ട്രാറും! കേരള സര്‍വകലാശാലയില്‍ പൊരിഞ്ഞ പോര്; ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം; സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാതെ ഹൈക്കോടതി; വി സിക്ക് ചാന്‍സലറെ സമീപിക്കാം; ഹര്‍ജി പിന്‍വലിച്ച് അനില്‍ കുമാര്‍; ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗത്തെ വിമര്‍ശിച്ച് ഹൈക്കോടതി

ഒരു കസേരയും രണ്ട് റജിസ്ട്രാറും! കേരള സര്‍വകലാശാലയില്‍ പൊരിഞ്ഞ പോര്

Update: 2025-07-07 08:38 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ റജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കറ്റും ഇല്ലെന്നു വിസിയുടെ അധികചുമതല വഹിക്കുന്ന ഡോ.സിസ തോമസും കടുംപിടുത്തം തുടരുന്നതിനിടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും. സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാതിരുന്ന ഹൈക്കോടതി വി സിക്ക് ചാന്‍സലറെ സമീപിക്കാമെന്നും വ്യക്തമാക്കി. പുതിയ റജിസ്ട്രാറായി മിനി കാപ്പനെ വിസി നിയമിച്ചതോടെ യഥാര്‍ഥ റജിസ്ട്രാര്‍ ആരെന്ന ചോദ്യമാണ് ഉയരുന്നത്.

അതേ സമയം കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതായി അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗം ആര്‍. രാജേഷിനെ കോടതി വിമര്‍ശിച്ചു.

രജിസ്ട്രാര്‍ പദവിയില്‍ നിന്ന് തന്നെ സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് കെ.എസ്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്. അതേസമയം ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. ഇതിനെ തുടര്‍ന്നാണ് താന്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നതായും താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കാര്യങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം സിന്‍ഡിക്കറ്റ് യോഗത്തെ സംബന്ധിച്ച് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി . റജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കറ്റ് റദ്ദാക്കിയോ? അദ്ദേഹം ചുമതലയേറ്റോ തുടങ്ങിയ കാര്യങ്ങളിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിസിയുടെ ചുമതലയുള്ള സിസ തോമസിനോട് റിപ്പോര്‍ട്ട് തേടിയത്. റജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന നിലപാടിലാണ് വിസി. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടാകും ഗവര്‍ണര്‍ക്ക് കൈമാറുക.

ഇതിനിടെ പുതിയ റജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നല്‍കി വൈസ് ചാന്‍സലര്‍ ഉത്തരവായി.ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഗവര്‍ണറുടെ പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നാണ് റജിസ്ട്രാറെ വിസി സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, ഭാരതാംബ ചിത്ര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് നാടകീയത തുടരുകയാണ്. സസ്പെന്‍ഷനിലായ റജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാറിനു പകരം ചുമതല നല്‍കിയിരുന്ന ജോയിന്റ് റജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് ഹരികുമാര്‍ അവധിയില്‍ പോയത്.

ഇതിനു പിന്നാലെ പുതിയ റജിസ്ട്രാറായി മിനി കാപ്പനെ വിസി നിയമിച്ചു. ഇതോടെ ഇവര്‍ ചുമതല ഏറ്റെടുക്കാതിരിക്കാനായി അധ്യാപക സംഘടനകള്‍ റജിസ്ട്രാറുടെ മുറിക്കു മുന്നില്‍ പ്രതിഷേധിക്കുകയാണ്. പുതിയ ജോയിന്റ് റജിസ്ട്രാറായി ഹേമ ആനന്ദിനെ നിയമിച്ചു. അവധിയില്‍ പോയ ജോയിന്റ് റജിസ്ട്രാറെ വിസി ചുമതലയകളില്‍നിന്നു നീക്കുകയും ചെയ്തു. റജിസ്ട്രാറുടെയും വിസിയുടെയും മുറികള്‍ക്കു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിന്‍ഡിക്കറ്റ് തീരുമാനത്തിനു പിന്നാലെ റജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാര്‍ ചുമതല ഏറ്റടുത്തു. ഇക്കാര്യത്തില്‍ വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് ജോയിന്റ് റജിസ്ട്രാറോട് വിശദീകരണം തേടി. ഇതിനു പിന്നാലെയാണ് പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിച്ചത്. മറുപടി നല്‍കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്നാണ് ജോയിന്റ് റജിസ്ട്രാര്‍ വിസിയെ അറിയിച്ചത്. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത ശേഷം വിസി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യയില്‍ പോയതോടെയാണ് ഡോ.സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നല്‍കിയത്.

Tags:    

Similar News