നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേരെന്ന് ആരോഗ്യമന്ത്രി; മലപ്പുറത്ത് മരിച്ച വയോധികയുടെ ഫലം നെഗറ്റീവ്; നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍; കേന്ദ്ര സംഘം മലപ്പുറത്തെത്തി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
തിരുവനന്തപുരം: മലപ്പുറത്ത് മരണമടഞ്ഞ നിപ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. പരപ്പനങ്ങാടി സ്വദേശിയായ രോഗിയാണ് മരിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. കോട്ടയ്ക്കല്‍ മിംസില്‍ നിപ രോഗിയോടൊപ്പം ഇവര്‍ ഐസിയുവില്‍ ഉണ്ടായിരുന്നു. ആദ്യ പരിശോധനയിലും ഇവര്‍ നിപ നെഗറ്റീവ് ആയിരുന്നു. നിപബാധിച്ച് മരിച്ച മങ്കട സ്വദേശിക്കൊപ്പം ഐസിയുവില്‍ കഴിയേണ്ടി വന്നതിനാലാണ് സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടത്.
അതേ സമയം സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.
അതേ സമയം നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം ജില്ലയിലെത്തി. നിപ സാഹച്യങ്ങള്‍ പഠിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ സഹായിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണല്‍ ജോയിന്റ് ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് ജില്ലയിലെത്തിയത്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ (എന്‍സിഡിസി) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്‌പെഷ്യലിസ്റ്റുമായ ഡോ. പ്രണായ് വര്‍മയുടെ നേതൃത്വത്തിലുള്ള 10 പേരാണ് ജില്ലയിലെത്തിയത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, വന്യജീവി സ്‌പെഷ്യലിസ്റ്റ്, വെറ്ററിനറി കണ്‍സള്‍റ്റന്റ്, മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സര്‍വ്വെക്കുമായി ഡോ. ഇ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എന്‍.ഐ.വി സംഘവും ഉടന്‍ ജില്ലയിലെത്തും. നിലവില്‍ പാലക്കാടാണ് ഈ സംഘമുള്ളത്.
അതിനിടെ സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പുണെ ഐസിഎംആര്‍-ബാറ്റ്‌സ് ടീം പാലക്കാട് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.