തങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം ഞൊടിയിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി; ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമറിന്റെ സിഇഒയുടെ ഭാര്യ പിണങ്ങി; ടിക് ടോക്കില്‍ അഞ്ചു കോടി പേര്‍ കണ്ട ദൃശ്യം കുടുംബ കലഹമാകുമ്പോള്‍

Update: 2025-07-19 03:50 GMT

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ ബുധനാഴ്ച നടന്ന കോള്‍ഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ പ്രമുഖ ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കാബോട്ടും കെട്ടിപ്പിടിച്ച് നൃത്തംചെയ്തുകൊണ്ട് പരിപാടി ആസ്വദിക്കുന്നത് ലൈവ് ക്യാമറയില്‍ പതിഞ്ഞത് വിവാദമാകുന്നു. രണ്ട് പേരുടേയും കുടുംബങ്ങളില്‍ സംഭവം വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇരുവരും വിവാഹിതരാണ് എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന പ്രശ്നം.

തങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം ഞൊടിയിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറി. തമാശയ്ക്കുവേണ്ടി ആരാധകര്‍ക്കിടയില്‍ കിസ് കാം ഗെയിം നടത്താമെന്ന് കോള്‍ഡ്പ്ലേ ബാന്‍ഡിലെ പ്രധാന പാട്ടുകാരനായ ക്രിസ് മാര്‍ട്ടിന്‍ അനൗണ്‍സ് ചെയ്തതിന് തൊട്ടുപിന്നാലെ ക്യാമറ ഗില്ലറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആരാധകരിലേക്ക് തിരിയുകയായിരുന്നു. അവര്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലായിരിക്കാം അല്ലെങ്കില്‍ നാണക്കാരായിരിക്കാം എന്ന് ബൈറണിനെയും കാബോട്ടിനെയും കുറിച്ച് മാര്‍ട്ടിന്‍ അനൗണ്‍സ് ചെയ്തതോടെ സദസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

പിന്നാലെ, കമ്പനിയിലെ ചീഫ് പീപ്പിള്‍സ് ഓഫീസറായ ക്രിസ്റ്റിന്‍ കാബോട്ടുമായി രണ്ടുകുട്ടികളുടെ അച്ഛന്‍ കൂടിയായ ബൈറണ്‍ വിവാഹേതരബന്ധത്തിലാണെന്ന ആരോപണം ശക്തമായി. ഇരുവര്‍ക്കുമെതിരേ നടപടിവേണമെന്നും ആവശ്യമുയര്‍ന്നു. 2023 ജൂലായിലാണ് ബൈറണ്‍ കമ്പനിയുടെ സിഇഒ സ്ഥാനത്തെത്തിയത്. ഇത് ആന്‍ഡി ബൈറന്റെ കുടുംബത്തില്‍ ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടാല്‍ ബൈറണ് ഏതാണ്ട് അറുപത് മില്യണ്‍ പൗണ്ട് അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ബൈറണ്‍ കമ്പനിയുടെ സി.ഇ.ഒ എന്നത് കൂടാതെ ബില്യണ്‍ പൗണ്ട് മൂല്യമുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ അസ്ട്രോണമറിന്റെ തലവന്‍ കൂടിയാണ്.

അതിനിടെ ബൈറന്റെ ഭാര്യ മേഗന്‍ കെറിഗന്‍ ഇന്നലെ തന്നെ അവരുടെ പേരിനോടൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയയില്‍, നിരവധി പേരാണ് അവര്‍ക്ക് പിന്തുണ അറിയിച്ച് കൊണ്ട് എത്തിയത്. തുടര്‍ന്ന് മേഗന്‍ കെറിഗന്‍ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റാഗ്രാം പേജും ഡിലീറ്റ് ചെയ്തു. ക്രിസ്റ്റീന്‍ കാബോട്ടിന്റെ കുടുംബത്തിലും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ പലരും കരുതുന്നത് ബൈറനും കാബോട്ടും തമ്മില്‍ രഹസ്യമായി സൗഹൃദം നേരത്തേ മുതല്‍ തന്നെ തുടര്‍ന്നിരുന്നു എന്നാണ്. ഇവരുടെ ദൃശ്യങ്ങള്‍ ടിക്ടോക്കില്‍ 50 ദശലക്ഷം പേരാണ് കണ്ടത്.

പെട്ടെന്ന് തങ്ങളുടെ പ്രണയലീല സ്‌ക്രീനില്‍ കണ്ട ബൈറണ്‍ സഭ്യമല്ലാത്ത ഒരു വാക്കാണ് പെട്ടെന്ന് ഉപയോഗിച്ചത്. കാബോട്ട് ആകട്ടെ ഇത് സഹിക്കാന്‍, കഴിയുന്നില്ല എന്നും പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ പലരും മേഗനോട് എത്രയും വേഗം ബൈറണില്‍ നിന്ന് വിവാഹമോചിതയാകണം എന്നാണ് ആവശ്യപ്പെടുന്നത്. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അസ്ട്രോണമര്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാര്‍ പൊതു സമൂഹത്തില്‍ മാന്യമായി പെരുമാറണം എന്നാണ് സ്ഥാപനം ആഗ്രഹിക്കുന്നതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബൈറണും കാബോട്ടും സംഭവത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

ഇരുവരും ഇപ്പോഴും ജോലിയില്‍ തുടരുകയാണോ അതോ അവധിയില്‍ പ്രവേശിച്ചോ എന്ന കാര്യവും ഇപ്പോഴും വ്യക്തമല്ല. അതേ സമയം ഇപ്പോള്‍ പുറത്തു വരുന്ന മറ്റൊരു വിവരം ഇവര്‍ രണ്ട് പേരും വിവാഹിതരാണെങ്കിലും ഇപ്പോള്‍ പങ്കാളികളുമായി പിരിഞ്ഞു ജീവിക്കുകയാണ് എന്നാണ്.

Tags:    

Similar News