ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ! ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകന്‍; വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്; 14 കിലോമീറ്റര്‍ താണ്ടാന്‍ അഞ്ചര മണിക്കൂര്‍; അനുഗമിച്ച് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും; പ്രിയനേതാവിനെ അവസാനമായി കാണാന്‍ റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടം; സംസ്‌കാരം ബുധനാഴ്ച മൂന്നുമണിക്ക് വലിയചുടുകാട്ടില്‍
ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകന്‍
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്. തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വിലാപയാത്ര കണിയാപുരം പിന്നിട്ടു. കാര്യവട്ടത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് വിഎസിനെ അവസാന നോക്കു കാണാന്‍ എത്തിയത്. കഴക്കൂട്ടത്തും വന്‍ ജനസാഗരം ജനനായകനെ കാത്തുനിന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടമാണുള്ളത്. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനങ്ങളുടെ നായകന്‍ ജന്മനാട്ടിലേക്കുള്ള അവസാനയാത്ര തുടരുകയാണ്.
ബുധനാഴ്ച പുലര്‍ച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരക്കണക്കിനു പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ വഴിയരികുകളിലും കവലകളിലും കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയിലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം. എന്നാല്‍, വഴിയിലുടനീളം ജനസാഗരം തന്നെ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര രാത്രി ഏറെ വൈകിയാകും പുന്നപ്രയിലെത്തുക. പുന്നപ്രയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിലാണ് സംസ്‌കാരം.
മൂന്നു മണിയോടെ കഴക്കൂട്ടത്ത് എത്തുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടലെങ്കിലും ഏഴരയായി യാത്ര അവിടെയെത്തിയപ്പോള്‍. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. പാര്‍ട്ടി നിശ്ചയിച്ച സമയക്രമം ആള്‍ത്തിരക്കു മൂലം തുടക്കത്തില്‍ത്തന്നെ തെറ്റിയിരുന്നു. ദര്‍ബാര്‍ ഹാളില്‍നിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താന്‍ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടേറിയറ്റ് പരിസരം കടക്കാനും അരമണിക്കൂര്‍ എടുത്തു.
14 വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയായി ഭരണത്തിലിരുന്ന സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം രണ്ടു മണിക്കാണ് വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. പൊലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലേക്ക് ആനയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്‍, മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ്, വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ട്. 'കണ്ണേ കരളേ വിഎസേ..ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ..ഇല്ല ഇല്ല മരിക്കുകില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അലയൊലികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങവേയാണ് വിഎസ് സെക്രട്ടേറിയേറ്റിനോട് അവസാനയാത്ര പറഞ്ഞത്.
സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. വിഎസിനെ ഒരു നോക്ക് കാണാന്‍ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യര്‍ ഒഴുകിയെത്തുകയും ചെയ്തു.
രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ എത്തിച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പ്രിയ നേതാവിന് ആദരം അര്‍പ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബാര്‍ട്ടണ്‍ ഹില്ലിലെ മകന്റെ വീട്ടില്‍നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം സെക്രട്ടേറിയറ്റിലെത്തിച്ചത്. വിഎസിനെ അവസാനമായി കാണാന്‍ ജനക്കൂട്ടം സെക്രട്ടേറിയറ്റിലേക്ക് ഒഴുകിയെത്തി. ഇന്നു രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ വൈകിയേക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. വിഎസിനോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.