അള്ളാഹു അക്ബര്‍.. ട്രംപ് തുലയട്ടെ.. അമേരിക്ക തുലയട്ടെ...വിമാനത്തില്‍ ബോംബുണ്ട്... ഗ്ലാസ്ഗോ ഫ്ളൈറ്റില്‍ നാടകീയ രംഗങ്ങളുമായി യുവാവ്; ഹാന്‍ഡ് ലഗേജിന് വലിപ്പം കൂടിയെന്നാരോപിച്ച് യാത്ര മുടക്കി.. വിമാനത്തില്‍ കയറ്റാന്‍ കരഞ്ഞപേക്ഷിച്ച് യാത്രക്കാരി; രണ്ടു വിമാന സംഭവങ്ങള്‍

Update: 2025-07-28 01:27 GMT

ലണ്ടന്‍: നിറയെ യാത്രക്കാരുള്ള വിമാനത്തില്‍ ഒരാള്‍ തന്റെ കൈവശം ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞത് യാത്രക്കാരില്‍ ഭീതി പടര്‍ത്തി. യുകെയിലെ ല്യൂട്ടനില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്ക് രാവിലെ 7 മണിക്ക് പോയ വിമാനത്തിലായിരുന്നു ഈ നാടകീയ രംഗം അരങ്ങേറിയത്. തുടര്‍ന്ന് പോലീസെത്തി ഈ 41 കാരനെ അറസ്ത് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായുണ്ട്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇക്കാര്യം വിശദമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്.

വിമാനത്തിന്റെ പുറകു ഭാഗത്ത് ഈ വ്യക്തി നില്‍ക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്.വിമാനം താഴെയിറക്കുക, വിമാനത്തിനുള്ളിലെ ബോംബ് കണ്ടെത്തുക എന്ന് ഇയാള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ട്. അമേരിക്ക മരിക്കട്ടെ, ട്രംപ് മരിക്കട്ടെ എന്നും ഇയാള്‍ വിളിച്ചു കൂവുന്നുണ്ട്. അതിനുശേഷം ഇയാള്‍ അള്ളാഹു അക്ബര്‍ എന്ന് മൂന്ന് തവണ വിളിക്കുന്നുമുണ്ട്. വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ തന്നെ ഇയാളെ കീഴടക്കി നിലത്ത് കിടത്തുകയായിരുന്നു. അപ്പോള്‍ മറ്റൊരാള്‍ വന്ന് അയാളുടെ മേല്‍ ഇരുന്നു. അനങ്ങരുത് എന്ന് ഭീഷണി മുഴക്കിയ വ്യക്തിയോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മറ്റൊരു വീഡിയോ ക്ലിപ്പില്‍, ചില യാത്രക്കാര്‍, ഇയാള്‍ ആരെണെന്നും മറ്റും അല്പം ഭയത്തോടെ ചോദിക്കുന്നതും കാണാം. അയാളുടെ ബാഗില്‍ എന്താണെന്ന് ചില യാത്രക്കാര്‍ അയാളോട് ചോദിക്കുന്നുമുണ്ട്. ബോംബാണോ എന്നും ചോദിക്കുന്നുണ്ട്. മറ്റു ചിലരുടെ സംശയം ഇയാള്‍ മദ്യമോ മയക്കുമരുന്നോ കഴിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനിടയില്‍, മറ്റ് രണ്ട് യാത്രക്കാര്‍ ഇയാളുടെ അടുത്തെത്തി, എന്തിനാണ് ഈ വിമാനത്തില്‍ ബോംബ് വയ്ക്കുന്നത് എന്നും ചോദിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളുടെ ദേഹ പരിശോധന നടത്തുകയും, ഇയാളുടെ ബാഗ് കണ്ടെത്തി പരിശോധിക്കുകയും ചെയ്തു.

വിമാനം ഗ്ലാസ്‌ഗോയില്‍ ഇറങ്ങിയ ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. അപ്പോഴും ഇയാള്‍ വിമാനത്തിന്റെ ഇടനാഴിയില്‍ കിടക്കുകയായിരുന്നു. തന്റെ ഫോണും പഴ്സും മടക്കി തരാന്‍ അയാള്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് യാത്രക്കാര്‍ അത് ഗൗനിച്ചില്ല. ചിലര്‍ അയാളെ പരിഹസിച്ച് ചിരിക്കുന്നുമുണ്ടായിരുന്നു. ല്യൂട്ടനില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്കുള്ള വിമാനത്തില്‍ ഇത്തരമമൊരു സംഭവം ഉണ്ടായതായി ഈസിജെറ്റും സ്ഥിരീകരിച്ചിട്ടുണ്ട്.

ഹാന്‍ഡ് ലഗേജിന്റെ വലിപ്പം കൂടിയതിനാല്‍ യാത്ര തടഞ്ഞ് റയ്ന്‍ എയര്‍

ഹാന്‍ഡ് ലഗേജിന് വലിപ്പം കൂടിയതിന്റെ പേരില്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞതിനാല്‍ ഒരു യാത്രക്കാരി കരയുന്നതിന്റെ ഞെട്ടിക്കുന്ന രംഗം പുറത്തു വന്നു. ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ബോര്‍ഡര്‍ പോലീസ് ജീവനക്കാരാണ് ഇവരെ വിമാനത്തില്‍ കയറുന്നതില്‍ നിന്നും തടഞ്ഞത്. സോഫിയയില്‍ നിന്നും ആസ്ട്രിയയിലെ വിയന്നയിലേക്ക് പോകാനിരുന്ന യാത്രക്കാരിക്കാണ് ഈ ദുര്യോഗം സംഭവിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 24 ന് ആയിരുന്നു സംഭവം എന്നാണ് പറയപ്പെടുന്നത്.

ജീവനക്കാര്‍ കോപത്തോടെ ഇവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുമ്പോള്‍, അങ്ങേയറ്റം വികാരാധീനതയായി, കരഞ്ഞുകൊണ്ട് ഇവര്‍ അപേക്ഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിമാനത്തിലേക്കുള്ള ബസ്സിനായി കാത്തുനിന്ന മറ്റ് യാത്രക്കാര്‍ ഞെട്ടലോടെയാണ് ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചത്. അതിനിടയില്‍, ബോര്‍ഡര്‍ പോലീസിന്റെ ബാഡ്ജ് ധരിച്ച മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ സംഭവങ്ങളെല്ലാം നിരീക്ഷിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് സാക്ഷ്യം വഹിച്ച നിക്കോളേ സ്റ്റെഫാനോവ് ആണ് ഇത് ക്യാമറയില്‍ പകര്‍ത്തി പുറം ലോകത്ത് എത്തിച്ചത്.

മറ്റ് യാത്രക്കാരോട് വിമാനത്തിലേക്ക് പോകരുതെന്ന് ആ സ്ത്രീ അപേക്ഷിച്ചിരുന്നു. എന്നാല്‍, യാത്രക്കാര്‍ ഉടനടി ബസ്സില്‍ കയറിയില്ലെങ്കില്‍ വിമാനം റദ്ദ് ചെയ്യുമെന്ന ഭീഷണിയായിരുന്നത്രെ അതിന്റെ പ്രതികരണം. അതുകൊണ്ടു തന്നെ മറ്റ് യാത്രക്കാര്‍ ബസ്സില്‍ കയറി വിമാനത്തിലേക്ക് യാത്രയായി. ഈ സ്ത്രീക്ക് പുറകിലായി നിന്ന മറ്റൊരു യാത്രക്കാരനെ കാരണമൊന്നും വിശദമാക്കാതെ തന്നെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടതായും സ്റ്റെഫനോവ് പറഞ്ഞു.

Tags:    

Similar News