കൊച്ചു കുട്ടികളെ പോലും ബലാല്‍സംഗം ചെയ്യുന്നതും അവരെ ഭീഷണിപ്പെടുത്തി അധോലോക സംഘത്തില്‍ ചേര്‍ക്കുന്നതും എല്ലാം പതിവ്; പോര്‍ട്ട്-ഔ-പ്രിന്‍സ് നിഷ്ഠൂരന്‍മാരായ ഗുണ്ടാ സംഘങ്ങളുടെ ഭരണത്തിന്‍ കീഴിലുള്ള ഒരു യുദ്ധമേഖല; ഹെയ്ത്തിയില്‍ സംഭവിക്കുന്നത്

Update: 2025-07-28 04:09 GMT

ഹെയ്ത്തി എന്ന രാജ്യം ഇപ്പോള്‍ ഒരു നരകമായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു വലിയ സംഘം കുറ്റവാളികള്‍ രാജ്യത്തെ യുദ്ധമേഖലയായി മാറ്റിയിരിക്കുകയാണ്. കൊച്ചു കുട്ടികളെ പോലും ബലാല്‍സംഗം ചെയ്യുന്നതും അവരെ ഭീഷണിപ്പെടുത്തി അധോലോക സംഘത്തില്‍ ചേര്‍ക്കുന്നതും എല്ലാം ഇവിടെ പതിവായി മാറിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഔ-പ്രിന്‍സ് ഇപ്പോള്‍ ഒരു തലസ്ഥാനമല്ല നിഷ്ഠൂരന്‍മാരായ ഗുണ്ടാസംഘങ്ങളുടെ ഭരണത്തിന്‍ കീഴിലുള്ള ഒരു യുദ്ധമേഖലയായി മാറിയിരിക്കുകയാണ്. നാല് വര്‍ഷം മുമ്പാണ് ഹെയ്ത്തിയുടെ പ്രസിഡന്‍് കൊല്ലപ്പെട്ടത്.

സ്വന്തം കിടപ്പുമുറിയില്‍ വെച്ചാണ് അക്രമികള്‍ അദ്ദേഹത്തെ വധിച്ചത്. തലസ്ഥാന നഗരത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ആയുധധാരികളായ ഗുണ്ടാസംഘങ്ങളാണ് നിയന്ത്രിക്കുന്നത്. തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്. ആശുപത്രികള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഒരു രാജ്യം തന്നെ ഏതാണ്ട് ഇല്ലാതായ അവസ്ഥയാണ് ഇവിടെങ്ങും കാണാന്‍ കഴിയുന്നത്. ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് സര്‍ക്കാരിനേക്കാള്‍ ഇവിടെ അധികാരം ഉള്ളത് അധോലോക സംഘങ്ങള്‍ക്കാണ് എന്നാണ്. പലരും പറയുന്നത് തങ്ങളുടെ കണ്‍മുന്നില്‍ വെച്ച് പലരേയും കൊലപ്പെടുത്തുന്നത് കണ്ടിട്ടുണ്ടെന്നാണ്. തങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ടും പോയി രക്ഷപ്പെടാന്‍ കഴിയാത്ത രീതിയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്.

അധോലോക സംഘങ്ങളുടെ അടുത്ത ഇര തങ്ങള്‍ ആകരുതെന്നാണ് ഇവിടെ ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഹെയ്തി ഭൂമിയിലെ നരകമായി മാറിയെന്നും ആര്‍ക്കും ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ലെന്നും ജനങ്ങള്‍ ഒന്നടങ്കം പറയുന്നു. ഈ വര്‍ഷം ഇതുവരെ മൂവായിരത്തോളം പേര്‍ കൊലപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്. 2021 ജൂലൈ 7 ന് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസിനെ പോര്‍ട്ട്-ഔ-പ്രിന്‍സിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയില്‍ വെടിവച്ചു കൊന്നതോടെയാണ് രക്തരൂക്ഷിതമായ പോരാട്ടം ആരംഭിച്ചത്. വിദേശികളായ കൂലിപ്പടയാളികളാണ് ഈ കൃത്യം നടത്തിയതെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് രാജ്യത്ത് ഒരു പ്രസിഡന്റും ചുമതലയേറ്റിട്ടില്ല. ഹെയ്ത്തിയില്‍ പോലീസും ഇപ്പോള്‍ നിര്‍വീര്യമാണ്. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം തന്നെ ഇവര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് കൊണ്ടാണ് അധോലോക സംഘങ്ങള്‍ ഇവിടെ അഴിഞ്ഞാടുന്നത്.

തലസ്ഥാന നഗരത്തിന്റെ ഭൂരിഭാഗം മേഖലകളും ഇവര്‍ പിടിച്ചെടുത്തതായി ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് കടത്തുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹെയ്തിയിലെ അധോലോക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഏറ്റവും ശക്തമായത് ജി9 ഫാമിലി ആന്‍ഡ് അലൈസ് ആണ്. മുന്‍ പോലീസുകാരനും പിന്നീട് അധോലോക നേതാവുമായി മാറിയ ജിമ്മി 'ബാര്‍ബിക്യൂ' ചെറിസിയര്‍ നയിക്കുന്ന ഒരു സംഘമാണ് ഇത്. വിപ്ലവകാരിയായി സ്വയം വിശേഷിപ്പിക്കുന്ന ചെറിസിയര്‍ സര്‍ക്കാരിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇയാളുടെ അനുയായികള്‍ സാധാരണക്കാരെ ജീവനോടെ ചുട്ടുകൊല്ലുന്നതും, വികൃതമാക്കിയ മൃതദേഹങ്ങള്‍ തെരുവുകളിലൂടെ വലിച്ചിഴയ്ക്കുന്നതും, പോലീസ് ഉദ്യോഗസ്ഥരെ വടിവാളുകൊണ്ട് തലയറുത്ത് കൊല്ലുന്നതും, അവരുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ ആരും ധൈര്യം കാട്ടാത്തത് കാരണം അവയെല്ലാം തെരുവുകളില്‍ കിടക്കുകയാണ്. മോചന ദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ട് പോകുന്നതും ഇവിടെ പതിവാണ്. ഈയിടെ പതിനേളോളം മിഷനറിമാരെ തട്ടിക്കൊണ്ടു പോയി ഇവര്‍ ബന്ദികളാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രം ഇവര്‍ 200 ഓളം പേരെ കൊന്നിരുന്നു. തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളം പോലും ഇപ്പോള്‍ അധോലോക സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

Tags:    

Similar News