പഹല്‍ഗാമില്‍ പാവങ്ങളെ തുരുതുരാ നിറയൊഴിച്ചു കൊന്ന ഭീകരന് പാക് അധിനിവേശ കാശ്മീരില്‍ മറഞ്ഞ മയ്യത്തിന് വേണ്ടിയുള്ള നമസ്‌കാരം; പങ്കെടുക്കാന്‍ എത്തിയത് പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ്; അവസാനം എല്ലാം അടിപിടിയുമായി; ആക്രമണത്തിന് എത്തിയവര്‍ പാക്കിസ്ഥാനില്‍ നിന്നാണോ എന്ന സംശയം ഉയര്‍ത്തിയവര്‍ക്ക് ഇനി ലജ്ജിച്ച് തലതാഴ്ത്താം; ഇനിയെങ്കിലും രാജ്യത്തെ തള്ളി പറയുന്നവര്‍ കണ്ണു തുറക്കട്ടേ....
ശ്രീനഗര്‍: പഹല്‍ഗാമിലെ ആക്രമണത്തിന് എത്തിയവര്‍ പാക്കിസ്ഥാനില്‍ നിന്നാണോ എന്ന സംശയം ഉയര്‍ത്തിയവര്‍ക്ക് ഇനി ലജ്ജിച്ച് തലതാഴ്ത്താം. ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരരിലൊരാളായ താഹിര്‍ ഹബീബിന്റെ 'ജനാസ-ഗൈബ്' (മറഞ്ഞ മയ്യത്തിന് വേണ്ടിയുള്ള നമസ്‌കാരം) പാക് അധീന കശ്മീരില്‍ നടന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്താന്‍ ശ്രമിച്ചത് കേന്ദ്ര സര്‍ക്കാരിനെതിരായ വികാരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു തീവ്രവാദികള്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണോ എന്ന ചോദ്യം. ഇതിനെ അപ്രസക്തമാക്കുന്നതാണ് ഈ മയ്യത്ത് നമനസ്‌കാരം. തീവ്രവാദികളുടെ പാക് ബന്ധത്തിന് തെളിവാണ്.
മയ്യത്ത് നമസ്‌കാര ചടങ്ങിനിടെ സംഘര്‍ഷവുമുണ്ടായി. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡറായ റിസ്വാന്‍ ഹനീഫ് ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതോടെയാണ് ചടങ്ങില്‍ സംഘര്‍മുണ്ടായത്. ലഷ്‌കര്‍ അംഗങ്ങളെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താഹിറിന്റെ കുടുംബം വിലക്കിയിരുന്നു, എന്നാല്‍ ഹനീഫ് നിര്‍ബന്ധം പിടിക്കുകയും ഇത് ഒരു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ലഷ്‌കര്‍-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാപ്പുള്ളിയായ 'എ' കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്. ഇതിന് അടുത്ത ദിവസമായിരുന്നു പാര്‍ലമെന്റിലെ ചര്‍ച്ച. താഹിര്‍ ഹബീബിന്റെ മരണാനന്തര ചടങ്ങിനിടെ ലഷ്‌കര്‍ പ്രവര്‍ത്തകര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും സംഘര്‍ഷത്തിലേക്ക് വഴിവെച്ചു. തീവ്രവാദവല്‍ക്കരണത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നവരാണ് ഖായ് ഗാലയിലെ നിവാസികള്‍. ഭീകരവാദ റിക്രൂട്ട്മെന്റിനെ എതിര്‍ക്കുന്നതിനായി ഒരു പൊതു ബഹിഷ്‌കരണത്തിന് പദ്ധതിയിടുകയാണ് ഇവിടെയുള്ളവര്‍. അപ്പോഴും പഹല്‍ഗാമിലെ ഭീകരന്‍ ഇവിടെ നിന്നുള്ളയാളാണെന്ന് അവര്‍ സമ്മതിക്കുന്നു. ലക്ഷ്‌കര്‍ അനുയായി ആയിരുന്നു ഇയാളെന്ന് തെളിയിക്കുന്നതാണ് മറ്റ് സംഭവ വികാസങ്ങള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ ഭീകരരായിരിക്കാമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പരാമര്‍ശം വിവാദത്തില്‍ലായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരായ ഭീകരര്‍ക്ക് പങ്കുണ്ടായിരിക്കാമെന്നും അക്രമികള്‍ പാകിസ്താനില്‍ നിന്നാണ് വന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ എന്തൊക്കെയാണ് എന്നുമാണ് അദ്ദേഹം ചോദിച്ചത്. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. 'ഭീകരാക്രമണത്തിനുശേഷം എന്‍ഐഎ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അവര്‍ തീവ്രവാദികളെ തിരിച്ചറിഞ്ഞോ? അവര്‍ എവിടെനിന്നും വന്നവരാണ്? ഒരുപക്ഷെ അവര്‍ ഇന്ത്യയില്‍ തന്നെയുളള തീവ്രവാദികളാകാം. ഭീകരര്‍ പാകിസ്താനില്‍ നിന്നും വന്നവരാണെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? അതിനു തെളിവുകളൊന്നും ഇല്ലല്ലോ? '-എന്നാണ് പി ചിദംബരം പറഞ്ഞത്. ഇത് ഏറെ വിവാദമാവുകയും ചെയ്തു.
ഇതിന് പിന്നാലെ ഓപ്പറേഷന്‍ മഹാദേവിന്റെ വിജയത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വരികയും ചെയ്തു. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാമിലെ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ മൂന്ന് ഭീകരരെ വധിച്ച സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് ചൊവ്വാഴ്ചയാണ് അമിത് ഷാ ലോക്സഭയെ അറിയിച്ചത്. രാജ്യസുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ കൃത്യമായി വെളിവാക്കുന്നതായിരുന്നു ഷായുടെ പ്രസംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികളുടെ ഭീഷണികളെ നിര്‍വീര്യമാക്കുന്നതിലും ദേശീയ സുരക്ഷയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിലും ഓപ്പറേഷന്‍ മഹാദേവും ഓപ്പറേഷന്‍ സിന്ദൂറും നിര്‍ണായക പങ്ക് വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.
''ലോക്‌സഭയിലെ ഇന്ന് വളരെ ശ്രദ്ധേയമായ ഒരു പ്രസംഗമാണ് ആഭ്യന്ത്രമന്ത്രി അമിത് ഷാ നടത്തിയത്. ഭീരുക്കളായ ഭീകരരെ ഇല്ലാതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നിവയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശദമായി പ്രതിപാദിച്ചു. നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ വിശദമാക്കി,'' പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു. ജമ്മു കശ്മീരില്‍ തിങ്കളാഴ്ച നടത്തിയ ഓപ്പറേഷന്‍ മഹാദേവില്‍, പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കര്‍ കമാന്‍ഡര്‍ സുലൈമാന്‍ ഷാ, അഫ്ഗാന്‍, ജിബ്രാന്‍ എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും സൈന്യം അടച്ചിരുന്നതായി ആഭ്യന്തരമന്ത്രി തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'പഹല്‍ഗാമില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, ഭീകരര്‍ക്ക് രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍, വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സുരക്ഷാ സേന സൂക്ഷ്മമായ ആസൂത്രണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ജമ്മു കശ്മീര്‍ പോലീസ് എന്നിവര്‍ ചേര്‍ന്നുള്ള ഒരു സംയുക്ത നീക്കമായിരുന്നു ഈ ഓപ്പറേഷന്‍,' ഷാ പറഞ്ഞു.
ഭീകരരില്‍ നിന്ന് കണ്ടെടുത്ത ഒരു എം9 കാര്‍ബൈന്‍, രണ്ട് എകെ-47 എന്നീ ആയുധങ്ങള്‍ പഹല്‍ഗാമിലെ കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചവ തന്നെയാണെന്ന് ചണ്ഡീഗഢിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ബാലിസ്റ്റിക് പരിശോധനകള്‍ സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി വെളിപ്പെടുത്തി. മെയ് 22-ന് ദാച്ചിഗാം മേഖലയില്‍ ഭീകരരുടെ താവളം കൃത്യമായി കണ്ടെത്തിയ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളാണ് ഓപ്പറേഷന്‍ മഹാദേവിന്റെ വിജയത്തിന് കാരണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. 'ഐബിയും സൈനികരും അള്‍ട്രാ സിസ്റ്റത്തിന്റെ (ചൈനീസ് എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം) സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ തുടര്‍ച്ചയായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍, ജൂലായ് 22-ന് സെന്‍സറുകള്‍ അവരുടെ കൃത്യമായ സ്ഥാനം കണ്ടെത്തി. തുടര്‍ന്ന് ആര്‍മിയുടെ പ്രത്യേക ദൗത്യസേനയായ പാരാ വിഭാഗം, ജമ്മു കശ്മീര്‍ പോലീസ്, സിആര്‍പിഎഫ് എന്നിവര്‍ കൈകോര്‍ത്ത് ഓപ്പറേഷന്‍ ആരംഭിച്ചു. ഒടുവില്‍ , തിങ്കളാഴ്ച നമ്മള്‍ ഭീകരരെ വധിച്ചു,'' ഷാ പ്രസംഗത്തില്‍ പറഞ്ഞു.
ഓപ്പറേഷന്റെ കൃത്യതയെക്കുറിച്ച് എടുത്തുപറഞ്ഞ ഷാ, പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം ഭീകരര്‍ക്ക് അഭയം നല്‍കി എന്ന് കണ്ടെത്തിയ പര്‍വേസ് ജോതര്‍, ബഷീര്‍ ജോതര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട ഭീകരര്‍ ആരെക്കെയെന്ന് തിരിച്ചറിയാനായി ഉപയോഗിച്ചതെന്നും വെളിപ്പെടുത്തി.
'ആ ഭീകരരുടെ മുഖം കണ്ടിട്ടുള്ള ആളുകളെ തന്നെയാണ് അവരെ തിരിച്ചറിയാനായി നമ്മള്‍ നിയോഗിച്ചത്. അവര്‍ മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ഏപ്രില്‍ 22-ന് ബൈസരന്‍ താഴ്വരയില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ വെടിവെച്ചത് ഈ ഭീകരര്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു,' ഷാ പറഞ്ഞു.