ബീച്ചില്‍ സണ്‍ ബാത്തെടുക്കുന്നതിനിടയില്‍ ഭര്‍ത്താവ് മയങ്ങി.. ഉറക്കം തെളിഞ്ഞപ്പോള്‍ ഭാര്യയെ കാണാനില്ല; കാണാതായ ബ്രിട്ടീഷ് വനിതയ്ക്കായി ഗ്രീസില്‍ തിരച്ചില്‍
ഗ്രീസില്‍ ഒഴിവുകാലം ആസ്വദിക്കുന്നതിനിടയില്‍ തികച്ചും നാടകീയമായി കാണാതായ ബ്രിട്ടീഷ് വനിതയ്ക്കായി തിരച്ചില്‍ ശക്തമാക്കി. മിഷേല്‍ ആന്‍ ജോയ് ബൗര്‍ഡ എന്ന 59 കാരിയേയാണ് കാണാതായത്. വെള്ളിയാഴ്ച, കാവാലയിലെ ഓഫ്രിനി ബീച്ചില്‍ വെച്ചാണ് അവരെ അവസാനമായി കാണുന്നത്. കടലോരത്ത് ചെറിയൊരു മയക്കത്തിലാണ്ട ഭര്‍ത്താവ് ഉറക്കമുണര്‍ന്നപ്പോളാണ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞത്. അവരുടെ വ്യക്തിഗത വസ്തുക്കളെല്ലാം ബീച്ചില്‍ തന്നെ ഉണ്ടായിരുന്നു താനും.
ഇതോടെ ഇവരുടെ കുടുംബാംഗങ്ങല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ അവരെ കണ്ടെത്താനാകാതായതോടെ, ഗ്രീസില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റിയായ ലൈഫ്‌ലൈന്‍ ഹെല്ലാസ് ഒരു സില്‍വര്‍ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ ജീവിതം അപകടത്തിലാണെന്നും എന്തെങ്കിലും വിധത്തിലുള്ള വിവരം ലഭിച്ചാല്‍ അന്വേഷകരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ സേന കടലിലും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.