മാഡ്രിഡില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ബസ് യാത്രാ വിമാനത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കും; പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി; ഐബീരിയ എയര്‍ലൈന്‍സിന് സംഭവിച്ചത്
മാഡ്രിഡ്: വിമാനത്തില്‍ പക്ഷിയിടിച്ച് തകരാറുകള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുകയാണ്. കഴിഞ്ഞ ദിവസം സ്‌പെയിനിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ബസ് യാത്രാ വിമാനത്തിന് സംഭവിച്ച നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കും. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലാണ് സംഭവം നടന്നത്.
ഐബിരിയ എയര്‍ലൈന്‍സിന്റെ വിമാനം പറന്നുയര്‍ന്ന് അല്‍പ്പ സമയത്തിനകം വലിയൊരു പക്ഷി വിമാനത്തില്‍ വന്നിടിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമുളള ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എയര്‍ബസിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. വിമാനം പാരീസിലേക്കാണ് പുറപ്പെട്ടത്. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള പല വസ്തുക്കളും പുറത്തേക്ക് തെറിച്ചിരുന്നു. അപകടത്തിന് ഇടയാക്കിയ പക്ഷിയുടെ ദൃശ്യങ്ങളും കാണാന്‍ കഴിയും. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
വ്യോമയാന മേഖലക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയ ഒരാഴ്ചയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. ഹീത്രോ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ്, ബര്‍മിംഗ്ഹാം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരുന്നു. ആയിരക്കണക്കിന് യാത്രക്കാരാണ് ഇവിടങ്ങളില്‍ കുടുങ്ങിപ്പോയത്. നാറ്റ്സ് സ്വാന്‍വിക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററില്‍ ഉണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ലണ്ടനിലെ എല്ലാ വിമാനങ്ങളും നിലത്തിറക്കിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്.
ഇതിനെ തുടര്‍ന്ന് വേനല്‍ക്കാല അവധി ആഘോഷിക്കാനായി എത്തിയ നിരവധി യാത്രക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചു. പ്രശ്നം പരിഹരിച്ചെങ്കിലും കാലതാമസം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ അവരുടെ എയര്‍ലൈനുമായി ബന്ധപ്പെടാനും നിര്‍ദ്ദേശമുണ്ട്. എല്ലാ സംവിധാനങ്ങളും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് നാറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ട്ടിന്‍ റോള്‍ഫിനോട് രാജിവയ്ക്കാന്‍ റയാന്‍എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീല്‍ മക്മഹോണ്‍ ആവശ്യപ്പെട്ടു.
രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം ഇത് പോലെയുള്ള പ്രതിസന്ധി നേരിടുന്നത്. 2023 ഓഗസ്റ്റ് 28 ന് യു.കെ വിമാനത്താവളങ്ങളില്‍ സര്‍വ്വീസ് നിര്‍ത്തിവച്ചപ്പോള്‍ 700,000-ത്തിലധികം യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിപ്പോയിരുന്നു. സ്ഥിതി പരിഹരിക്കപ്പെടുന്നതുവരെ നിലവില്‍ ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്ന് വിമാനങ്ങള്‍ യാത്ര തിരിക്കുന്നില്ല.