യുഎഇയിലെ യൂണിവേഴ്‌സല്‍ ലൂബ്രിക്കന്‍ഡ് എല്‍എല്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് ഇബ്രാഹിം അലിക്ക് കിട്ടിയത് 220 കോടി; ആ തുക വെറുതെ കുണിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റിന് നല്‍കി; പ്രവാസിയായ ചെയര്‍മാന്റെ നടപടിയില്‍ ദുരൂഹത ഏറെ; ഇഡി റെയ്ഡില്‍ കൃഷി ഭൂമി വാങ്ങളും നിയമ വിരുദ്ധമെന്ന് തെളിഞ്ഞു; ഇനി സിബിഐയുടെ ഊഴം
കൊച്ചി: കാസര്‍കോട് കുണിയയിലെ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് വിവാദത്തിലേക്ക്. കെഎംഎം എന്ന ട്രസ്റ്റിനെതിരെ സിബിഐ അന്വേഷണം വരും. വിദേശസഹായ നിയന്ത്രണച്ചട്ട (എഫ്സിആര്‍എ) ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇഡി കേസെടുത്തിരുന്നു. 17 വര്‍ഷത്തിലേറെയായി വിദ്യാഭ്യാസസ്ഥാപനങ്ങളടക്കം നടത്തുന്ന ട്രസ്റ്റിനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഇഡി റെയ്ഡ് നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് യുഎഇയിലെ ഒരു സ്ഥാപനത്തില്‍നിന്ന് ട്രസ്റ്റിന് വായ്പയായി 220 കോടി ലഭിച്ചെന്ന് കണ്ടെത്തിയത്. പ്രവാസി വ്യവസായി ഇബ്രാഹിം അഹമ്മദ് അലിയാണ് ട്രസ്റ്റ് ചെയര്‍മാന്‍. ഇദ്ദേഹമാണ് തുക ട്രസ്റ്റിനായി കൈപ്പറ്റിയിരിക്കുന്നത്. ഇതില്‍ നിയമ പ്രശ്‌നമുണ്ടെന്നാണ് കണ്ടെത്തല്‍. എഫ്സിആര്‍എ ലംഘനത്തിന് കേസെടുക്കുക സിബിഐ ആണ്. ആദ്യഘട്ടം കഴിഞ്ഞാല്‍ കേസ് ഇഡിയില്‍നിന്ന് സിബിഐക്ക് കൈമാറും.
ട്രസ്റ്റിലേക്ക് 2021 മുതല്‍ 2025 വരെ 220 കോടിരൂപ വിദേശസഹായമായി എത്തിയെന്നാണ് സൂചന. ഇഡി സംഘം സ്ഥാപനത്തിലും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. വിദേശസഹായം ലഭിക്കുന്നതിനുള്ള എഫ്സിആര്‍എ രജിസ്ട്രേഷന്‍ ട്രസ്റ്റിനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പക്കരാറോ പലിശനിരക്കിനെക്കുറിച്ച് വ്യക്തതയോ തിരിച്ചടവ് കാലാവധിയോ നിശ്ചയിച്ചതായുള്ള രേഖകളൊന്നും സ്ഥാപനത്തില്‍നിന്ന് കണ്ടെത്തിയിട്ടില്ല. ഇബ്രാഹിം അഹമ്മദ് അലിയില്‍നിന്ന് 2.49 കോടി രൂപ പണമായിത്തന്നെ ട്രസ്റ്റ് വാങ്ങിയതായി രേഖകളിലുണ്ട്. ഇത് വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ (ഫെമ) ലംഘനമാണ്. കാസര്‍ഗോഡ് പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുഞ്ഞഹമ്മദ് മുസ്ലിയാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് നിയമങ്ങള്‍ പാലിക്കാതെ കോടികളുടെ വിദേശ സംഭാവന സ്വീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ദുരൂഹമായ സാമ്പത്തികയിടപാടുകളുടെ നിര്‍ണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. പ്രവാസി മലയാളി ഇബ്രാഹിം അഹമ്മദ് അലി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിലെ അംഗങ്ങള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ്. 200 ഏക്കറിലേറെ വരുന്ന പ്രദേശത്താണ് ട്രസ്റ്റും ട്രസ്റ്റിന്റെ കീഴിലുള്ള കുനിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇഡി കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് പെരിയയിലെ ആസ്ഥാനത്തടക്കം റെയ്ഡ് നടന്നത്. 2021 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ട്രസ്റ്റിന് വിദേശഫണ്ടായി ലഭിച്ചത് 220 കോടി രൂപയാണ്. എന്‍ആര്‍ഐ കൂടിയായ ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയില്‍ നിന്നാണ് ട്രസ്റ്റിലേക്ക് ഈ തുക എത്തിയിട്ടുള്ളത്.
ഈടില്ലാത്ത വായ്പകളെന്ന പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഇടപാടുകള്‍. വായ്പകളെന്നാണ് പറയുന്നതെങ്കിലും വായ്പ കരാര്‍, പലിശ നിരക്ക്, തിരിച്ചടവിന്റെ രേഖകള്‍ ഒന്നും തന്നെ സ്ഥാപനത്തിന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഒരു തവണപോലും തിരിച്ചടവ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഇഡി കണ്ടെത്തി. ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദ് അലിയ്ക്ക് ഈ തുക (220 കോടി) ലഭിച്ചിട്ടുള്ളത് യുഎഇയിലെ യൂണിവേഴ്‌സല്‍ ലൂബ്രിക്കന്‍ഡ് എല്‍എല്‍സി എന്ന സ്ഥാപനത്തില്‍ നിന്നാണ്. നിയമപരമായാണ് ഫണ്ടുകള്‍ സ്വീകരിച്ചതെന്ന് തെളിയിക്കുന്ന ഒരു രേഖകള്‍ ഹാജരാക്കാനും ട്രസ്റ്റിന്റെ അധികാരികള്‍ക്ക് കഴിഞ്ഞില്ല.
വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിന് എഫ്സിആര്‍എ ബാങ്ക് അക്കൗണ്ടും അനിവാര്യമാണ്. ഇതൊന്നും ഇല്ലാതെയാണ് 220 കോടിയിലേറെ രൂപ ട്രസ്റ്റ് സ്വീകരിച്ചത്. ഇതിന് പുറമെ ഇത്തരത്തില്‍ ലഭിച്ച പണത്തിന്റെ വലിയ വിഹിതം കൃഷിഭൂമി വാങ്ങാനാണ് പ്രയോജനപ്പെടുത്തിയതെന്നും ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. ഇതും കടുത്ത നിയമലംഘനമാണ്. 1999 ലെ വിദേശ നാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനവും ഇഡി റെയ്ഡില്‍ കണ്ടെത്തി. പ്രവാസിയില്‍ നിന്ന് പണം നേരിട്ട് കൈപ്പറ്റാന്‍ നിയമം അനുവദിക്കുന്നില്ല.
പതിനാല് മണിക്കൂറിലേറെ നീണ്ട പരിശോധനയില്‍ 220 കോടി രൂപയുടെ ഈടില്ലാത്ത വായ്പകള്‍ വ്യക്തമാക്കുന്ന ലെഡ്ജര്‍ അക്കൗണ്ടുകള്‍, ട്രസ്റ്റിന്റെ ക്യാഷ് ബുക്ക്, സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം ഇഡി നടത്തുകയാണ്.