സുഹൃത്തുക്കളെ കാണാന്‍ വിമാനത്തില്‍ പോയ എഴുപതുകാരനായ പൈലറ്റും സ്ത്രീയും; ബാസ് കടലിടുക്കിന് മുകളില്‍ കാണാതായ ചെറുവിമാനത്തിന് വേണ്ടിയുളള തെരച്ചില്‍ ശക്തം

Update: 2025-08-04 06:12 GMT

ബാസ് കടലിടുക്കിന് മുകളില്‍ കാണാതായ ചെറുവിമാനത്തിന് വേണ്ടിയുളള തെരച്ചില്‍ ശക്തമാക്കി. വിമാനത്തില്‍ രണ്ട് യാത്രക്കാരാണ് ഉള്ളത്. എഴുപതുകാരനായ പൈലറ്റും ഒരു സ്ത്രീയുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിക്ടോറിയയിലെ ലിയോംഗാത്ത വഴി ന്യൂ സൗത്ത് വെയില്‍സിലെ കോണ്ടലോബിനിലുള്ള ഹില്‍സ്റ്റണ്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനം.

ടാസ്മാനിയയിലെ താമസക്കാരായ ഇരുവരും സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ വേണ്ടിയാണ് വിമാനത്തില്‍ യാത്ര പുറപ്പെട്ടത്. ടാസ്മാനിയക്ക് സമീപം ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതായി ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ ടാസ്മാനിയയിലെ ജോര്‍ജ്ജ് ടൗണില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകുന്നേരം 5 മണിക്ക് ശേഷവും, സെന്‍ട്രല്‍ വെസ്റ്റേണില്‍ എത്തേണ്ടതായിരുന്നു. വിമാനം കാണാതായതോടെ വലിയ തോതിലുള്ള ആശങ്ക ഉയര്‍ന്നിരുന്നു. വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് റേഡിയോ കോണ്‍ടാക്റ്റ് നല്‍കുകയോ മെയ്ഡേ അലേര്‍ട്ട് പുറപ്പെടുവിക്കുകയോ ചെയ്തിരുന്നില്ല. പൈലറ്റ് വളരെ പരിചയസമ്പന്നനാണെന്ന് ടാസ്മാനിയ പോലീസ് അധികൃതര്‍ വ്യക്തമാക്കി.

കാണാതായ വിമാനം ഈ പൈലറ്റ് അധികം പരിചയമുള്ള ഇനത്തില്‍ പെട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പറയപ്പെടുന്നു. വിമാനത്തിന്റെ ഇപ്പോഴത്തെ ഉടമയും പൈലറ്റും മൂന്നോ നാലോ മാസം മുമ്പാണ് വിമാനം വാങ്ങിയത്. ഈ സംഭവത്തിന് മുമ്പ് പൈലറ്റ് പല പ്രാവശ്യം ഈ വിമാനത്തില്‍ നിരവധി യാത്ര നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ രണ്ട് പേരും രക്ഷപ്പെട്ടിരിക്കാം എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ബാസ് കടലിടുക്കിലും തെക്കന്‍ വിക്ടോറിയയിലും ടാസ്മാനിയന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ജനങ്ങള്‍ അക്കാര്യം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് ജാക്കറ്റ് പോലെയുള്ള എന്തെങ്കിലും കണ്ടെത്തിയാലും അക്കാര്യം അടിയന്തരമായി അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെള്ളത്തില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ അവരെ രക്ഷപ്പെടുത്താന്‍ സഹായിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ടാസ്മാനിയയ്ക്കും മെയിന്‍ലാന്‍ഡിനും ഇടയില്‍ ബോട്ട് ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിമാനങ്ങളും ഹെലികോപ്ടറും ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്.

Tags:    

Similar News